മഴ: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; വീണ്ടും മിന്നൽ ചുഴലി
തൃശൂരിൽ വീണ്ടും മിന്നൽ ചുഴലി ഉണ്ടായി. ചെന്ത്രാപ്പിന്നി ചാമക്കാലയിലും എളവള്ളിയിലും ആണ് മിന്നൽ ചുഴലി ഉണ്ടായത്. മൂന്ന് വീടുകൾ ഭാഗീകമായി തകർന്നിട്ടുണ്ട്. മരങ്ങൾ വീണ് വൈദ്യുതി ലൈനുകൾ പൊട്ടി. ഇന്ന് ഉച്ചയോടെയുണ്ടായ മിന്നൽ ചുഴലിയിൽ നിരവധി മരങ്ങൾ കടപുഴകി വീഴുകയും ചെയ്തു.
വൈകീട്ട് മൂന്നരയോടെയാണ് ചാമക്കാലയിൽ ചുഴലികാറ്റ് വീശിയത്. സെക്കന്റുകൾ മാത്രമാണ് ചുഴലി ഉണ്ടായത്. പള്ളത്ത് ക്ഷേത്രത്തിനടുത്ത് തൊട്ടടുത്ത പറമ്പിലെ തേക്ക് മരം കടപുഴകി വീണ് സമീപത്തുണ്ടായിരുന്ന വീട് ഭാഗികമായി തകർന്നിട്ടുണ്ട്. എടവഴിപ്പുറത്ത് വീട്ടിൽ മുത്തുവിന്റെ ഓടിട്ട വീടിന് മുകളിലേക്കാണ് മരം വീണത്. വീട്ടുകാർ തലനാരിഴയ്ക്ക് രക്ഷപെടുകയായിരുന്നു .
അതേസമയം, എറണാകുളം മറ്റൂർ-നെടുമ്പാശേരി വിമാനത്താവള റോഡിൽ നിന്ന മരം ശക്തമായ കാറ്റിൽ വീണു. വിമാനത്താവളത്തിലേക്ക് പോയ കാറിന് മുകളിലേക്ക് ആണ് മരം വീണത്. ആർക്കും പരുക്കേറ്റിട്ടില്ല.
അഞ്ച് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് അഞ്ച് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി. ജില്ല കളക്ടര്‍മാര്‍ ആണ് ഉത്തരവിറക്കിയത്. കണ്ണൂര്‍, കോഴിക്കോട്, കാസര്‍ഗോഡ് തൃശൂര്‍, മലപ്പുറം ജില്ലകളിൽ ആണ് അവധി.
കണ്ണൂർ
മഴ, ശക്തമായ കാറ്റ് എന്നിവ തുടരുന്ന സാഹചര്യത്തില്‍ കണ്ണൂര്‍ ജില്ലയിലെ അങ്കണവാടികള്‍, പ്രൊഫഷണല്‍ കോളജുകള്‍ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കള്‍ (ജൂലൈ 15) ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിചിരിക്കുന്നു. മുന്‍ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകള്‍, യൂണിവേഴ്‌സിറ്റി പരീക്ഷകള്‍ എന്നിവയ്ക്ക് മാറ്റം ഇല്ല.
തൃശൂർ
പ്രിയപ്പെട്ട കുട്ടികളെ, ജില്ലയില്‍ ഇന്നും നാളെയും ശക്തമായ കാറ്റും മഴയും ആയതിനാല്‍ പ്രൊഫഷണല്‍ കോളേജുകള്‍ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിക്കുകയാണ്. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമില്ല.
കാസര്‍കോഡ്
റെഡ് അലേര്‍ട്ട് സാഹചര്യത്തില്‍ കാസര്‍ക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. ജില്ലയിലെ സ്റ്റേറ്റ് , സി ബി എസ് ഇ, ഐ സി എസ് സി സ്‌കൂളുകള്‍ കേന്ദ്രീയ വിദ്യാലയങ്ങള്‍, അങ്കണവാടികള്‍, മദ്രസകള്‍ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധിയായിരിക്കും. കോളേജുകള്‍ക്ക് അവധി ബാധകമല്ല.
മലപ്പുറം
റെഡ് അലര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധിയായിരിക്കും. മലപ്പുറം ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ വി ആര്‍ വിനോദാണ് അവധി പ്രഖ്യാപിച്ചത്. മുന്‍ നിശ്ചയ പ്രകാരമുള്ള പരീക്ഷകള്‍ക്ക് മാറ്റമില്ല.
കോഴിക്കോട്
കോഴിക്കോട് ജില്ലയില്‍ കഴിഞ്ഞ ദിവസങ്ങളിലും ഇന്നുമായി തീവ്ര മഴയുള്ളതിനാലും നാളെയും ശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തിലും കോഴിക്കോട് ജില്ലയിലെ പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ (15-07-2024) ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. ജില്ലയിലെ അങ്കണവാടികള്‍ക്കും അവധി ബാധകമാണ്. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമുണ്ടാവില്ല.
എറണാകുളം ജില്ലയിൽ കൂടെ കളക്ടർ അവധി പ്രഖ്യാപിച്ചു. ഇതോടെ നാളെ കേരളത്തിലെ ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയാണ്.
എറണാകുളം ജില്ലയിലെ അറിയിപ്പ്
ശക്തമായ മഴയും കാറ്റും കണക്കിലെടുത്ത് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ എറണാകുളം ജില്ലയിലെ അങ്കണവാടികൾ, പ്രൊഫഷണൽ കോളജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കൾ (ജൂലൈ 15) ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. മുൻ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകൾ, യൂണിവേഴ്സിറ്റി പരീക്ഷകൾ എന്നിവയ്ക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ല.
updated on 10:00pm
കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.