India weather updates 06/11/24: കേരളത്തിലും തമിഴ്നാട്ടിലും മഴ തുടരും
കേരളത്തിലും തമിഴ്നാട്ടിലും ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. മധ്യകേരളത്തിലും, തെക്കൻ കേരളത്തിലുമാണ് കൂടുതൽ മഴ സാധ്യത. ചെന്നൈ ഉൾപ്പെടെ തമിഴ്നാട്ടിലെ തീരദേശ മേഖലകളിലും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചെന്നൈയിലും സമീപ പ്രദേശങ്ങളിലും കനത്ത മഴ തുടരുകയാണ്. തമിഴ്നാട്ടിലെ വിവിധ ജില്ലകളിൽ ഐഎംഡി യെല്ലോ അലർട്ട് പുറപ്പെടുവിച്ചു. അടുത്ത ഏഴ് ദിവസത്തേക്ക് മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് പ്രവചിക്കുന്നു.
IMD പ്രവചനമനുസരിച്ച്, നവംബർ 6 ന് ചെന്നൈയിൽ ഇടിമിന്നലിനൊപ്പം മിതമായ മഴയും ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പരമാവധി താപനില 33.4 മുതൽ 25.3 ഡിഗ്രി സെൽഷ്യസിനുമിടയിൽ ആയിരിക്കും. നഗരത്തിലെ ആപേക്ഷിക ആർദ്രത 65 നും 72 നും ഇടയിലായിരിക്കും. നഗരത്തിൽ ആഴ്‌ചയിലുടനീളം വ്യത്യസ്ത തീവ്രതയോടെ മഴ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
കേരളത്തിലും മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ്. ചക്രവാത ചുഴികളുടെ സ്വാധീന ഫലമായാണ് മഴ ലഭിക്കുക. മന്നാർ കടലിടുക്കിനും ശ്രീലങ്കയ്ക്കും മുകളിൽ ഒരു ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നുണ്ട്. തെക്കൻ ബംഗാൾ ഉൾക്കടലിന്‍റെ മധ്യഭാഗത്ത് മറ്റൊരു ചക്രവാതച്ചുഴിയും സ്ഥിതിചെയ്യുന്നുണ്ട്. മൂന്നാമത്തെ ചക്രവാത ച്ചുഴി തെക്കൻ അറബിക്കടലിന്‍റെ മധ്യഭാഗത്തായാണ്. കേരളത്തിൽ മഴക്കൊപ്പം ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.
മത്സ്യത്തൊഴിലാളി ജാഗ്രതാ നിർദേശം
06/11/2024: തെക്കൻ ബംഗാൾ ഉൾക്കടലിന്റെ മധ്യ വടക്കൻ ഭാഗങ്ങൾ, അതിനോട് ചേർന്ന മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
07/11/2024: തെക്ക് – പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന്റെ വടക്കൻ ഭാഗങ്ങൾ, അതിനോട് ചേർന്ന മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, വടക്കൻ തമിഴ്‌നാട് തീരം, തെക്കൻ ആന്ധ്ര പ്രദേശ് തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
08/11/2024: തെക്കൻ ആന്ധ്ര പ്രദേശ് തീരം, വടക്കൻ തമിഴ്‌നാട് തീരം, അതിനോട് ചേർന്ന തെക്ക് പടിഞ്ഞാറൻ-മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.