India weather 15/10/24: 4 ദിവസത്തിനകം കാലവർഷം വിട വാങ്ങും: നാളെ തുലാവർഷം എത്താൻ സാധ്യത
അറബി കടലിലെ ന്യൂനമർദം ഇന്ത്യൻ തീരത്ത് നിന്ന് അകന്ന് പോയതോടെ തെക്കുപടിഞ്ഞാറൻ മൺസൂൺ (കാലവർഷം) വിടവാങ്ങൽ പുരോഗമിക്കുന്നു. രാജ്യത്തിൻ്റെ പകുതി ഭാഗത്ത് നിന്ന് ഇതിനകം കാലവർഷം വിടവാങ്ങി. അടുത്ത 4 ദിവസത്തിനകം കാലവർഷം പൂർണമായി വിടവാങ്ങാനാണ് സാധ്യത.
വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നും കാലവർഷം വിടവാങ്ങി കഴിഞ്ഞു. മണിപ്പൂർ, മിസോറാം, ത്രിപുര, അരുണാചൽ പ്രദേശ്, മേഘാലയ, അസം തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്ന് കാലാവർഷം വിട വാങ്ങി. ബംഗാൾ ഉൾക്കടലിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും കാലവർഷക്കാറ്റ് വിടവാങ്ങി.
സാധാരണ ഒക്ടോബർ 15നാണ് കേരളത്തിലും കർണാടകയിലും കാലവർഷം വിടവാങ്ങുന്നത്. എന്നാൽ ഇപ്പോൾ മഹാരാഷ്ട്ര വരെ കാലവർഷക്കാറ്റ് ദൃശ്യമാണ്.
ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം തമിഴ്നാട് തീരത്തേക്ക് അടുക്കുമെങ്കിലും കാലവർഷത്തെ സ്വാധീനിക്കാൻ ഇടയില്ല. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം തീരത്തോട് അടുക്കുന്നതോറും വടക്കു കിഴക്കൻ മൺസൂൺ (തുലാവർഷക്കാറ്റ് ) തമിഴ്നാട്ടിലേക്ക് എത്തുകയാണ് ചെയ്യുക.
ഈ മാസം 16 ഓടുകൂടെ തുലാ വർഷകാറ്റ് അതിൻ്റെ ശരിയായ ദിശയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അറബിക്കടലിൽ കാലവർഷക്കാറ്റ് നിലവിൽ ദുർബലമായി കഴിഞ്ഞു. ന്യൂനമർദ്ദത്തിന്റെ സ്വാധീനം മൂലം കാറ്റ് അസ്ഥിരമാണ്.
ഒമാൻ ഭാഗത്തേക്ക് നീങ്ങിയ ന്യൂനമർദ്ദം ഇപ്പോൾ ഒമാനിലെ സലാലയിലേക്കോ, യമൻ ഭാഗത്തേക്കോ ആണ് ഇപ്പോൾ ലക്ഷ്യം വയ്ക്കുന്നത്. ഒമാനിന്റെ തീരപ്രദേശങ്ങളിൽ ഒറ്റപ്പെട്ട മഴക്ക് ഇത് കാരണമാകും.
നിലവിൽ തീവ്ര ന്യൂനമർദ്ദം ഒമാനിലെ മാസിറ ദ്വീപിൽ നിന്നും 550 കിലോമീറ്റർ അകലെയാണ്. സലാലയിൽ നിന്ന് 750 കിലോമീറ്റർ അകലെയാണ് സ്ഥിതി ചെയ്യുന്നത്. ഈ തീവ്ര ന്യൂനമർദ്ദത്തിൽ നിന്ന് തെക്കൻ കേരളം വഴി കന്യാകുമാരി കടലിലേക്ക് ഒരു ന്യൂനമർദ്ദ പാത്തി രൂപപ്പെട്ടിട്ടുണ്ട്. ഇന്നലെ മുതൽ ഈ ന്യൂനമർദ്ദ പാത്തി ദൃശ്യമാണ്.
ഇത് മൂലം കേരളത്തിൽ ഇന്നും തുടർന്നുള്ള ദിവസങ്ങളിലും മഴ തുടരാൻ സാധ്യത.
കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.
വാട്‌സ്ആപ്
ടെലഗ്രാം
വാട്‌സ്ആപ്പ് ചാനല്‍
Google News
Facebook Page
Weatherman Kerala Fb Page