അഫ്ഗാനിസ്ഥാനിലെ ഘോർ പ്രവിശ്യയിൽ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും 50 പേർ മരിച്ചു
മധ്യ അഫ്ഗാനിസ്ഥാനിൽ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും 50 പേർ കൊല്ലപ്പെടുകയും ആയിരക്കണക്കിന് വീടുകൾ തകരുകയും ചെയ്തതായി അധികൃതർ സ്ഥിരീകരിച്ചു.
പേമാരി മൂലമുണ്ടായ വെള്ളപ്പൊക്കം, ആഴ്‌ചകളോളം, അഫ്ഗാനിസ്ഥാനിലുടനീളം നിരവധി നാശനഷ്ടങ്ങൾ ഉണ്ടാക്കിയിരുന്നു.
ഘോർ പ്രവിശ്യയിൽ 50 പേരെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ടെന്ന് പോലീസ് വക്താവ് അബ്ദുൾ റഹ്മാൻ ബദ്രി ശനിയാഴ്ച പറഞ്ഞു, മരണസംഖ്യ ഉയരാൻ സാധ്യതയെന്നും അദ്ദേഹം പറഞ്ഞു.
“ഈ ഭയാനകമായ വെള്ളപ്പൊക്കം ആയിരക്കണക്കിന് കന്നുകാലികളെ കൊന്നൊടുക്കി,നൂറുകണക്കിന് ഹെക്ടർ കൃഷിഭൂമിയും നൂറുകണക്കിന് പാലങ്ങളും കലുങ്കുകളും നശിപ്പിച്ചു, ആയിരക്കണക്കിന് മരങ്ങൾ കടപുഴകി വീണു ,” അദ്ദേഹം പറഞ്ഞു.
പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം ഡസൻ കണക്കിന് ആളുകളെ കാണാതായതായി ഘോർ പ്രവിശ്യാ ഗവർണറുടെ വക്താവ് അബ്ദുൾ വാഹിദ് ഹമാസ് പറഞ്ഞു.
പ്രദേശത്തേക്കുള്ള പല പ്രധാന റോഡുകളും തകർന്നതായി ഘോറിൻ്റെ ഇൻഫർമേഷൻ ഡിപ്പാർട്ട്‌മെൻ്റ് മേധാവി മൗലവി അബ്ദുൾ ഹൈ സഈം പറഞ്ഞു.
പ്രവിശ്യയുടെ തലസ്ഥാനമായ ഫിറോസ് കോയിൽ 2,000 വീടുകൾ പൂർണ്ണമായും തകർന്നതായും 4,000 ഭാഗികമായി തകർന്നതായും 2,000-ത്തിലധികം കടകൾ വെള്ളത്തിനടിയിലാണെന്നും അദ്ദേഹം പറഞ്ഞു.
വടക്കൻ അഫ്ഗാനിസ്ഥാനിലെ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം 315 ആയി ഉയർന്നതായും 1,600 ലധികം പേർക്ക് പരിക്കേറ്റതായും കഴിഞ്ഞ ആഴ്ച താലിബാൻ അഭയാർത്ഥി മന്ത്രാലയം അറിയിച്ചു.
ബുധനാഴ്ച, ഘോറിലെ നദിയിൽ വീണ ആളുകളുടെ മൃതദേഹങ്ങൾ വീണ്ടെടുക്കാനുള്ള ശ്രമത്തിനിടെ അഫ്ഗാൻ വ്യോമസേന ഉപയോഗിച്ച ഹെലികോപ്റ്റർ “സാങ്കേതിക തകരാറുകൾ” കാരണം തകർന്നു, ഒരാൾ കൊല്ലപ്പെടുകയും 12 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു.
കാലാവസ്ഥ അപ്ഡേറ്റുകൾക്ക്
FOLLOW US ON GOOGLE NEWS