പരിസ്ഥിതിദിന സന്ദേശം ഏറ്റെടുത്ത് 50 ഏക്കറിൽ പച്ചത്തുരുത്ത് ഒരുക്കാൻ ഹരിതകേരളം മിഷൻ
കോഴിക്കോട് : പച്ചത്തുരുത്തുകൾ വികസിപ്പിച്ചും കാർബൺ സന്തുലിതാവസ്ഥ ഉറപ്പാക്കിയും ജൂൺ അഞ്ചുമുതൽ ഒരുവർഷം പരിസ്ഥിതി വർഷമായി ആചരിക്കുന്ന ബൃഹദ് ക്യാമ്പയിനുമായി ജില്ലാ ഹരിതകേരള മിഷൻ.
വംശനാശ ഭീഷണി നേരിടുന്ന വൃക്ഷങ്ങൾ സംരക്ഷിക്കാൻ മലബാർ ബോട്ടാണിക്കൽ ഗാർഡനുമായി ചേർന്ന് സമഗ്ര പദ്ധതി തയ്യാറാക്കി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയാണ്. മലബാർ ബോട്ടാണിക്കൽ ഗാർഡനിൽ ഗ്രീൻ കേരള പദ്ധതിയുടെ ഭാഗമായാണ് വംശനാശ ഭീഷണി നേരിടുന്ന മരങ്ങളുടെ തൈകൾ തയ്യാറാക്കുന്നത്.
പരിസ്ഥിതി ദിനത്തിൽ ജില്ലാ തല ഉദ്ഘാടനം നടക്കുന്ന മണിയൂർ ജവഹർ നവോദയ വിദ്യാലയത്തിലെ ഒരു ഏക്കർ പച്ചതുരുത്ത് ഉൾപ്പെടെയുള്ള പച്ചത്തുരുത്തുകളിലേക്ക് ഉള്ള തൈകളുടെ വിതരണം മലബാർ ബോട്ടാണിക്കൽ ഗാർഡൻ ഡയറക്ടർ ഡോ. എൻ.എസ്. പ്രദീപ് നി നവകേരളം കർമ്മ പദ്ധതി ജില്ലാ കോർഡിനേറ്റർക്ക് നൽകി നിർവ്വഹിച്ചു. ഈ തൈകൾ വിവിധ പച്ചത്തുരുത്തുകളിലായി നട്ട് സംരക്ഷിക്കും. ഇവ കൃത്യമായി പരിപാലിക്കുകയും ജിയോ ടാഗ് ചെയ്യുകയും ചെയ്യും. ഇത്തരത്തിൽ ജില്ലയിൽ 105 പച്ചത്തുരുത്തുകൾ ജൂണിൽ സ്ഥാപിക്കും.
ആവാസവ്യവസ്ഥയുടെ പുനഃസ്ഥാപനത്തിന് കരുത്തേകാൻ ലോക പരിസ്ഥിതിദിന സന്ദേശം ഏറ്റെടുത്താണ് പ്രവർത്തനങ്ങൾ നടത്തുന്നത്. പ്രാദേശിക ജൈവ വൈവിധ്യ സംരക്ഷണം ലക്ഷ്യമിട്ട് ഒരുവർഷം കൊണ്ട് ജില്ലയിൽ 50 ഏക്കർ പച്ചത്തുരുത്ത് ഒരുക്കുകയാണ് പ്രധാന ലക്ഷ്യം.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരോഗ്യ സ്ഥാപനങ്ങൾ, പൊതു സ്ഥാപനങ്ങൾ, മറ്റ് പൊതു ഇടങ്ങൾ എന്നിവിടങ്ങളിലാണ് ഫല വൃക്ഷത്തൈകളും നാട്ടുസസ്യങ്ങളും നട്ടുവളർത്തി സ്വാഭാവിക ജൈവവൈവിധ്യ തുരുത്തുകൾ ഉണ്ടാക്കുക. പദ്ധതി വ്യാപനത്തി ൻ്റെ ജില്ലാ ഉദ്ഘാടനം അഞ്ചിന് മണിയൂർ ജവഹർ നവോദയ വിദ്യാലയത്തിൽ ഒരു ഏക്കറിൽ കെ പി കുഞ്ഞമ്മദ്‌കുട്ടി എംഎൽഎ നിർവഹിക്കും.
വിദ്യാലയങ്ങളിൽ ജില്ലാ പഞ്ചായത്ത് സഹകരണത്തോടെ തൈകൾ ലഭ്യമാക്കി പച്ചത്തുരുത്ത് നിർമിക്കുന്ന പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. കാർബൺ സന്തുലിതാവസ്ഥ ഉറപ്പാക്കുന്ന നെറ്റ് സീറോ കാർബൺ പദ്ധതി യിൽ ഏറ്റെടുത്ത പഞ്ചായത്തിലും നഗരസഭയിലുമായി നാല് ഏക്കറിൽ തുരുത്ത് ഒരുക്കും. ജൂണിൽ 105 പച്ചത്തുരുത്തിലാണ് പ്രവർത്തനം തുടങ്ങുക. ജനകീയ പങ്കാളിത്തം ഉറപ്പാക്കും. അര സെൻ്റ് മുതൽ എത്ര വിസ്തൃതിയിലും ഇങ്ങനെ ചെറുവനങ്ങൾ നിർമിച്ചെടുക്കാം.
മലബാർ ബൊട്ടാണിക്കൽ ഗാർഡൻ, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, സോഷ്യൽ ഫോറസ്ട്രി, വിവിധ സന്നദ്ധ പ്രവർത്തകർ എന്നിവർ മുഖേനയാണ് തൈകൾ ലഭ്യമാക്കുന്നത്. നിലവിൽ 137 ഇടത്തായാണ് പച്ചത്തുരുത്തുള്ളത്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ദോഷഫലങ്ങളെ നേരിടുന്നതിലും നെറ്റ് സീറോ കാർബൺ എമിഷൻ അവസ്ഥയിലേക്ക് ചുവടുവയ്ക്കുന്നതിലും ഇവയ്ക്ക് വലിയ പങ്കുവഹിക്കാനാകും. പദ്ധതികൾ സമയബ ന്ധിതമായി പൂർത്തീകരിക്കാൻ കലണ്ടർ തയ്യാറാക്കിയിട്ടുണ്ട്.
കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.