കാർഷികമേഖലയ്ക്ക് കൈത്താങ്ങാകാൻ മൂന്നു ഉല്പന്നങ്ങൾ കൂടി പുറത്തിറക്കി ഐ.ഐ.എസ്.ആർ
മണ്ണിന്റെ അമ്ല-ക്ഷാര നില നിയന്ത്രിക്കുകയും, വിളകൾക്കാവശ്യമായ ജീവാണുവളങ്ങൾ ഒരുമിച്ച് ലഭ്യമാക്കാനും സഹായിക്കുന്ന മൂന്നു ഉത്പന്നങ്ങൾ പുറത്തിറക്കി ഭാരതീയ സുഗന്ധവിള ഗവേഷണ സ്ഥാപനം (ഐ.ഐ.എസ്.ആർ). കുമ്മായം അധിഷ്ഠിതമാക്കി ജീവാണുവളങ്ങൾ നിർമ്മിക്കാൻ ഗവേഷണ സ്ഥാപനം തന്നെ വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യയിലൂടെയാണ് ഈ ഉത്പന്നങ്ങളും വികസിപ്പിച്ചത്.
ബാക്ടോലൈം
ഗവേഷണ സ്ഥാപനത്തിന്റെ തന്നെ സങ്കേതികവിദ്യയിലൂടെ കുമ്മായവും ജീവാണുക്കളെയും സംയോജിപ്പിച്ച് വികസിപ്പിക്കുന്ന രണ്ടാമത്തെ ഉല്പന്നമാണ് ‘ബാക്ടോലൈം’. നേരത്തെ ഇതേരീതിയിൽ കുമ്മായത്തോടൊപ്പം സൂക്ഷ്മാണുക്കളെ സംയോജിപ്പിച്ചു ട്രൈക്കോലൈം എന്ന ഉത്പന്നം പുറത്തിറക്കിയിരുന്നു. അതിൽ മിത്രകുമിളായ ട്രൈക്കോഡെർമയാണ് ഉപയോഗിച്ചിരുന്നതെങ്കിൽ ബാക്ടോലൈമിൽ ചെടികൾക്കു ഉപകാരപ്രദമായ ബാക്ടീരിയകളെയാണ് കുമ്മായത്തോടൊപ്പം സംയോജിപ്പിച്ചിരിക്കുന്നത്. ഇതിലൂടെ ഒരേസമയം തന്നെ മണ്ണിന്റെ അമ്ലത നിയന്ത്രിക്കാനും ചെടികൾക്കു ഉപയോഗപ്രദമായ സ്യുഡോമോണസ്, ചെടിയുടെ വളർച്ചയെ സഹായിക്കുന്ന റൈസോബാക്ടീരിയ (പി.ജി.പി.ആർ) തുടങ്ങിയ മിത്ര സൂക്ഷ്മാണുക്കളെ ചെടികൾക്ക് ലഭ്യമാക്കാനും സാധിക്കും.
പരമ്പരാഗതരീതിയിൽ കുമ്മായപ്രയോഗത്തിനു ശേഷം രണ്ടാഴ്ചയ്ക്കു ശേഷം മാത്രമേ ഇത്തരം ജീവാണു പ്രയോഗം സാധ്യമാകുകയുള്ളൂ എന്നിടത്താണ് ബാക്ടോലൈമിന്റെ പ്രസക്തി. ഒറ്റ ഉത്പന്നത്തിലൂടെ ഇതുരണ്ടും സാധ്യമാകുന്നതുവഴി സമയ നഷ്ടവും, കൂലിനഷ്ടവും കർഷകർക്ക് ഒഴിവാക്കാം.
ബാക്ടോജിപ്സം & ട്രൈക്കോജിപ്സം
കേരളത്തിൽ അധികമില്ലെങ്കിലും ഇന്ത്യയിലുടനീളം ലവണാംശമുള്ള മണ്ണിന്റെ അളവ് വളരെ ഏറെയാണ്. ഇത്തരം ഇടങ്ങളിൽ ചെടികളുടെ വളർച്ച മുരടിക്കുകയോ ഉല്പാദനക്ഷമതയെ ബാധിക്കുകയോ ചെയ്യും . ജിപ്സം ഉപയോഗിച്ചാണ് ഇതിനെ സാധാരണയായി മറികടക്കുന്നത് . കുമ്മായം പ്രയോഗിക്കുന്ന അതെ രീതിയിലുള്ള ജിപ്സത്തിന്റെ പ്രയോഗം ലവണാംശവും സോഡിയത്തിന്റെ അളവും നിയന്ത്രിക്കുമെങ്കിലും മറ്റു ജീവാണുവളങ്ങൾ ഉടനടി നൽകാൻ സാധിക്കുകയില്ല. ഇതിനു പരിഹാരമായാണ് ജിപ്സം അടിസ്ഥാനമാക്കിയുള്ള രണ്ടു ജീവാണു മിശ്രിതങ്ങൾ ഐ.ഐ.എസ്.ആർ പുറത്തിറക്കുന്നത്.
ചെടികൾക്ക് ഉപയോഗപ്രദമായ ബാക്റ്റീരിയകളെ ജിപ്സത്തിനോടൊപ്പം സംയോജിപ്പിച്ചുള്ള ‘ബാക്ടോജിപ്സം’, മിത്രകുമിളുകളായ ട്രൈക്കോഡെർമ ജിപ്സവുമായി ചേർത്ത് ‘ട്രൈക്കോജിപ്സം’ എന്നിവയാണിവ. ഇവ രണ്ടും മണ്ണിലെ ലവണാംശം ക്രമീകരിക്കുന്നതിനോടൊപ്പം തന്നെ ഒരേസമയം ജീവാണുക്കളെയും ചെടികൾക്ക് അധികമായി നൽകുകയാണ് ചെയ്യുന്നത്. ഇതുവഴി ചെടികളുടെ വളർച്ച ത്വരിതപ്പെടാനും, ഉത്പാദനക്ഷമത വർധിക്കാനും സഹായകരമാകും. കർഷകരെ സംബന്ധിച്ച് ഒരു ഉത്പന്നത്തിലൂടെ തന്നെ രണ്ടു പ്രവർത്തികൾ സാധ്യമാകുന്നു എന്നതാണ് പ്രത്യേകത.
ഐ.ഐ.എസ്.ആർ ശാസ്ത്രജ്ഞരായ ഡോ. വി ശ്രീനിവാസൻ, ഡോ. ആർ പ്രവീണ, ഡയറക്ടർ ഡോ. ആർ ദിനേശ്, ഡോ. എസ്.ജെ.ഈപ്പൻ എന്നിവരടങ്ങുന്ന സംഘമാണ് ഇവ വികസിപ്പിച്ചത്.