കാലാവസ്ഥാ വ്യതിയാന പ്രകടന സൂചികയിൽ നില മെച്ചപ്പെടുത്തി ഇന്ത്യ
കാലാവസ്ഥ വ്യതിയാന പ്രകടന സൂചിക (CCPI) മെച്ചപ്പെടുത്തി ഇന്ത്യ. മുൻ വർഷത്തേക്കാൾ ഒരു സ്ഥാനം ഉയർത്തി ഏഴാം സ്ഥാനത്താണ് നിലവിൽ ഇന്ത്യ. കഴിഞ്ഞ വർഷത്തേതിന് സമാനമായി ആഗോള ഹരിതഗൃഹ വാതക (GHG) ബഹിർഗമനം, ഊർജ ഉപയോഗ വിഭാഗങ്ങളിൽ ഇന്ത്യയ്‌ക്ക് ഉയർന്ന റാങ്കിംഗ് ലഭിച്ചു. പുനരുപയോഗ ഊർജ മേഖലയിൽ ഇന്ത്യയുടെ മുന്നേറ്റം ഏറെ പ്രതീക്ഷ നൽകുന്നതാണെന്ന് റിപ്പോർട്ടിൽ പറയുന്നു.
പുനരുപയോഗ ഊർജം പ്രോത്സാഹിപ്പിക്കുന്നതിലും പുനരുപയോഗ ഊർജ ഘടകങ്ങളുടെ ആഭ്യന്തര ഉൽപ്പാദനത്തിന് സാമ്പത്തിക പിന്തുണ നൽകുന്നതിലും ഇന്ത്യയേറെ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

2014-ൽ 31-ാം റാങ്കിലായിരുന്ന ഇന്ത്യ കേവലം ഒൻപത് വർഷത്തിനിടെ ഏഴാം സ്ഥാനത്ത് എത്താൻ സാധിച്ചത് വൻ നേട്ടമാണ്. ഇന്ത്യ ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമാണെങ്കിലും, പ്രതിശീർഷ ബഹിർഗമനം താരതമ്യേന കുറവാണെന്ന് റിപ്പോർട്ടിൽ പറയുന്നു.
ഡെന്മാർക്ക്, എസ്റ്റോണിയ, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങളാണ് ഇന്ത്യയ്‌ക്ക് മുകളിലുള്ള മറ്റ് രാജ്യങ്ങൾ. നിലവിൽ ഏറ്റവുമധികം മാലിന്യം പുറന്തള്ളുന്ന രാജ്യമായ ചൈന 51-ാം സ്ഥാനത്താണ്. യുഎസ് 57-ാം സ്ഥാനവും യുഎഇ 65-ാം സ്ഥാനവും എണ്ണ ഉത്പാദക രാജ്യമായ സൗദി അറേബ്യയാണ് സിസിപിഐ റാങ്ക് ലിസ്റ്റിൽ അവസാനത്തെ രാജ്യം. അറുപത് രാജ്യങ്ങളുടെ പട്ടികയാണ് പുറത്തുവിട്ടത്.
