ചുട്ടുപൊള്ളി കേരളം ; താപനില 35 ഡിഗ്രിക്ക് മുകളിൽ, വരുംദിവസങ്ങളിലും ചൂട് കൂടുമെന്ന് വിദഗ്ധർ
ജനുവരി പകുതിയോടെ തന്നെ ചുട്ടുപൊള്ളി കേരളത്തിലെ മധ്യ വടക്കൻ ജില്ലകൾ. മധ്യകേരളം മുതൽ വടക്കോട്ട് ഉള്ള ജില്ലകളിൽ ചൂട് ക്രമാതീതമായി വർദ്ധിച്ചു 35 ഡിഗ്രി സെൽഷ്യസിന് മുകളിൽ വരെ താപനില രേഖപ്പെടുത്തി.
എൽനിനോ പ്രതിഭാസം ചൂട് വർദ്ധിക്കാൻ കാരണമെന്ന് വിദഗ്ധർ
ലോകത്തെ വിവിധപ്രദേശങ്ങളിൽ വരൾച്ചയുണ്ടാകാൻ എൽ നിനോ കാരണമാകുന്നു. ദക്ഷിേണന്ത്യയിൽ മൺസൂൺ ദുർബലമാകാനും ഇതിടയാക്കുന്നു. കാറ്റിന്റെ ദിശയിൽ മാറ്റംവരും.
ഇതു ചൂടുയരാൻ കാരണമാകുമെന്ന് കാലാവസ്ഥാ വിദഗ്ധർ പറയുന്നു. അതിമർദമേഖലയും രൂപപ്പെടും. ഇപ്പോൾ തെക്കേ ഇന്ത്യയുടെ ഭാഗങ്ങളിൽ എൽ നിനോ രൂപപ്പെട്ടിട്ടുണ്ട്. അതിന്റെ ഭാഗമായാണ് കേരളത്തിൽ ചൂടുയരുന്നത്. മഴ മാറിയതോടെ പകൽ താപനില ഉയർന്നതിനാൽ വരും ദിവസങ്ങളിലും സ്ഥിതി തുടരുമെന്ന് കാലാവസ്ഥാ വിദഗ്ധനായ രാജീവൻ എരിക്കുളം പറഞ്ഞു.
കേരളത്തിൽ വിവിധ ജില്ലകളിൽ കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയ ചൂട്
കഴിഞ്ഞദിവസം ഏറ്റവുമധികം ചൂടു രേഖപ്പെടുത്തിയത് കാസർകോട് പാണത്തൂരിലാണ്, 38.3 ഡിഗ്രി സെൽഷ്യസ്. എറണാകുളം ചൂണ്ടി- 38.1, ചെമ്പേരി- 37.4 എന്നീ സ്ഥലങ്ങളാണു തൊട്ടുപിന്നിൽ. വടക്കൻ പറവൂർ- 37.3, ഇരിക്കൂർ- 37, ആറളം- 36.9, നിലമ്പൂർ-36.6, തിരുവല്ല- 36.5, അയ്യങ്കുന്ന്- 36.4, പിണറായി- 36.1, കളമശ്ശേരി- 36, കുന്നന്താനം- 36, പാലേമാട്- 35.9, മുണ്ടേരി- 35.8, കുന്നമംഗലം- 35.4, ചേർത്തല- 35.8, തൈക്കാട്ടുശ്ശേരി-35.7, കാസർകോട് ബയാർ- 35.7, പെരിങ്ങോം- 35.7, എരിക്കുളം- 35.2, കോഴിക്കോട്-35.2, സീതത്തോട്- 35.2, കോട്ടയം-35 തുടങ്ങിയ സ്ഥലങ്ങളിലാണ് 35 ഡിഗ്രി സെൽഷ്യസിനു മുകളിൽ ചൂടനുഭവപ്പെട്ടത്.