സുഗന്ധവ്യഞ്ജന രുചി ശർക്കരയിൽ ചേർത്ത് ഐഐഎസ്ആർ
ശർക്കരയുടെ രൂപവും രുചിയും മാറ്റി മൂല്യവർധിത ഉല്പന്നമാക്കി വിപണിയിലിറക്കാൻ തയ്യാറെടുത്ത് കോഴിക്കോട് ഭാരതീയ സുഗന്ധവിള ഗവേഷണ സ്ഥാപനം (ഐസിഎആർ – ഐഐഎസ്‌ആർ). സ്‌പൈസ് ഇൻഫ്യൂസ്ഡ് ജാഗ്ഗറി ക്യൂബ്സ് (സുഗന്ധവ്യഞ്ജന രുചി ചേർത്ത ശർക്കര) എന്ന പുതിയ ഉല്പന്നം. ഇത് വികസിപ്പിച്ചത് ഗവേഷണ സ്ഥാപനത്തിലെ പോസ്റ്റ് ഹാർവെസ്റ്റ് ടെക്നോളജി വിഭാഗമാണ് .
വെറും ശർക്കരക്കു പകരമായി ഷുഗർ ക്യൂബ്സ് മാതൃകയിൽ ഏകീകൃത വലുപ്പത്തിലും തൂക്കത്തിലുമുള്ള ശർക്കരയുടെ കട്ടകൾ (ക്യൂബ്സ്) സുഗന്ധവ്യഞ്ജനങ്ങളുടെ സത്തു ചേർത്ത് തയ്യാറാക്കുകയാണ്.
ഇഞ്ചി, ഏലം, കുരുമുളക് എന്നിങ്ങനെ വിവിധങ്ങളായ സുഗന്ധവ്യഞ്ജനങ്ങളുടെ രുചിയിലും അതോടൊപ്പം പലതരത്തിലുള്ള ബ്ലെൻഡുകളായും ഇവ ലഭ്യമാക്കിയിട്ടുണ്ട്.
ഉപഭോഗവസ്തു എന്ന നിലയിൽ അന്താരാഷ്ട്ര വിപണിയിലുൾപ്പെടെ ശർക്കരക്ക് മികച്ച വിപണിയും ആവശ്യകതയുമാണ്. ഇത് മറയാക്കി മായം ചേർത്തുവരുന്ന ശർക്കരയുടെ സാന്നിധ്യവും വിപണിയിലുടനീളം കാണപ്പെടുന്നുണ്ട്. ഇതിനുകൂടെയുള്ള പ്രതിവിധിയാണ് ഗവേഷണ സ്ഥാപനത്തിന്റെ ഉത്പന്നം. ഉപയോഗിക്കാൻ തീർത്തും സൗകര്യപ്രദമായ രീതിയിൽ 4 ഗ്രാം വരുന്ന ക്യൂബുകളായാണ് ഇവ പുറത്തിറക്കുന്നത്. ഇവയുടെ നിർമ്മാണം ഭൗമസൂചിക പദവിയുള്ള മറയൂർ ശർക്കര ഉപയോഗിച്ചാണ് . ചൂടുവെള്ളത്തിലോ, ചായ, കാപ്പി പോലുള്ള പാനീയങ്ങളിലോ ഉപയോഗിക്കുമ്പോൾ 150 ml വരുന്ന ഒരു ഗ്ലാസിന് മൂന്നു ക്യൂബ് എന്ന അളവിൽ ഉപയോഗിക്കാൻ തക്കവണ്ണമാണ് ഇത് തയ്യാറാക്കിയിട്ടുള്ളത്. ഗവേഷണ സ്ഥാപനം ഇതിനായി ഉപയോഗിക്കുന്നത് സുഗന്ധവ്യഞ്ജനങ്ങളുടെ സത്താണ്. അതുകൊണ്ടുതന്നെ ശർക്കരയിലടങ്ങിയിട്ടുള്ള സുഗന്ധവ്യഞ്ജനത്തിന്റെ നൂറു ശതമാനവും തയ്യാറാക്കുന്ന പാനീയത്തിൽ ലയിച്ചു ചേരുന്നവയാണ്. മറിച്ച് പൊടികൾ ചേർത്താണ് നിർമാണമെങ്കിൽ ഇതിന്റെ തോത് 40 മുതൽ 60 ശതമാനത്തോളം മാത്രമേ വരൂ. ജലാംശവും തീരെ കുറവുള്ള ഇവ കേടുകൂടാതെ എട്ടു മാസത്തോളം അന്തരീക്ഷതാപനിലയിൽ സൂക്ഷിച്ചു വയ്ക്കാൻ സാധിക്കും.
പഞ്ചസാരക്കു പകരമായി ആരോഗ്യപ്രദമായ ഒരു മാതൃകയായി ഈ ഉല്പന്നത്തിനെ ഉപയോഗിക്കാം. സുഗന്ധവ്യഞ്ജനരുചിയോടെ തീർത്തും സൗകര്യപ്രദമായ രീതിയിൽ ഉപയോഗിക്കാനാവുന്ന ശർക്കരയുടെ ക്യൂബുകൾക്ക് വിദേശത്തുൾപ്പെടെ മികച്ച വിപണി കണ്ടെത്താൻ സാധിക്കുമെന്ന് ഗവേഷണ സ്ഥാപന ഡയറക്ടർ ഡോ.ആർ ദിനേശ് പറയുന്നു.
ഗവേഷണ സ്ഥാപനത്തിലെ ശാസ്ത്രജ്ഞ ഡോ. ഇ. ജയശ്രീ, ഗവേഷക വിദ്യാർത്ഥി മീര മോഹൻ, ശാസ്ത്രജ്ഞരായ ഡോ. അൽഫിയ പി വി, ഡോ. അനീസ് കെ , ഡോ. പി രാജീവ്, ഡോ. സി ശാരതാംബാൾ എന്നിവരടങ്ങിയ സംഘമാണ് ഇതിന്റെ ഉല്പാദനത്തിൽ പ്രവർത്തിച്ചിരുന്നത്.
ഈയിടെ സുഗന്ധവിള ഗവേഷണ സ്ഥാപനത്തിൽ നടന്ന ചടങ്ങിൽ കൃഷിമന്ത്രി പി പ്രസാദ് ഈ ഉൽപ്പന്നത്തിന്റെ വാണിജ്യോൽപ്പാദനത്തിനുള്ള ലൈസൻസ് തൃശൂരുള്ള സിഗ്നേച്ചർ ഫുഡ്സ് എന്ന സ്ഥാപനത്തിന് കൈമാറുകയും ചെയ്തു. ഈ ഉൽപ്പന്നത്തിന്റെ പേറ്റന്റിനും ഗവേഷണ സ്ഥാപനം അപേക്ഷിച്ചിട്ടുണ്ട്.