കാപ്പിയും തേയിലയും വിളയുന്ന ഇടുക്കി ഇങ്ങ് കേരളത്തിൽ മാത്രമല്ല അങ്ങ് ഓസ്ട്രേലിയയിലും ഉണ്ട്. കേരളത്തിലെ കാലാവസ്ഥയ്ക്ക് സമാനമായ പല പ്രദേശങ്ങളും ഓസ്ട്രേലിയയിൽ ഉണ്ട്. അതുകൊണ്ടുതന്നെ മലയാളികളിൽ മിക്കവരും വിദേശരാജ്യങ്ങൾ തിരഞ്ഞെടുക്കുമ്പോൾ ഓസ്ട്രേലിയക്ക് ചേക്കേറുന്നതിന് ഒരു കാരണം കൂടിയാണിത്.
ഓസ്ട്രേലിയയിലെ കൃഷിയിടങ്ങളും കാഴ്ചകളും കാണാൻ ഏറെയുണ്ടെന്ന് പറഞ്ഞ് കൃഷി കൗതുക കാഴ്ചകൾ പങ്കുവെച്ചിരിക്കുകയാണ് റോക്ക്സ് ആൻഡ് ഫോക്ക്സ് എന്ന ചാനൽ.
കേരളത്തിലെ മൂന്നാറിനെ അനുസ്മരിപ്പിക്കും വിധത്തിൽ കൃത്യമായ അടുക്കും ചിട്ടയോടും കൂടിത്തന്നെയാണ് തേയിലത്തോട്ടം. നോർത്ത് ക്വീൻസ്‌ലൻഡിലെ പ്രധാന തേയില പ്ലാന്റേഷനുകളിലൊന്നാണ് ന്യൂസിഫോറ ടീ എസ്റ്റേറ്റ്. തോട്ടത്തിനു പുറത്ത് വഴിവക്കിൽ ആവശ്യക്കാർക്ക് തേയില വാങ്ങുന്നതിനുള്ള വ്യാപാരിയില്ലാത്ത തേയിലക്കടയുമുണ്ട്. ന്യൂസിഫോറ ബ്രാൻഡിൽ ചെറു പാക്കറ്റിലാക്കിയ തേയിലപ്പൊടി ആവശ്യാനുസരണം എടുക്കാം.
ഒരു പാക്കറ്റിന് അഞ്ചു ഡോളറാണ് വില. അത് സമീപത്തുവച്ചിരിക്കുന്ന പെട്ടിയിൽ നിക്ഷേപിക്കണം. തേയിലപ്പാക്കറ്റിന് സുരക്ഷയൊരുക്കാൻ സെക്യൂരിറ്റിയോ കാമറയോ ഒന്നുമില്ല. ഫാമുകളിൽ ഉൽപാദിപ്പിക്കുന്ന കാർഷികോൽപന്നങ്ങൾ വഴിവക്കിൽ വിൽക്കുന്നത് ഇവിടെ സ്ഥിരമായുള്ള വിൽപനരീതിയാണ്. ആവശ്യമുള്ളത് എടുക്കുക,അതിനുള്ള വില നൽകുക. ഓരോ ഉൽപന്നത്തിന്റെയും വില പ്രത്യേകം സ്റ്റിക്കറിൽ രേഖപ്പെടുത്തിയിട്ടുണ്ടാകും.
കാപ്പിയും ഓസ്ട്രേലിയയിൽ വിളയുന്നു
കാപ്പിക്കൃഷിക്കും പ്രാധാന്യമുണ്ട് ഓസ്ട്രേലിയയിൽ. വരിവരിയായാണ് കാപ്പിത്തൈകൾ നട്ടിരിക്കുന്നത്. രണ്ടുവരികൾ തമ്മിൽ 10 അടിയോളം അകലമുണ്ട്. ട്രാക്ടറിൽ വളവും മറ്റും എത്തിക്കുന്നതിനു മാത്രമല്ല വിളവെടുപ്പ് സുഗമമാക്കാനുംകൂടിയാണ് ഇത്രയേറെ ഇടയകലം നൽകിയിരിക്കുന്നത്. കാപ്പിക്ക് ഇടവിളയായി പപ്പായയുമുണ്ട് ഇവിടെ.