Gulf weather updates 21/12/24: സൗദിയില്‍ ജാഗ്രതാ നിര്‍ദ്ദേശം: ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യത
സൗദി അറേബ്യയിലെ മിക്ക പ്രദേശങ്ങളിലും ഇടിമിന്നലോടു കൂടിയ ശക്തമായ മഴ തുടരാന്‍ സാധ്യത. അതിനാൽ പൊതുജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് സൗദി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഡിഫന്‍സ് അറിയിച്ചു. മലവെള്ളപ്പാച്ചിലിന് സാധ്യതയുള്ള താഴ്വരകളിലേക്ക് പോകുന്നതും ഇത്തരം പ്രദേശങ്ങളില്‍ നീന്തുന്നത് ആളുകള്‍ ഒഴിവാക്കണമെന്നും ഡയറക്ടറേറ്റ് പുറത്തിറക്കിയ മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ പറയുന്നു. വിവിധ മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയ ചാനലുകളിലും പങ്കിടുന്ന സുരക്ഷാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കേണ്ടതിന്‍റെ പ്രാധാന്യവും അധികൃതര്‍ ഊന്നിപറഞ്ഞു. ജിദ്ദ, മക്ക, ബഹ്റ, അല്‍ ജാമൂം, ഖുലൈസ്, അല്‍ കാമില്‍, റാബിഗ്, തുടങ്ങിയ നഗരങ്ങള്‍ ഉള്‍പ്പെടെയുള്ള മക്ക മേഖലയില്‍ നേരിയതോ മിതമായതോ ആയ മഴ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും കാലാവസ്ഥ നിരീക്ഷണ കേന്ദ്ര അറിയിച്ചു.
ഇത് വെള്ളപ്പൊക്കം, ആലിപ്പഴ വര്‍ഷം, ശക്തമായ കാറ്റ് എന്നിവയ്ക്ക് കാരണമായേക്കുമെന്നും മുന്നറിയിപ്പുണ്ട് . ശക്തമായ കാറ്റില്‍ പൊടി പടലങ്ങള്‍ ഉയര്‍ന്ന് അന്തരീക്ഷത്തിലെ കാഴ്ചാ പരിധി വലിയ തോതില്‍ കുറയാന്‍ സാധ്യതയുള്ളതിനാല്‍ വാഹനങ്ങള്‍ ഓടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും വാഹനങ്ങള്‍ തമ്മില്‍ ശരിരായ രീതിയില്‍ അകലം പാലിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നൽകുന്നു.
അതുപോലെ, റിയാദ്, അഫീഫ്, അല്‍ ദവാദ്മി, അല്‍ ഖുവയ്യ തുടങ്ങിയ നഗരങ്ങളിളും പൊടിപടലങ്ങള്‍ ഉയർത്തുന്ന ശക്തമായ കാറ്റിനൊപ്പം റിയാദ് മേഖലയില്‍ നേരിയ മഴ ലഭിക്കാനും സാധ്യതയുണ്ട്. അല്‍ ബഹ, തബൂക്ക്, അല്‍ ജൗഫ്, ഹൈല്‍, വടക്കന്‍ അതിര്‍ത്തികള്‍, കിഴക്കന്‍ പ്രവിശ്യകള്‍ എന്നിവയുള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ നേരിയ തോതില്‍ മഴ പെയ്യാനും സാധ്യത. മദീന നഗരത്തിലും മഴ പെയ്യാനുള്ള സാധ്യതയുണ്ടെന്നും അതിനെ നേരിടുന്നതിനുള്ള മുന്‍കരുതല്‍ നടപടികള്‍ സജ്ജമാണെന്നും അധികൃതര്‍ പറഞ്ഞു.
സൗദി അറേബ്യയുടെ വടക്കന്‍ പ്രദേശങ്ങളില്‍ ശക്തമായ തണുപ്പ് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്‍റെ ഏറ്റവും പുതിയ കാലാവസ്ഥാ റിപ്പോര്‍ട്ടില്‍ പറയുന്നണ്ട്. മക്ക, മദീന, ഹായില്‍, വടക്കന്‍ അതിര്‍ത്തികള്‍, അല്‍ ജൗഫ്, തബൂക്ക് മേഖലകള്‍ എന്നിവയുടെ ഭാഗങ്ങളില്‍ പൊടിയും മണലും ഇളക്കിവിടുന്ന ശക്തമായ കാറ്റും ആലിപ്പഴ വര്‍ഷത്തോടൊപ്പമുള്ള നേരിയതോ മിതമായ ഇടിമിന്നലോ ഉണ്ടാകാന്‍ സാധ്യത.
കൂടാതെ, ജബല്‍ അല്‍ ലൗസ്, അല്‍ അലഖാന്‍, അല്‍ സഹര്‍ എന്നിവയുള്‍പ്പെടെ പ്രദേശത്തിന്‍റെ ഉയര്‍ന്ന ഭാഗങ്ങളില്‍ രാത്രിയില്‍ നേരിയ മഞ്ഞുവീഴ്ചയ്ക്കും ഈ പ്രദേശങ്ങളില്‍ മൂടല്‍മഞ്ഞ് രൂപപ്പെടാനുള്ള സാധ്യതയും എന്‍സിഎം പ്രവചിക്കുന്നുണ്ട്. അസീര്‍, അല്‍ ബഹ മേഖലകളിലും കിഴക്കന്‍ പ്രവിശ്യയുടെ തെക്കന്‍ പ്രദേശങ്ങളിലും മൂടല്‍മഞ്ഞ് ബാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അധികൃതര്‍ മുന്നറിയിപ്പ് നൽകുന്നു.