കേരളത്തിലെ മഴ ഇനി എങ്ങനെ, ഉത്തരേന്ത്യയില്‍ കനത്ത മഴ
കേരളത്തില്‍ പത്തു ദിവസത്തോളമായി സജീവമായ കാലവര്‍ഷം വീണ്ടും കുറയുന്നു. ഈ ആഴ്ചയോടെ കാലവര്‍ഷം കുറയുമെന്നാണ് ഞങ്ങളുടെ നിരീക്ഷകര്‍ പറയുന്നത്. ദക്ഷിണേന്ത്യയില്‍ മഴ കുറയുകയും ഉത്തരേന്ത്യയില്‍ മഴ കൂടുകയും ചെയ്യും. എന്നാല്‍ കേരളത്തില്‍ ഉള്‍പ്പെടെ വരണ്ട കാലാവസ്ഥയല്ല പ്രവചിക്കുന്നത്.
ജൂണ്‍ ആദ്യ, രണ്ടാം പകുതികളില്‍ നിര്‍ജീവമായിരുന്ന കാലവര്‍ഷം സജീവമായത് ജൂണ്‍ 20 ന് ശേഷമാണ്. സൊമാലിയന്‍ ജെറ്റ് പ്രതിഭാസമാണ് ഇതിനു കാരണം. ജൂണ്‍ 21 ഓടെ അറബിക്കടലില്‍ സജീവമായ സൊമാലിയന്‍ ജെറ്റ് കേരള തീരത്തേക്ക് 48 മണിക്കൂര്‍ വൈകിയാണ് എത്തിയത്.
നേരത്തെ മെറ്റ്ബീറ്റ് ഉള്‍പ്പെടെ ജൂണ്‍ 21 മുതല്‍ കേരളത്തില്‍ സൊമാലിയന്‍ ജെറ്റ് പ്രതിഭാസത്തിന്റെ ഭാഗമായി മഴ ലഭിക്കുമെന്ന് പ്രവചിച്ചെങ്കിലും ശക്തമായ മഴയെക്കാന്‍ 36 മണിക്കൂറോളം വൈകി. തുടര്‍ന്ന് കേരളത്തില്‍ പരക്കെ കനത്ത മഴ നല്‍കിയ ശേഷം കഴിഞ്ഞ ദിവസമാണ് സൊമാലിയന്‍ ജെറ്റിന്റെ ശക്തി കേരള തീരത്ത് ക്ഷയിച്ചത്.
ഇതോടെ 48 ശതമാനം മഴക്കുറവുണ്ടായിരുന്ന കേരളത്തില്‍ ജൂണ്‍ 30 ന് കാലവര്‍ഷം ഒരു മാസം പിന്നിടുമ്പോള്‍ മഴക്കുറവ് 25 ശതമാനത്തിലേക്ക് കുറഞ്ഞു. സൊമാലിയന്‍ ജെറ്റിനൊപ്പം കേരള – മഹാരാഷ്ട്ര തീരത്ത് സജീവമായ ന്യൂനമര്‍ദ പാത്തിയും മഴക്കുറവ് കുറയ്ക്കാന്‍ സഹായിച്ചു.
കേരള തീരത്ത് ഒരാഴ്ചയോളം മണ്‍സൂണ്‍ ന്യൂനമര്‍ദ പാത്തിയും ജെറ്റ് സ്ട്രീമും നിലകൊണ്ടതാണ് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് മഴക്കുറവിനെ 25 ശതമാനത്തിലെത്തിച്ചത്. കഴിഞ്ഞ വര്‍ഷം മഴക്കുറവ് 60 ശതമാനമായിരുന്നു.
കേരള തീരത്ത് ജെറ്റ്‌സ്ട്രീം ദുര്‍ബലമായെങ്കിലും ന്യൂനമര്‍ദ പാത്തി വീണ്ടും സജീവമായതും ബംഗാള്‍ ഉള്‍ക്കടലില്‍ ഒഡിഷ തീരത്തായി രൂപം കൊണ്ട ന്യൂനമര്‍ദവും ഗുജറാത്തില്‍ കച്ചിനോട് ചേര്‍ന്ന് രൂപം കൊണ്ട ചക്രവാതച്ചുഴിയുമെല്ലാം അറബിക്കടലിലെ മേഘങ്ങളെ കേരളത്തില്‍ എത്തിച്ചു മഴ നല്‍കി.
ഇതാണ് ജെറ്റ്‌സ്ട്രീം ദുര്‍ബലമായ ശേഷവും കേരളത്തില്‍ മഴയെ സജീവമാക്കി നിര്‍ത്തിയത്. ഇതേസമയം ഉത്തരേന്ത്യയില്‍ കാലവര്‍ഷം പരക്കെ വ്യാപിക്കുകയും കനത്ത മഴയില്‍ ഡല്‍ഹി, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് ഉള്‍പ്പെടെ പ്രളയവും നാശനഷ്ടവും ഉണ്ടാകുകയും ചെയ്തു.
ഏറ്റവും പുതിയ നിരീക്ഷണം അനുസരിച്ച് ഇപ്പോഴത്തെ അന്തരീക്ഷസ്ഥിതിയില്‍ അടുത്ത ദിവസങ്ങളില്‍ മാറ്റം വരും. മഴയുടെ ഇടവേളകള്‍ കൂടും. പൂര്‍ണമായും മഴ വിട്ടുനില്‍ക്കില്ല. ഒറ്റപ്പെട്ട ശക്തമായതോ ഇടത്തരം മഴയോ പ്രാദേശിക അടിസ്ഥാനത്തില്‍ പെയ്യും. ജൂലൈ ആദ്യവാരം മഴ കുറയുമെന്ന് നേരത്തെ പ്രവചനമുണ്ടായിരുന്നു. മണ്‍സൂണ്‍ ബ്രേക്ക് പോലുള്ള സാഹചര്യത്തിന് സമാനമായ സ്ഥിതി ജൂലൈ ആദ്യവാരത്തിന്റെ അവസാനവും രണ്ടാം വാരവുമായി ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍.
കേരളത്തിലും തീരദേശ കര്‍ണാടകയിലും ജൂലൈ ആദ്യവാരം മഴ കുറയും. ഈ മേഖലകളില്‍ ഇപ്പോള്‍ മഴക്കുറവുണ്ട്. ജൂലൈ 5 മുതല്‍ മഴയുടെ അളവില്‍ വീണ്ടും കുറവുണ്ടാകാനാണ് സാധ്യത. പ്രതിദിന ശരാശരി മഴ പോലും ഈ ദിവസങ്ങളില്‍ കേരളത്തിലും തീരദേശ കര്‍ണാടകയിലും ലഭിക്കാന്‍ സാധ്യതയില്ല.
രണ്ടാം വാരത്തില്‍ മഴയെത്താനുള്ള സാധ്യതയും ചില മോഡലുകള്‍ കാണിക്കുന്നുണ്ട. ബംഗാള്‍ ഉള്‍ക്കടലിലെ സിസ്റ്റങ്ങളുടെ പുരോഗതിക്കനുസരിച്ചേ ഇക്കാര്യത്തില്‍ വ്യക്തത നല്‍കാന്‍ കഴിയൂ. കേരളത്തില്‍ മഴ കുറയുമെങ്കിലും ദുര്‍ബലമായ കാലവര്‍ഷക്കാറ്റ് തമിഴ്‌നാട്ടില്‍ ഇടിയോടെ മഴ നല്‍കും.
കിഴക്കന്‍ കാറ്റിന് ഈയിടെ സാധാരണ സീസണില്‍ കാണുന്നതിനേക്കാള്‍ ശക്തിയുണ്ട്. കാലവര്‍ഷക്കാറ്റ് ദുര്‍ബലമാകുന്നതിന് അനുസരിച്ച് ഇടിയോടെ മഴ ലഭിക്കുന്നതിന് കാരണം ഇതാണ്. തമിഴ്‌നാട്ടില്‍ ഈ ആഴ്ചയും അടുത്തയാഴ്ചയും മഴ ഒറ്റപ്പെട്ട ഇടങ്ങളില്‍ പ്രതീക്ഷിക്കുന്നു.
അതേസമയം, ഉത്തരേന്ത്യയില്‍ ജെറ്റ് സ്ട്രീം ഉള്‍പ്പെടെയുള്ള പ്രതിഭാസം ഏതാനും ദിവസങ്ങള്‍ കൂടി സജീവമായി തുടരും. ഇതോടെ അവിടത്തെ പ്രളയ സ്ഥിതി കൂടുതല്‍ സങ്കീര്‍ണമായേക്കും. ജെറ്റ് സ്ട്രീം ഏതാനും ദിവസത്തിനകം ശക്തി കുറയുമെന്നാണ് പ്രതീക്ഷ. ഇതിനുള്ളില്‍ ഉത്തരേന്ത്യയിലും പാകിസ്ഥാനിലും പ്രളയത്തിന് കാലവര്‍ഷം കാരണമായേക്കും.
ഇന്ത്യയുടെ മധ്യമേഖല, വടക്കന്‍ ഭാഗം, കിഴക്കന്‍ മേഖല എന്നിവിടങ്ങളില്‍ ഇനിയുള്ള ഒരാഴ്ച മഴ സജീവമാണ്. അതിനാല്‍ ആ പ്രദേശങ്ങളിലേക്ക് യാത്രയും തീര്‍ഥാടനവും ഉദ്ദേശിക്കുന്നവര്‍ കാലാവസ്ഥാ പ്രവചനം മനസിലാക്കി മാത്രം യാത്ര പ്ലാന്‍ ചെയ്യുക.
കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.