കാര്‍ഗോ കപ്പല്‍ മുക്കി ഒളിവര്‍ ചുഴലിക്കാറ്റ്; 4 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 14 പേരെ കാണാതായി
ഇറ്റാലിയന്‍ – ബാള്‍ക്കാന്‍ ഉപദ്വീപുകള്‍ക്കിടയിലുള്ള അഡ്രിയാറ്റിക് കടലില്‍ കാര്‍ഗോ കപ്പല്‍ തകര്‍ന്ന് നാലു ഇന്ത്യക്കാരടക്കം 14 നാവികരെ കാണാതായി. ഗ്രീക്ക് തീരത്തിനടുത്തുള്ള ലെസ്‌ബോസ് ദ്വീപിനടുത്താണ് കിഴക്കനാഫ്രിക്കന്‍ രാജ്യമായ കൊമോറോസിന്റെ പതാകയുള്ള കാര്‍ഗോ കപ്പല്‍ അപകടത്തില്‍പ്പെട്ടത്.
ഞായറാഴ്ച രാവിലെ പ്രാദേശിക സമയം 8.30 മുതലാണ് കപ്പല്‍ റഡാറില്‍ നിന്ന് അപ്രത്യക്ഷമായത്. ഒളിവര്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് കടലിലുണ്ടായ അതിശക്തമായ കാറ്റാണ് കപ്പലിനെ മുക്കിയത്. ഏറെ അപകടകരമായ കാലാവസ്ഥയാണ് കടലിലുണ്ടാകുകയെന്നും അതിശക്തമായ കാറ്റുണ്ടാകുമെന്നും ശനിയാഴ്ച ഹെലിനിക് നാഷനല്‍ മീറ്റിയോറോളജിക്കല്‍ സര്‍വിസ് Hellenic National Meteorological Service (EMY) മുന്നറിയിപ്പ് നല്‍കിയിരുന്നു. ആന്‍ഡ്രിയാക് കടലില്‍ നിന്ന് ഗ്രീസിനെ ലക്ഷ്യമാക്കി നീങ്ങുന്ന ഒളിവര്‍ ചുഴലിക്കാറ്റാണ് കപ്പലിനെ മുക്കിയത്.
നാലു ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 14 നാവികരായിരുന്നു കപ്പലിലുണ്ടായിരുന്നത്. കപ്പല്‍ ജീവനക്കാരെ കാണാതായെന്നും ഇവര്‍ക്കായി തെരച്ചില്‍ തുടരുന്നുണ്ടെന്നും ദേശീയ ടെലിവിഷനായ ഇ.ആര്‍.ടി റിപ്പോര്‍ട്ട് ചെയ്തു.
മൂന്നു തീരസംരക്ഷണ സേനാ കപ്പലുകളും അഞ്ച് കാര്‍ഗോ കപ്പലുകളും വ്യോമ, നാവികസേനാ ഹെലികോപ്ടറുകളും തെരച്ചില്‍ പങ്കെടുക്കുന്നു.
ഞായറാഴ്ച ലെസ്‌ബോസിനു തെക്കുപടിഞ്ഞാറ് 4.5 നോട്ടിക്കല്‍ മൈല്‍ അകലെയാണ് അപകടമെന്ന് തീരസംരക്ഷണ സേന പറഞ്ഞു. കപ്പല്‍ ജീവനക്കാരില്‍ നാലു പേര്‍ ഇന്ത്യക്കാരും രണ്ടു പേര്‍ സിറിയക്കാരും എട്ടുപേര്‍ ഈജിപ്തുകാരുമാണ്. ഈജിപ്തിലെ ദെഖേലിയയില്‍ നിന്ന് ഇസ്താംബൂളിലേക്ക് ഉപ്പു കയറ്റി പോകുകയായിരുന്നു കപ്പല്‍.
ഡാനിയലിനു പിന്നാലെ ഗ്രീസിന് ഭീഷണിയായി ഒളിവറും
മധ്യ ഗ്രീസില്‍ സെപ്റ്റംബറില്‍ ഡാനിയല്‍ ചുഴലിക്കാറ്റ് കനത്ത നാശംവിതച്ചിരുന്നു. പതിനായിരത്തോളം വളര്‍ത്തു മൃഗങ്ങളെയാണ് ചുഴലിക്കാറ്റ് കൊന്നൊടുക്കിയത്. ഗ്രീസിന്റെ കാര്‍ഷിക മേഖലയെയും ഡാനിയല്‍ ചുഴലിക്കാറ്റ് തകര്‍ത്തു. ഒളിവര്‍ ചുഴലിക്കാറ്റും ഗ്രീസിനെ ലക്ഷ്യമാക്കിയാണ് നീങ്ങുന്നതെന്ന് ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്.