കനത്ത ചൂട്; കൊല്ലം പുനലൂരിൽ താപനില 36 ഡിഗ്രിക്ക് മുകളിൽ
കടുത്ത ചൂടിൽ വെന്തുരുകി കൊല്ലം ജില്ല. പുനലൂർ കലയനാട്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് സ്ഥാപിച്ച താപമാപിനിയിൽ രേഖപ്പെടുത്തിയ ചൂട് 36 ഡിഗ്രിയാണ് . കഴിഞ്ഞ 23ന് 36.8 ഡിഗ്രി ചൂടാണ് ഇവിടെ രേഖപ്പെടുത്തിയിരുന്നത്. ഈയാഴ്ച ശരാശരി 35 മുതൽ 36 ഡിഗ്രിക്ക് മുകളിൽ വരെ വിവിധ ദിവസങ്ങളിൽ പകൽ സമയത്ത് ചൂട് അനുഭവപ്പെട്ടു.
പുലർച്ചെ രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ താപനില കഴിഞ്ഞ ദിവസങ്ങളിൽ 16 ഡിഗ്രി മുതൽ 17 വരെയാണ്. ഇത്തവണ ഡിസംബർ ആദ്യവാരം മുതലേ പുനലൂർ മേഖലയിൽ കടുത്ത ചൂടാണ് അനുഭവപ്പെട്ടത്. വരും ദിവസങ്ങളിലും ചൂട് കൂടാനാണ് സാധ്യത. സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തുന്ന സ്ഥലങ്ങളിൽലൊന്നാണ് പുനലൂർ. ചൂട് കൂടിയതോടെ പകൽ സമയങ്ങളിൽ ആളുകൾ പുറത്തിറങ്ങാൻ മടിക്കുകയാണ്.
നഗരത്തിലെ പ്രധാന കാഴ്ചയായ തൂക്കുപാലം സന്ദർശിക്കാൻ എത്തുന്നവരുടെ എണ്ണത്തിലും കുറവുണ്ട്. കഴിഞ്ഞ വർഷങ്ങളിൽ 38,39 ഡിഗ്രി വരെ പുനലൂരിൽ ചൂട് അനുഭവപ്പെട്ടിരുന്നു. മാർച്ച് ആകുമ്പോഴേക്കും ചൂട് ഇനിയും വർദ്ധിക്കാനാണ് സാധ്യത.