Hajj 2024 weather : സൗഉദി അറേബ്യയിൽ റെക്കോർഡ് ഭേദിക്കുന്ന ചൂടെന്ന് NCM
അടുത്ത മാസം നടക്കാനിരിക്കുന്ന ഹജ്ജ് സീസണിൽ സൗഉദി അറേബ്യയിൽ ചൂട് കൂടിയേക്കുമെന്ന് സൗഉദി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
ജൂൺ 24 മുതൽ 29 വരെയുള്ള ഈ ഹജ്ജ് സീസൺ വർഷത്തിലെ ഏറ്റവും ചൂടേറിയ സമയമായിരിക്കുമെന്ന് സൗദി നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി മേധാവി അറിയിച്ചു. 2024 ലെ ഹജ്ജ് സീസണിൽ പുണ്യനഗരങ്ങളായ മക്കയിലും മദീനയിലും താപനില 50 ഡിഗ്രി സെൽഷ്യസിൽ എത്താൻ സാധ്യതയെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതുവരെയുള്ള റെക്കോർഡ് ഭേദിക്കുന്ന ചൂടായിരിക്കും എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. ദശലക്ഷക്കണക്കിന് തീർഥാടകർക്ക് ഒരു സുപ്രധാന വെല്ലുവിളി ആണ് ഇത്.
താപനില ഉയരും എന്ന മുന്നറിയിപ്പിന്റെ ഭാഗമായി ശീതീകരണ സാങ്കേതികവിദ്യകൾ, ഹൈഡ്രേഷൻ സ്റ്റേഷനുകൾ, തണലുള്ള വിശ്രമകേന്ദ്രങ്ങൾ, ആരോഗ്യപ്രശ്നങ്ങൾ ഉടനടി പരിഹരിക്കുന്നതിനായി മെഡിക്കൽ ടീമുകൾ എന്നിവയുൾപ്പെടെ ചൂടുമായി ബന്ധപ്പെട്ട അപകടസാധ്യതകൾ ലഘൂകരിക്കാനുള്ള നടപടികൾ സൗദി അധികൃതർ നടപ്പിലാക്കുന്നുണ്ട്.
അതേസമയം ഹജ്ജ് തീർത്ഥാടനത്തിന് എത്തിയ നിരവധി ആളുകൾക്ക് കടുത്ത ചൂടിൽ കാലിൽ പൊള്ളലേറ്റിട്ടുണ്ട്. നിരവധി ആളുകൾക്ക് നേരിട്ട് ചൂട് ഏൽക്കുന്നതിനെ തുടർന്ന് കാഴ്ചയ്ക്ക് മങ്ങലേൽക്കുന്നുണ്ട് . ഇങ്ങനെ പല ആരോഗ്യ പ്രശ്നങ്ങളുമായി നിരവധി ആളുകൾ ചികിത്സ തേടുന്നുണ്ട്.
കടുത്ത ചൂടിൽ നിന്ന് മുൻകരുതൽ എടുക്കുന്നതിന്റെ ഭാഗമായി പകൽ സമയങ്ങളിൽ പരമാവധി പുറത്തിറങ്ങാതെ രാത്രി സമയങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണം തീർത്ഥാടകർ. പ്രത്യേകിച്ചും മലയാളികൾക്ക് ഇത്തരം കടുത്ത ചൂടിനെ നേരിട്ടുള്ള ശീലമില്ലാത്തതിനാൽ ഇത്തരം മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നതാണ് ഉചിതം.
അതേസമയം ഈ വർഷം ഹജ്ജ് സീസണിൽ സൗദി അറേബ്യയിൽ ചൂട് വർദ്ധിക്കും എന്ന് മുന്നറിയിപ്പുള്ളതിനാൽ മുൻകരുതൽ നടപടികൾ മുൻകൂട്ടിയെടുക്കാൻ മതകാര്യ മന്ത്രാലയത്തോട് ഇന്തോനേഷ്യൻ വൈസ് പ്രസിഡൻ്റ് മഅ്റൂഫ് അമീൻ ആവശ്യപ്പെട്ടു.
“ഈ വർഷം, ഹജ്ജ് സീസൺ വളരെ ചൂടുള്ളതായി കണക്കാക്കപ്പെടുന്നു, തീർത്ഥാടകരിൽ പലരും പ്രായമായവരാണ്. അവരെ സംരക്ഷിക്കാൻ മതകാര്യ മന്ത്രാലയം തയ്യാറാകണം,” ഇന്തോനേഷ്യൻ ഉലമ കൗൺസിൽ (എംയുഐ) സമ്മേളനത്തിന് ശേഷം ഒരു പത്രപ്രസ്താവന നടത്തിക്കൊണ്ട് അദ്ദേഹം പറഞ്ഞു. തായ്‌ലൻഡിൽ നാശനഷ്ടങ്ങൾ ഉണ്ടാക്കിയ ഉഷ്ണതരംഗത്തിൻ്റെ ഉദാഹരണം അദ്ദേഹം എടുത്തു പറഞ്ഞു.
തായ്‌ലൻഡിനെ അപേക്ഷിച്ച് സൗഉദിയിൽ ചൂട് കൂടുതലായിരിക്കും എന്നാണ് മുന്നറിയിപ്പിൽ നിന്നും മനസ്സിലാക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.
Hajj 2024 weather : സൗഉദി അറേബ്യയിൽ റെക്കോർഡ് ഭേദിക്കുന്ന ചൂടെന്ന് NCM
കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.