തെക്കന്‍ കേരളത്തില്‍ വിവിധ പ്രദേശങ്ങളില്‍ ശക്തമായ മഴ തുടങ്ങി
കേരളത്തിനു മുകളില്‍ ചക്രവാതച്ചുഴി രൂപപ്പെട്ടതിനു പിന്നാലെ തെക്കന്‍ കേരളത്തില്‍ വിവിധയിടങ്ങളില്‍ വേനല്‍ മഴ റിപ്പോര്‍ട്ടു ചെയ്തു. കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് ഇന്ന് വൈകിട്ട് ഇടത്തരം മഴയും കാറ്റും മിന്നലുമുണ്ടായത്.
കോട്ടയത്ത് പൂഞ്ഞാര്‍ പഞ്ചായത്തിലെ പൂഞ്ഞാര്‍ തെക്കേക്കരയിലെ വാര്‍ഡ് 9 ല്‍ ഇന്ന് വൈകിട്ട് 35 മിനുട്ടില്‍ 40 മില്ലി മീറ്റര്‍ മഴ രേഖപ്പെടുത്തിയതായി മീനച്ചിലാര്‍ നദിസംരക്ഷണ സമിതിയുടെ മാപിനിയില്‍ രേഖപ്പെടുത്തി. ക്ലൈമറ്റ് വളണ്ടിയര്‍ എംനേലിന്റെയും ടോമിന്റെയും വീട്ടിലെ മാപിനിയിലാണ് 40 എം.എം മഴ രേഖപ്പെടുത്തിയത്. വൈകിട്ട് 6.15 ഓടെയാണ് ഇവിടെ മഴ തുടങ്ങിയത്.
കൂട്ടിക്കല്‍ വാര്‍ഡ് 1 ലെ പ്രാഥനം വൈകിട്ട് 5.30 മുതല്‍ 7 വരെ മഴ ലഭിച്ചു. ഈ സമയം 40.4 എം.എം മഴയാണ് റിപ്പോര്‍ട്ട് ചെയ്തത്. ധനലക്ഷ്മി രാജേന്ദ്രന്റെ മഴ മാപിനിയിലാണ് മഴ രേഖപ്പെടുത്തിയത്.
മലയിഞ്ചിപാറയിലും വൈകിട്ട് 6.45 ന് മഴ ലഭിച്ചു. 30 മിനുട്ട് നീണ്ടുനിന്ന മഴയുടെ അളവ് 30 മില്ലിമീറ്റര്‍ രേഖപ്പെടുത്തി. ക്ലൈമറ്റ് വളണ്ടിയര്‍ സിസ്റ്റര്‍ ലിന്‍സ് മേരിയുടെ മഴമാപിനിയിലെ മഴക്കണക്കാണിത്. സെന്റ് ജോസഫ് യു.പി സ്‌കൂളിലാണ് മഴ മാപിനി സ്ഥാപിച്ചിട്ടുള്ളത്. കൂട്ടിക്കലില്‍ 45 മിനുട്ട് മഴ നീണ്ടു നിന്നു. വൈകിട്ട് 5.45 മുതല്‍ 6.30 വരെ 25.4 എം.എം മഴ രേഖപ്പെടുത്തി. ക്ലൈമറ്റ് വളണ്ടിയര്‍ നേഹ റോസ് പ്രസൂണിന്റെ മാപിനിയിലാണ് മഴ റിപ്പോര്‍ട്ട് ചെയ്തത്. കൂട്ടിക്കല്‍ കാവളിയിലെ വാര്‍ഡ് 3 ലാണ് ഈ മാപിനിയുള്ളത്.
പത്തനംതിട്ടയിലെ സീതത്തോടും വൈകിട്ട് മഴ ലഭിച്ചു. കോട്ടയം ടൗണ്‍, എലിക്കുളം, കോട്ടയം മണിമല, ഈരാറ്റുപേട്ട എന്നിവിടങ്ങളിലും ശക്തമായ മഴ ലഭിച്ചു.
കേരളത്തില്‍ ഇന്ന് വിവിധ പ്രദേശങ്ങളില്‍ മഴ സാധ്യതയുണ്ടെന്ന് രാവിലെ metbeatnews.com റിപ്പോര്‍ട്ട് ചെയ്തിരുന്നു.
കേരളത്തിനു മുകളില്‍ ചക്രവാതച്ചുഴി; ഈ ജില്ലകളില്‍ മഴ സാധ്യത
കേരളത്തിനു മുകളില്‍ ചക്രവാതച്ചുഴി രൂപപ്പെട്ടതിനെ തുടര്‍ന്ന് ഇന്നു മുതല്‍ ഒറ്റപ്പെട്ട വേനല്‍ മഴ സാധ്യത. തെക്കന്‍ ജില്ലകളിലും മധ്യ കേരളത്തിലും മഴ സാധ്യതയുണ്ട്. വടക്കന്‍ കേരളത്തില്‍ പകല്‍ ഭാഗിക മേഘാവൃതവും ചിലയിടങ്ങളില്‍ വൈകിട്ട് ചാറ്റല്‍ മഴയോ ഇടത്തരം മഴയോ ലഭിക്കാം. മലയോര മേഖലകളിലാണ് പ്രധാനമായും മഴ സാധ്യത. ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ മഴ സാധ്യതയുണ്ടെന്നാണ് മെറ്റ്ബീറ്റ് വെതറിലെ നിരീക്ഷകര്‍ പറയുന്നത്.
വടക്കന്‍ ജില്ലകളിലും മഴ സാധ്യത
വടക്കന്‍ കേരളത്തില്‍ മലപ്പുറം, കോഴിക്കോട് ജില്ലകളുടെ കിഴക്കന്‍ മേഖലയിലും മഴ ലഭിച്ചേക്കും. കണ്ണൂര്‍,വയനാട് ജില്ലകളില്‍ ചാറ്റല്‍ മഴ സാധ്യതയും നിലനില്‍ക്കുന്നു. മലപ്പുറം ജില്ലയുടെ ഒന്നോ രണ്ടോ പ്രദേശങ്ങളില്‍ ചാറ്റല്‍ മഴ സാധ്യതയുണ്ടെന്നായിരുന്നു പ്രവചനം. എന്നാല്‍ വടക്കന്‍ കേരളത്തില്‍ ഇതുവരെ മഴ രേഖപ്പെടുത്തിയിട്ടില്ല.