വേനൽക്കാലത്ത് സസ്യങ്ങൾക്ക് ഈ വളക്കൂട്ട് നൽകൂ ഗുണങ്ങൾ ഏറെ
വേനൽകാലത്ത് കൃഷി സംരക്ഷണം കുറച്ചു ബുദ്ധിമുട്ടുള്ള കാര്യമാണ്. വേനൽക്കാലത്ത് സസ്യങ്ങൾക്ക് ഈ വളക്കൂട്ട് നൽകൂ ഗുണങ്ങൾ ഏറെയാണ്
പൊട്ടാഷ്
ചെടികളിൽ പൊട്ടാഷ് ജലവിനിയോഗം (water management) കാര്യക്ഷമമാക്കുന്നതിന് പ്രധാന പങ്കു വഹിക്കുന്നു . വേനൽക്കാലത്ത് കായികവളർച്ചയ്ക്ക് പ്രചോദനം കൊടുക്കാത്ത സൾഫേറ്റ് ഓഫ് പൊട്ടാഷാണ് (Sop) ഏറ്റവും അനുയോജ്യം. മരങ്ങൾക്ക് 5 ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ എന്ന ക്രമത്തിലും പച്ചക്കറികൾക്ക് 2–3 ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ എന്ന ക്രമത്തിലും ലയിപ്പിച്ച് സ്പ്രേ രൂപത്തിൽ ഉപയോഗിക്കാം.
സിലിക്ക
ചെടികളിൽനിന്ന് ബാഷ്പീകരണം മൂലം വെള്ളം നഷ്ടപ്പെടുന്നതിന്റെ തോത് കുറയ്ക്കുന്നതിന് സിലിക്കാപ്രയോഗം ഗുണം ചെയ്യും. ഇതു വിളകൾക്ക് രോഗപ്രതിരോധശക്തി വർദ്ധിപ്പിക്കാൻ. സിലിക്കാപോഷണം ചൂർണപ്പൂപ്പ്, മൃദുരോമപ്പൂപ്പ് എന്നിവയെ പ്രതിരോധിക്കാനുള്ള വിളകളുടെ കഴിവ് വർധിപ്പിക്കുന്നു. പൊട്ടാസ്യം സിലിക്കേറ്റ്, ബയോസിലിക്ക തുടങ്ങി പല രൂപത്തിലും സിലിക്ക ലഭിക്കും. സ്പ്രേ രൂപത്തിൽ നൽകുന്നതാണ് ഏറ്റവും നല്ലത്.
കാത്സ്യം
ചെടികൾക്ക് ചൂടിനെ അതിജീവിക്കുന്നതിനുള്ള കഴിവു നൽകാൻ കാത്സ്യത്തിനു ശേഷിയുണ്ട്. മറ്റു മൂലകങ്ങളുടെ പോഷണത്തിനു പുറമേ വൃക്ഷവിളകൾക്ക് 4–5 ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ എന്ന ക്രമത്തിലും പച്ചക്കറികൾക്ക് 2–3 ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ എന്ന ക്രമത്തിലും കാത്സ്യം നൽകുക. കാത്സ്യത്തിന്റെ പ്രയോഗം കൂടുതലായാൽ പൊട്ടാഷ്, മഗ്നീഷ്യം തുടങ്ങി പല മൂലകങ്ങളുടെയും കുറവ് ചെടികളെ ബാധിക്കുന്നതായും കാണാം.
ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കുക
കാത്സ്യം, സിലിക്ക, പൊട്ടാഷ് ഇവ ഓരോന്നും പ്രത്യേകം നൽകണം. ഒരു കാരണവശാലും കാത്സ്യം നൈട്രേറ്റ് മറ്റുള്ളവയുമായി ചേർത്ത് ഉപയോഗിക്കാൻ പാടില്ല. സ്പ്രേയിങ്ങുകൾ തമ്മിൽ 3 ദിവസമെങ്കിലും ഇടവേള നൽകണം. ഫലപ്രാപ്തി കൂട്ടുന്നതിന് 4 ലീറ്റർ സ്പ്രേ ലായനിയിൽ ഒരു മില്ലി non ionic adjuvant ചേർക്കുക. കാത്സ്യം സ്പ്രേ ഒരു സീസണിൽ ഒന്നിലധിമാകരുത്.