ജമ്മു കശ്മീരിലെ റംബാൻ ജില്ലയിൽ കനത്ത മഴയും വെള്ളപ്പൊക്കവും; പാകിസ്ഥാനിൽ പ്രളയ മുന്നറിയിപ്പ്
ജമ്മു കശ്മീരിലെ റംബാൻ ജില്ലയിൽ കനത്ത മഴയെയും വെള്ളപ്പൊക്കത്തെയും തുടർന്ന് ബാഗ്ലിഹാർ ജലവൈദ്യുത പദ്ധതി ഡാമിന്റെ ഒന്നിലധികം ഗേറ്റുകൾ തുറന്നു. ബാഗ്ലിഹാർ ജില്ലയിലെ ചെനാബ് നദിയിലാണ് ഈ അണക്കെട്ട് നിർമ്മിച്ചിരിക്കുന്നത്. ഡാം തുറന്നതോടെ പാകിസ്ഥാനിൽ പ്രളയ മുന്നറിയിപ്പ് നൽകി.
ജലനിരപ്പ് ഉയരുന്നത് നിയന്ത്രിക്കാൻ രണ്ട് ഗേറ്റുകൾ തുറന്നതായാണ് റിപ്പോർട്ടുകൾ. പഹൽഗാമിൽ 26 സാധാരണക്കാരുടെ ജീവൻ അപഹരിച്ച ഭീകരാക്രമണത്തെത്തുടർന്ന് പാകിസ്ഥാനിലേക്കുള്ള ജലപ്രവാഹം നിയന്ത്രിക്കുന്നതിനായി എല്ലാ ഡാം ഗേറ്റുകളും അടയ്ക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചിരുന്നു. ഇതേ തുടർന്നാണ് ഡാമിൻ്റെ ഗേറ്റുകൾ അടച്ചത്.
കനത്ത മഴയെത്തുടർന്ന് റംബാന് ജില്ലയിലെ റോഡിന് അഭിമുഖമായുള്ള കുന്നുകളിൽ മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് ജമ്മു- ശ്രീനഗർ ദേശീയ പാത വ്യാഴാഴ്ച അടച്ചിരുന്നു. റംബാൻ മാർക്കറ്റിലും വെള്ളപ്പൊക്കമുണ്ടായെങ്കിലും ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അധികൃതർ വാർത്താ ഏജൻസിയായ പി.ടി.ഐയോട് പറഞ്ഞു.
Tag: