കേരളത്തിൽ കാലവർഷം മെയ് 31ന് എത്തുമെന്ന് കാലാവസ്ഥ വകുപ്പ്

കേരളത്തിൽ കാലവർഷം മെയ് 31ന് എത്തുമെന്ന് കാലാവസ്ഥ വകുപ്പ്

കേരളത്തില്‍ കാലവര്‍ഷം മെയ് 31 നെത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. നാലു ദിവസത്തെ മോഡല്‍ വ്യതിയാനം പ്രവചനത്തിന് ബാധകമാണ്. ഇന്നലെ രാത്രി 8.30 നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പത്രക്കുറിപ്പില്‍ ഇക്കാര്യം അറിയിച്ചത്.

നേരത്തെ കാലവര്‍ഷം ഞായറാഴ്ച (മെയ് 19 ന്) ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപിലെത്തുമെന്ന് കാലാവസ്ഥാ വകുപ്പ് പ്രഖ്യാപിച്ചിരുന്നു. കാലവര്‍ഷം ആദ്യമെത്തുന്ന ഇന്ത്യന്‍ ദ്വീപാണ് ആന്‍ഡമാന്‍ ദ്വീപുകള്‍. ഇവിടെ നിന്ന് 10 ദിവസമെങ്കിലും കഴിഞ്ഞാണ് ഇന്ത്യയുടെ കരഭാഗമായ കേരളത്തില്‍ എത്തുന്നത്. സാധാരണ ജൂണ്‍ 1 നാണ് കാലവര്‍ഷം എത്തേണ്ടത്.

ഇത്തവണ കാലവര്‍ഷം നേരത്തെ എത്തുമെന്ന് സ്വകാര്യ കാലാവസ്ഥാ ഏജന്‍സികളും പ്രവചിച്ചിരുന്നു.

2005 മുതലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മണ്‍സൂണ്‍ പ്രവചനം തുടങ്ങിയത്. നാലു ദിവസത്തെ മോഡല്‍ പ്രവചന വ്യതിയാനത്തോടെയാണ് പ്രവചനം നടത്തുക. രണ്ടാംഘട്ട മണ്‍സൂണ്‍ പ്രവചനത്തിലാണ് കാലാവസ്ഥാ വകുപ്പ് മണ്‍സൂണ്‍ എത്തുന്ന തിയതി പ്രഖ്യാപിക്കുക.

മെയ് അവസാന വാരം കൃത്യമായ തിയതി വീണ്ടും അറിയിക്കും. 2005 മുതല്‍ 2023 വരെ 19 വര്‍ഷങ്ങള്‍ കാലാവസ്ഥാ വകുപ്പ് മണ്‍സൂണ്‍ പ്രവചനം നടത്തിയിരുന്നു. ഇതില്‍ 2015 ല്‍ മാത്രമാണ് പ്രവചനം നടത്താതിരുന്നത്.

2019 ല്‍ ജൂണ്‍ ആറിന് കാലവര്‍ഷമെത്തുമെന്നായിരുന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിച്ചത്. അന്ന് ജൂണ്‍ എട്ടിനെത്തുമെന്ന് മെറ്റ്ബീറ്റ് വെതര്‍ പ്രവചിച്ചു. ജൂണ്‍ എട്ടിനാണ് ആ വര്‍ഷം കാലവര്‍ഷമെത്തിയത്.

2020 ല്‍ ജൂണ്‍ അഞ്ചിന് കാലവര്‍ഷമെത്തുമെന്ന് കാലാവസ്ഥാ വകുപ്പും ജൂണ്‍ നാലിനെത്തുമെന്ന് മെറ്റ്ബീറ്റും പ്രവചിച്ചെങ്കിലും ജൂണ്‍ 1 ന് തന്നെ കാലവര്‍ഷം എത്തിയതായി സ്ഥിരികരിച്ചു.

2021 ല്‍ മെയ് 31 ന് കാലവര്‍ഷം എത്തുമെന്നാണ് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചത് എന്നാല്‍ ജൂണ്‍ 3 നാണ് കാലവര്‍ഷം എത്തിയത്.

2022 ല്‍ മെയ് 27 ന് കാലവര്‍ഷം എത്തുമെന്നായിരുന്നു പ്രവചനം. എന്നാല്‍ മെയ് 29 ന് തന്നെ കാലവര്‍ഷം എത്തി.

2023 ല്‍ ജൂണ്‍ 4 ന് കാലവര്‍ഷമെത്തുമെന്ന് പ്രവചിച്ചെങ്കിലും ജൂണ്‍ 8 ന് വൈകിയാണ് എത്തിയത്.

കഴിഞ്ഞ മൂന്നു വര്‍ഷങ്ങള്‍ ലാനിന വര്‍ഷങ്ങളിലാണ് കാലവര്‍ഷം എത്തിയതെങ്കില്‍ ഇത്തവണ എല്‍നിനോയുടെ അവസാനമാണ് കാലവര്‍ഷം കേരളത്തിലെത്തുന്നത്.

ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ 30 വരെയാണ് കാലവര്‍ഷ സീസണ്‍. രാജ്യത്ത് കാലവര്‍ഷം ആദ്യമെത്തുന്നതും അവസാനം വിടവാങ്ങുന്നതും കേരളത്തില്‍ നിന്നാണ്. അതിനാല്‍ ഏറ്റവും കൂടുതല്‍ കാലവര്‍ഷം നീണ്ടു നില്‍ക്കുന്നതും കേരളത്തിലാണ്.

കേരളത്തില്‍ എത്തുന്ന കാലവര്‍ഷം വടക്കേ ഇന്ത്യയിലേക്ക് പതിയെ പുരോഗമിച്ച ശേഷമാണ് വിടവാങ്ങല്‍ നടത്തുക. ഈ വര്‍ഷം കേരളം ഉള്‍പ്പെടെ മിക്ക സംസ്ഥാനങ്ങളിലും സാധാരണയില്‍ കൂടുതല്‍ മഴയാണ് പ്രവചിക്കപ്പെടുന്നത്.

metbeat news

കാലാവസ്ഥാ അപ്ഡേറ്റുകൾക്ക്

FOLLOW US ON GOOGLE NEWS

Share this post

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.

Leave a Comment