കേരളത്തിൽ ഇന്നും മഴ തുടരും. കേരളത്തിലെ വിവിധ ജില്ലകളിൽ വെള്ളക്കെട്ടു കാരണം ഗതാഗത തടസ്സം നേരിടുകയാണ്.
മഴയിൽ അതിരപ്പള്ളിയിൽ ഗതാഗത നിയന്ത്രണം
അതിരപ്പിള്ളിയില്‍ നിന്നും 37 കിലോമീറ്റര്‍ തമിഴ്‌നാട് അതിര്‍ത്തി റൂട്ടില്‍ ഷോളയാര്‍ പവര്‍ഹൗസ് അമ്പലപ്പാറ ഭാഗത്ത് ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം പെയ്ത ശക്തമായ മഴയില്‍ റോഡിന്റെ കരിങ്കല്‍കെട്ട് ഇടിഞ്ഞ് അപകടാവസ്ഥയിൽ.
അതിനാൽ ഇതുവഴിയുള്ള വലിയ വാഹനങ്ങളുടെ ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. വനത്തില്‍ ശക്തമായ മഴ തുടരുന്നതിനാല്‍ റോഡിന്റെ കൂടുതല്‍ ഭാഗം ഇടിഞ്ഞുതാഴുന്നതിനുള്ള സാധ്യത മുന്നില്‍ക്കണ്ട് വൈകുന്നേരത്തോടെ ചെറുവാഹനങ്ങളുടെ ഗതാഗതവും നിയന്ത്രിക്കുമെന്ന് ദുരന്തനിവാരണ വിഭാഗം അറിയിച്ചു.
മഴയിൽ കൊച്ചിയിൽ വെള്ളക്കെട്ട്, വിവിധ ഇടങ്ങളിൽ നാശനഷ്ടങ്ങൾ
വിവിധയിടങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. തിരുവനന്തപുരത്തും കൊച്ചിയിലും താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയ സാഹചര്യമാണുള്ളത്. പാറ്റൂര്‍, കണ്ണമൂല, വെള്ളായണി , ചാക്ക തുടങ്ങിയ തിരുവനന്തപുരത്തെ പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു.
പോത്തന്‍കോട് വീടിന്റെ മതിലിടിഞ്ഞ് യുവാവിന് പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റ അരുണിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
വെഞ്ഞാറമ്മൂട് പുല്ലമ്പാറയില്‍ മണ്ണിടിഞ്ഞു വീണ് വീടു തകര്‍ന്നു. ടെക്‌നോപാര്‍ക്ക് ഫെയ്‌സ് 3 ക്കു സമീപം തെറ്റിയാര്‍ കരകവിഞ്ഞ് വീടുകളില്‍ വെള്ളം കയറി. ഇതേത്തുടര്‍ന്ന് മൂന്നു കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു.
നെയ്യാർ ഡാമിന്റെ നാല് ഷട്ടറുകൾ ഉയർത്തി
നെയ്യാര്‍ ഡാമിന്റെ നാല് ഷട്ടറുകള്‍ ഉയര്‍ത്തിയിട്ടുണ്ട്. 4 ഷട്ടറുകളും 30 സെന്റിമീറ്റര്‍ വീതമാണ് ഉയര്‍ത്തിയത്. എന്നാല്‍ ഷട്ടറുകള്‍ 10 സെന്റിമീറ്റര്‍ കൂടി ഉയര്‍ത്താനാണ് സാധ്യത. പേപ്പാറ ഡാമിന്റെ ഷട്ടറുകൾ നിലവിൽ ആകെ 10 cm ഉയർത്തിയിട്ടുണ്ട്.
വലിയ അളവിൽ നീരൊഴുക്ക് തുടരുന്ന സാഹചര്യത്തിൽ ഇന്ന് രാവിലെ 08:30 ന് അത് 70 സെന്റീമീറ്റര്‍ കൂടി വർധിപ്പിച്ച് ആകെ 80 cm ആയി ഉയർത്തുമെന്നും സമീപവാസികൾ ജാഗ്രത പുലർത്തണമെന്നും ജില്ലാ കളക്ടർ അറിയിച്ചു.
കടലാക്രമണത്തിന് സാധ്യത
തെക്കന്‍ തമിഴ്‌നാട് തീരത്തും കേരളത്തീരത്തും ശക്തമായ കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്ന് ദേശീയ സമുദ്ര സമിതി പഠന ഗവേഷണ കേന്ദ്രവും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
കേരള, കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമില്ലെങ്കിലും ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനം പാടില്ലെന്നാണ് നിര്‍ദേശം. 1.9 മീറ്റര്‍ വരെ ഉയരമുള്ള തിരമാലകള്‍ ഉണ്ടാകാനും സാധ്യതയുണ്ട്.