Gulf weather 16/10/24: ശക്തമായ മഴ തുടരുന്നതിനാൽ ഒമാനിൽ സ്കൂളുകൾക്ക് അവധി, റോഡുകൾ അടച്ചു
ഉഷ്ണമേഖല ന്യൂനമര്‍ദത്തെ തുടര്‍ന്ന് ഒമാന്റെ വിവിധ ഗവര്‍ണറേറ്റുകളില്‍ മഴ തുടരുകയാണ്. വിവിധ വിലായത്തില്‍ ഇന്നലെ മഴ ശക്തമായിരുന്നു. ചിലയിടങ്ങളില്‍ നേരിയ തോതിലുള്ള മഴയാണ് ലഭിച്ചത്. രാത്രിയോടെ തലസ്ഥാന നഗരിയിലും ശക്തമായ മഴ ലഭിച്ചു. വിവിധ പ്രദേശങ്ങളില്‍ വ്യത്യസ്ത സമയങ്ങളില്‍ മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു പൊതുവേ . മഴ ലഭിച്ച സ്ഥലങ്ങളിലെല്ലാം താപനിലയില്‍ പ്രകടമായ കുറവ് അനുഭവപ്പെട്ടു.
ബുറൈമി, ഇബ്ര, മുദൈബി, അല്‍ ഖാബില്‍, സൂര്‍, ബഹ്‌ല, ഹൈമ ,റൂവി, വാദി കബീര്‍, എം ബി ഡി, മഹ്ദ, സുഹാര്‍, ലിവ, യങ്കല്‍, ശിനാസ്, ജഅലാന്‍ ബനീ ബൂ അലീ, ഇസ്‌കി, നിസ്‌വ, സമാഇല്‍, വാദി അല്‍ ജിസീ, മഹൂത്ത്, മസീറ, ദല്‍കൂത്ത് തുടങ്ങിയ പ്രദേശങ്ങളിൽ ആണ് കൂടുതൽ മഴ ലഭിച്ചത്.
ശക്തമായ മഴ ലഭിച്ച പ്രദേശങ്ങളില്‍ വാദികള്‍ നിറഞ്ഞു കവിഞ്ഞൊഴുകി. ഇതോടെ വിവിധ ഭാഗങ്ങളിലെ റോഡുകളില്‍ ചിലതില്‍ വെള്ളം കയറുകയും ചെയ്തു. ചിലയിടങ്ങളില്‍ ഗതാഗത തടസ്സവും നേരിട്ടു . മേഘം മൂടിയതോടെ പ്രധാന റോഡുകളില്‍ കാഴ്ച പരിധി കുറഞ്ഞു. അധികൃതരുടെ നിര്‍ദേശം അനുസരിച്ച് വാഹനങ്ങള്‍ വേഗത കുറച്ചാണ് ഇത്തരം സ്ഥലങ്ങളില്‍ ആളുകൾ ഓടിച്ചത്.
മസ്‌കത്ത്, ദാഖിലിയ, അല്‍ വുസ്ത, തെക്ക്‌വടക്ക് ശര്‍ഖിയ, തെക്ക്‌വടക്ക് ബാത്തിന, ദോഫാര്‍, ബുറൈമി, അല്‍ വുസ്ത, ദാഹിറ ഗവര്‍ണറേറ്റുകളില്‍ ഇന്നും ശക്തമായ മഴ തുടരുമെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു. ശക്തമായ കാറ്റിന്റെയും ഇടിയുടെയും അകമ്പടിയൊടെയായിരിക്കും മഴ ലഭിക്കുകയൊന്നും ncm. അറിയിച്ചു.
ആലിപ്പഴ വർഷത്തിനും സാധ്യതയെന്ന് അധികൃതര്‍. മഴ സമയങ്ങളില്‍ പാലിക്കേണ്ട മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ നഗരസഭകള്‍ പുറത്തിറക്കി. നിറഞ്ഞൊഴുകാന്‍ സാധ്യതയുള്ളതിനാല്‍ മഴയുള്ള സമയങ്ങളില്‍ വാദികള്‍ മുറിച്ച് കടക്കരുതെന്നും താഴ്ന്ന സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതും കടലില്‍ പോകുന്നതും ഒഴിവാക്കണമെന്നും സിവില്‍ ഏവിയേഷന്‍ വിഭാഗവും അറിയിച്ചു .
ഇതിനിടെ സൂറിലെ വെള്ളം കയറിയ വീട്ടില്‍ അകപ്പെട്ട കുടുംബത്തെയും വിവിധ ഇടങ്ങളില്‍ വാദികളില്‍ ഒഴുക്കില്‍പ്പെട്ട കുടുംബങ്ങള്‍ ഉള്‍പ്പെടെയുള്ളവരെയും സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റി അധികൃതർ രക്ഷിച്ചു. രക്ഷപ്പെടുത്തിയ കുടുംബത്തിലുള്ളവര്‍ എല്ലാം സുരക്ഷിതരാണെന്ന് സിവിൽ ഏവിയേഷൻ ഉദ്യോഗസ്ഥർ പറഞ്ഞു. വൈദ്യുതി തടസ്സം ചിലയിടങ്ങില്‍ നേരിട്ടെങ്കിലും വൈകിട്ടോടെ അവ പൂര്‍ണമായും പുനഃസ്ഥാപിച്ചതായി അധികൃതര്‍.
റോഡ് അടച്ചു
കനത്ത മഴയെ തുടര്‍ന്ന് നഗരത്തിലെ പ്രധാന റോഡ് റോയല്‍ ഒമാന്‍ പോലീസ് അടച്ചിട്ടുണ്ട്. ബൗശറിനെയും ആമിറാത്തിനെയും ബന്ധിപ്പിക്കുന്ന അഖബ റോഡ് ആണ് താത്കാലികമായി അടച്ചിട്ടുള്ളത്. യാത്രക്കാര്‍ മറ്റു വഴികള്‍ ഉപയോഗപ്പെടുത്തണമെന്നും പോലീസ് നിര്‍ദേശം നൽകിയിട്ടുണ്ട്.
കൂടുതല്‍ മഴ സൂറില്‍
ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് തെക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റിലെ സൂര്‍ വിലായത്തിൽ. 92 മില്ലീമീറ്റര്‍ മഴയാണ് ലഭിച്ചതെന്ന് കാര്‍ഷിക, മത്സ്യബന്ധന, ജലവിഭവ മന്ത്രാലയം പറഞ്ഞു. ജഅലാന്‍ ബനീ ബൂ അലി വിലായത്തില്‍ 82 മില്ലീമീറ്റര്‍, മസീറയില്‍ 31 മില്ലിമീറ്റര്‍, മസ്‌കത്ത് ഗവര്‍ണറേറ്റിലെ ഖുറിയാത്തില്‍ 13 മില്ലിമീറ്റര്‍, ആമിറാത്തില്‍ 11 മില്ലിമീറ്റര്‍, ഹൈമ വിലായത്തില്‍ മൂന്ന് മില്ലിമീറ്ററും മഴ രേഖപ്പെടുത്തിയിട്ടുണ്ട്.
സ്‌കൂളുകള്‍ക്ക് ഇന്നും അവധി; ക്ലാസുകള്‍ ഓണ്‍ലൈനില്‍ നടത്താം
കനത്ത മഴയുടെ പശ്ചാതലത്തില്‍ വിവിധ ഗവര്‍ണറേറ്റുകളില്‍ ഇന്നും (ബുധനാഴ്ച) വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയായിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. മസ്‌കത്ത്, തെക്ക്-വടക്ക് ശര്‍ഖിയ, ദാഖിലിയ, തെക്ക്-വടക്ക് ബാത്തിന, ബുറൈമി, ദാഹിറ ഗവര്‍ണറേറ്റുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി നൽകിയിട്ടുള്ളത് . എല്ലാ പൊതു, സ്വകാര്യ സ്‌കൂളുകള്‍ക്കും അവധി ബാധകം ആയിരിക്കും എന്നും അധികൃതർ . എന്നാല്‍, ക്ലാസുകള്‍ ഓണ്‍ലൈനായി നടത്താമെന്ന് മന്ത്രാലയം പ്രസ്താവനയില്‍ പറയുന്നു.
കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.
വാട്‌സ്ആപ്
ടെലഗ്രാം
വാട്‌സ്ആപ്പ് ചാനല്‍
Google News
Facebook Page
Weatherman Kerala Fb Page