ചരിത്രം കുറിച്ച് ‘ഒഡീസിയസ് ‘; ചന്ദ്രോപരിതലത്തിലെ കാലാവസ്ഥ, അന്തരീക്ഷം തുടങ്ങിയവ സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കും
ചന്ദ്രനിലിറങ്ങുന്ന ആദ്യ സ്വകാര്യ ലാൻഡറായി ‘ഒഡീസിയസ്’ ചരിത്രം കുറിച്ചു. ഇൻട്യൂട്ടീവ് മെഷീൻസ് എന്ന യുഎസ് കമ്പനിയുടെ ദൗത്യം ഇന്ത്യൻ സമയം ഇന്നലെ പുലർച്ചെ 4.53നാണ് ചന്ദ്രനിൽ ദക്ഷിണധ്രുവത്തിനു സമീപമിറങ്ങിയത്.
ഇനിയുള്ള 7 ദിവസം ചന്ദ്രനിൽ പകലാണ്. സൗരോർജ പാനലുകൾ പ്രവർത്തിപ്പിക്കാനാകുന്ന ഈ ദിവസങ്ങളിൽ ചന്ദ്രോപരിതലത്തിലെ കാലാവസ്ഥ, അന്തരീക്ഷം തുടങ്ങിയവ സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കുകയാണ് ഒഡീസിയസിന്റെ ലക്ഷ്യം. 2026 ലെ നാസയുടെ ആർട്ടിമിസ് ചന്ദ്രയാത്രാ പദ്ധതിക്കുള്ള വിവരങ്ങൾ ശേഖരിക്കാൻ വേണ്ടി മാത്രം ഈ ദൗത്യത്തിൽ 6 പേലോഡുകളുണ്ട്. ഇലോൺ മസ്കിന്റെ കമ്പനിയായ സ്പേസ് എക്സിന്റെ ‘ഫാൽക്കൺ 9’ റോക്കറ്റിലാണ് ഈ മാസം 15ന് ഒഡീസിയസ് വിക്ഷേപിച്ചത്.
ലാന്‍ഡറില്‍ നിന്ന് ലഭിക്കുന്ന സിഗ്‌നലുകള്‍ തുടക്കത്തില്‍ ദുര്‍ബലമായിരുന്നെന്ന് ഇന്‍ട്യൂട്ടീവ് മെഷീന്‍സിന്റെ ചീഫ് ടെക്‌നോളജി ഓഫീസര്‍ ടിം ക്രെയ്ന്‍ പറഞ്ഞു. പിന്നീട് ലാന്‍ഡറുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിച്ചെന്നും ഒഡീസിയസ് ഡേറ്റ അയയ്ക്കാന്‍ തുടങ്ങിയതായും ഇന്‍ട്യൂട്ടീവ് മെഷീന്‍സ് പ്രസ്താവനയില്‍ അറിയിച്ചു. ചാന്ദ്രപ്രതലത്തില്‍ നിന്നുള്ള ആദ്യ ചിത്രം ഡൗണ്‍ലിങ്ക് ചെയ്യാനുള്ള ശ്രമത്തിലാണ് എന്നും പ്രസ്താവനയില്‍ പറയുന്നു.
അരനൂറ്റാണ്ടിന് ശേഷമാണ് യുഎസില്‍ നിന്നുള്ള ഒരു ലാന്‍ഡര്‍ ചന്ദ്രനെ തൊടുന്നത്. കൃത്യമായി പറഞ്ഞാല്‍ 1972ന് ശേഷം ആദ്യമായി. 1972–ല്‍ അപ്പോളോ 17 ആണ് ചന്ദ്രോപരിതലത്തില്‍ ഇറങ്ങിയത്. ഒരു സ്വകാര്യ കമ്പനിയുടെ വിജയിച്ച ആദ്യ ലാന്‍ഡര്‍ ദൗത്യം കൂടിയാണ് ഇത്. സ്വകാര്യമേഖലയില്‍നിന്നുള്ള നാലാമത്തെ ലാന്‍ഡര്‍ ദൗത്യമാണ് ഒഡീസിയസ്. പരാജയപ്പെട്ട ആദ്യ 2 ദൗത്യങ്ങള്‍ ഇസ്രയേല്‍, ജപ്പാന്‍ കമ്പനികളുടേതായിരുന്നു.
കഴിഞ്ഞമാസം 8നു മറ്റൊരു യുഎസ് കമ്പനിയായ ആസ്ട്രബോട്ടിക്കിന്റെ ‘പെരഗ്രിന്‍’ ദൗത്യവും വിക്ഷേപണത്തിനുശേഷമുള്ള സാങ്കേതികപ്രശ്‌നങ്ങളാല്‍ പരാജയപ്പെട്ടു. നാസയുടെ ‘അപ്പോളോ 17’ (1972) ആണ് ഇതിനു മുന്‍പു ചന്ദ്രനിലെത്തിയ യുഎസ് ദൗത്യം.