Gulf weather 26/11/24: കനത്ത മഴയെ തുടർന്ന് സുരക്ഷാ മാനദണ്ഡങ്ങൾ പുറത്തിറക്കി മക്ക ഹറം കാര്യാലയം
കനത്ത മഴയെ തുടർന്ന് സൗദിയിൽ മക്ക ഹറം കാര്യാലയം സുരക്ഷാ മാനദണ്ഡങ്ങൾ പുറത്തിറക്കി. മക്കയിലും സമീപ പ്രദേശങ്ങളിലും കനത്ത മഴയും ശക്തമായ കാറ്റും തുടരുന്നതിനിടെ വിവിധ സുരക്ഷാ നടപടികളും ശക്തമാക്കിയിട്ടുണ്ട് അധികൃതർ. വരും ദിവസവും മഴ തുടരുമെന്നാണ് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മഴ, മിന്നൽ എന്നിവയുള്ളപ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കരുതെന്ന് അധികൃതർ നിർദ്ദേശം നൽകി.
കനത്ത മഴയിൽ സുരക്ഷിത സ്ഥലങ്ങളിൽ അഭയം തേടുക. കുട കയ്യിൽ കരുതുക . കാലാവസ്ഥാ മുന്നറിയിപ്പുകൾ കൃത്യമായി ശ്രദ്ധിക്കുക, അടിയന്തിര സഹായങ്ങൾക്കായി 1966 എന്ന നമ്പറിൽ ബന്ധപ്പെടുക എന്നിവയാണ് അധികൃതർ നൽകുന്ന നിർദ്ദേശം. മഴ വെള്ളം കെട്ടി നിൽക്കുന്നത് തടയാൻ 600 തൊഴിലാളികളെയും 52 പ്രത്യേക വാഹനങ്ങളെയും തയ്യാറാക്കി. 32 വലിയ ടാങ്കറുകളും ഇതിനായി ഉപയോഗിക്കുമെന്ന് അധികൃതർ പറഞ്ഞു. ജീസാൻ, അസീർ, അൽബഹ, റിയാദ്, ഈസ്റ്റേൺ പ്രവിശ്യകൾ എന്നിവിടങ്ങളിൽ കനത്ത മഴ മുന്നറിയിപ്പ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകി. സൗദിയിൽ ഈ ആഴ്ചയിൽ മഴ ശക്തമാകുമെന്ന് കഴിഞ്ഞ ആഴ്ചയിലെ ഫോർകാസ്റ്റിൽ മെറ്റ്ബീറ്റ് വെതർ പറഞ്ഞിരുന്നു.
അതേസമയം മക്കയിൽ ഇന്നലെയുണ്ടായ മഴ നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ടിന് കാരണമായി. പലയിടങ്ങളിലും വാഹന ഗതാഗതം തടസ്സപ്പെട്ടിരുന്നു.
സൗദി അറേബ്യയിലെ വിവിധ പ്രദേശങ്ങളെ ബാധിച്ച പ്രതികൂല കാലാവസ്ഥയുടെ ഭാഗമായി മക്കയില്‍ ശക്തമായ ഉപരിതല കാറ്റിനൊപ്പം മിതമായ മഴയും ആണ് അനുഭവപ്പെട്ടത്. ജസാന്‍, അസിര്‍, അല്‍ ബാഹ, റിയാദ്, കിഴക്കന്‍ പ്രവിശ്യ എന്നിവയുള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ ഇടത്തരം മുതല്‍ ശക്തമായ ഇടിമിന്നല്‍, ആലിപ്പഴം, വെള്ളപ്പൊക്കം എന്നിവയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
താമസക്കാരും സന്ദര്‍ശകരും ജാഗ്രത പാലിക്കാനും വെള്ളപ്പൊക്കത്തിന് സാധ്യതയുള്ള താഴ്ന്ന പ്രദേശങ്ങളിലേക്ക് പോകുന്നത് ഒഴിവാക്കാനും ഔദ്യോഗിക അപ്ഡേറ്റുകള്‍ കൃത്യമായി പാലിക്കാനും അധികൃതർ നിർദ്ദേശിച്ചു .