അതിശക്തമായ മഴ മുന്നറിയിപ്പ്: മധ്യകേരളത്തിലെ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
കേരളത്തിലെ വിവിധ ജില്ലകളിൽ ഇന്ന് (വെള്ളി) മഴയ്ക്ക് സാധ്യത. അതിശക്തമായ മഴ കണക്കിലെടുത്ത് മധ്യകേരളത്തിലെ മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചത്. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വെള്ളിയാഴ്ച അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർമാർ അറിയിച്ചു.
എറണാകുളം കളക്ടറുടെ സന്ദേശം
ശക്തമായ കാറ്റും മഴയും കണക്കിലെടുത്ത് എറണാകുളം ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വെള്ളിയാഴ്ച്ച ( ജൂലൈ 25) അവധിയായിരിക്കും. അങ്കണവാടികൾക്കും ട്യൂഷൻ സെന്ററുകൾക്കും അവധി ബാധകമാണ്.
ഇടുക്കി കളക്ടറുടെ സന്ദേശം
വരും ദിവസങ്ങളിൽ കനത്ത മഴയും ശക്തമായ കാറ്റും ഉണ്ടാകുമെന്ന IMD യുടെ പ്രവചനത്തിന്റെ അടിസ്ഥാനത്തിൽ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ജൂലൈ 25) അവധി പ്രഖ്യാപിക്കുകയാണ്. അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ, ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുകൾ, കേന്ദ്രീയ വിദ്യാലയം ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. പതിവിന് വിപരീതമായി റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. നഷ്ടപെടുന്ന പഠന സമയം ഓൺലൈൻ ക്ലാസ്സുകൾ ഉൾപ്പടെ നടത്തി ക്രമീകരിക്കുന്നതിന് വിദ്യാഭ്യാസ സ്ഥാപന മേധാവികൾ നടപടി സ്വീകരിക്കേണ്ടതണ്.
വിദ്യാർത്ഥികളുടെ സുരക്ഷയെ മുൻനിർത്തിയാണ് ഈ തീരുമാനം എടുത്തിരിക്കുന്നത്. എല്ലാ വിദ്യാർഥികളും വീട്ടിൽ തന്നെ കഴിയുന്നതിനും, അനാവശ്യ യാത്രകൾ ഒഴിവാക്കുന്നതിനും അഭ്യർത്ഥിക്കുന്നു. ദയവായി ഓർക്കുക, ഇത് വിനോദത്തിനുള്ള അവധിയല്ല, മറിച്ച് എല്ലാവരെയും സുരക്ഷിതരാക്കാനുള്ള മുൻകരുതലാണ്. നമുക്ക് ജാഗ്രത പാലിക്കാം, ബന്ധം നിലനിർത്താം, ഏറ്റവും പ്രധാനം .. സുരക്ഷിതരായിരിക്കുക എന്നതാണ്’. എന്നാണ് കലക്ടറുടെ WhatsApp ചാനൽ സന്ദേശം.
കോട്ടയം ജില്ലയിലെ അവധി
ശക്തമായ മഴ തുടരുന്നതിനാൽ കോട്ടയം ജില്ലയിൽ കാലാവസ്ഥ വകുപ്പ് നൽകിയ മുന്നറിയിപ്പ് ഉള്ളതിനാൽ കോട്ടയം കാഞ്ഞിരപ്പള്ളി താലൂക്കിലെ പ്രൊഫഷണൽ കോളേജുകൾ അംഗനവാടികൾ എന്നിവ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വെള്ളിയാഴ്ച അവധി. പ്രൊഫഷണൽ കോളേജുകൾ അംഗനവാടികൾ എന്നിവയ്ക്കും അവധി ബാധകമായിരിക്കും. മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ലെന്നും കലക്ടറുടെ അറിയിപ്പിൽ വ്യക്തമാക്കുന്നു. അതിശക്തമായ മഴ മുന്നറിയിപ്പുള്ളതിനാൽ ജൂലൈ 28 വരെ കോട്ടയം ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് പ്രവേശനം നിരോധിച്ചിട്ടുണ്ട്.
Tag: Heavy rain warning: Holiday for educational institutions in various districts of central Kerala tomorrow