വേനൽചൂടിൽ വന്യമൃഗങ്ങൾ കാടിറങ്ങാതിരിക്കാൻ ചെക്ക് ഡാമുകൾ നിർമ്മിച്ച് വനം വകുപ്പ്
വേനലില്‍ കേരളത്തിലെ കാടുകളിലും നദികള്‍ വറ്റുകയും ജലലഭ്യത കുറയുകയും ചെയ്യുമ്പോള്‍ സ്വാഭാവികമായും മൃഗങ്ങള്‍ കാടിറങ്ങുന്നു. ഈ പ്രശ്നത്തിന് പരിഹാരം കാണാന്‍ വയനാട്ടില്‍ കാടിനുള്ളിലെ നീരുറവകളില്‍ നിന്നുള്ള വെള്ളം കെട്ടി നിര്‍ത്തി ചെറിയ ചെക്ക് ഡാമുകള്‍ നിര്‍മ്മിക്കുകയാണ്. സൗത്ത് വയനാട് ഡിവിഷൻ ചെതലത്ത് റെയിഞ്ച് ഇരുളം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ കോളിമൂല,ആനപ്പന്തി,17 ഏക്കർ, വേരുത്തോട്, ഒന്നാം നമ്പർ ഭാഗങ്ങളിലും വനത്തിനുള്ളിലെ നീർച്ചാലുകളിലും ബ്രഷ് വുഡ് ചെക്ക് ഡാമുകൾ ഇതിനകം നിർമ്മിച്ചു കഴിഞ്ഞു
വേനൽക്കാലം ശക്തിയാവുന്നതോടെ വനത്തിനുള്ളിലെ നീരുറവകൾ വറ്റുന്നത് തടയുന്നതിനും വനത്തിന്‍റെ സ്വാഭാവിക പച്ചപ്പ് നിലനിർത്തുന്നതിനും വേനലിൽ ഉണ്ടാവുന്ന കാട്ടുതീ തടയുന്നതിനും ഈ ചെക്ക് ഡാമുകൾ ഉപകരിക്കുമെന്ന് വനം വകുപ്പ് അധികൃതര്‍ പറഞ്ഞു. മരക്കമ്പുകളും ചില്ലകളും കല്ലുകളും ഉപയോഗിച്ച് നിർമ്മിക്കുന്ന ബ്രഷ് ഫുഡ് ചെക്ക് ഡാമുകൾ വറ്റി വരണ്ട ചെറു തോടുകളിൽ വെള്ളം കെട്ടി നിർത്തുന്നതിനും മണ്ണൊലിപ്പ് തടയുന്നതിനും മാത്രമല്ല കാട്ടുമൃഗങ്ങൾക്ക് ദാഹജലത്തിനുള്ള ഉറവിടവുമാകുന്നു. ചെതലത്ത് റേഞ്ച് ഫോറസ്റ്റ് ഫോറസ്റ്റ് ഓഫീസറുടെ നേതൃത്വത്തിൽ ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസറും സ്റ്റാഫ് അംഗങ്ങളും വാച്ചർമാരും ചേർന്നാണ് വനത്തിനുള്ളിൽ വിവിധ ഭാഗങ്ങളിലായി ബ്രഷ് ഫുഡ് ചെക്ക് ഡാമുകൾ നിർമ്മിച്ചത്.
മഞ്ഞ് കാലം കഴിയുന്നതോടെ തമിഴ്നാട്, കര്‍ണ്ണാടക വനങ്ങളില്‍ നിന്ന് മൃഗങ്ങള്‍ കേരളത്തിലെ വനത്തിലേക്ക് കയറുന്നു. കര്‍ണ്ണാടകയുടെയും തമിഴ്നാടിന്‍റയും ഇലപൊഴിയും കാടുകളില്‍ നിന്ന് വ്യത്യസ്തമായി കേരളത്തിലെ കാടുകളുടെ നിത്യഹരിതവനങ്ങളെന്ന പ്രത്യേകത തന്നെ കാരണം. ഇത്തരം സാഹചര്യത്തിൽ ചെക്ക് ഡാമുകൾ നിർമ്മിക്കുന്നതിലൂടെ കേരളത്തിലെ വനത്തിലെത്തുന്ന വന്യമൃഗങ്ങൾ നാട്ടിലേക്ക് ഇറങ്ങുന്നത് ഒരു പരിധിവരെ നിയന്ത്രിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.