ഗുജറാത്തിൽ കനത്ത മഴ: നവസാരിയിൽ വെള്ളപ്പൊക്കം, 3 മരണം
ഗുജറാത്തിൽ കനത്ത മഴ തുടരുന്നു. ഗുജറാത്തിലെ നവസാരി ജില്ലയിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിർത്താതെ പെയ്യുന്ന മഴ നഗരങ്ങളിലും ഗ്രാമങ്ങളിലും വ്യാപകമായ വെള്ളപ്പൊക്കത്തിന് കാരണമായി. ചൊവ്വാഴ്‌ച പെയ്ത കനത്ത മഴ നദികളിലെ ജലനിരപ്പ് ഗണ്യമായി ഉയരാൻ കാരണമായി. നവസാരി നഗരത്തിലൂടെ ഒഴുകുന്ന പൂർണ നദി ജലത്തിൻ്റെ അളവ് വർധിച്ചതിനെ തുടർന്ന് കുതിച്ചുയരുന്നത് ഡ്രോൺ ക്യാമറകളിൽ പതിഞ്ഞിട്ടുണ്ട്. കനത്ത മഴയെ തുടർന്ന് ഗുജറാത്തിലെ ദ്വാരകയിൽ മൂന്ന് നില കെട്ടിടം തകർന്ന് മൂന്ന് മരണം. അഞ്ച് പേരെ രക്ഷപ്പെടുത്തി. ഗുജറാത്തിലെ ദേവഭൂമി ദ്വാരക ജില്ലയിലെ ജാം ഖംഭാലിയ പട്ടണത്തിൽ മൂന്ന് നില കെട്ടിടം തകർന്ന് ഒരു വൃദ്ധയും അവരുടെ രണ്ട് പേരക്കുട്ടികളും ആണ് മരിച്ചത്. സംസ്ഥാനത്തെ സൗരാഷ്ട്ര മേഖലയിൽ കനത്ത മഴയ്ക്കിടെയാണ് സംഭവം.
ജാം ഖംഭാലിയ പട്ടണത്തിലെ ഗഗ്‌വാനി ഫാലി പ്രദേശത്ത് ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം. അർദ്ധരാത്രി വരെ ആറുമണിക്കൂറോളം നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് മൂന്ന് പേരുടെയും മൃതദേഹങ്ങൾ പുറത്തെടുത്തത്. തകർന്ന കെട്ടിടത്തിൽ നിന്ന് അഞ്ച് പേരെയും രക്ഷപ്പെടുത്തി.
എൻഡിആർഎഫ് രക്ഷാപ്രവർത്തനം നടത്തി
ദേശീയ ദുരന്ത നിവാരണ സേനയുടെ (എൻഡിആർഎഫ്) സംഘങ്ങൾ, പോലീസും അഗ്നിശമന സേനയും ചേർന്നാണ് കെട്ടിടത്തിനുള്ളിൽ കുടുങ്ങിയവരെ പുറത്തെടുത്തത് . തുടർച്ചയായി പെയ്യുന്ന കനത്ത മഴയാണ് ഈ മേഖലയെ ബാധിച്ചത്.
കേസർബെൻ കഞ്ചാരിയ (65), പ്രീതിബെൻ കഞ്ചാരിയ (15), പായൽബെൻ കഞ്ചാരിയ (18) എന്നിവരാണ് കൊല്ലപ്പെട്ടത്. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ മറ്റ് അഞ്ചുപേരെ രക്ഷപ്പെടുത്തി. മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി സർക്കാർ ആശുപത്രിയിലേക്ക് മാറ്റിയതായി പോലീസ് അറിയിച്ചു.
സൗരാഷ്ട്ര, തെക്കൻ ഗുജറാത്ത് ജില്ലകളിൽ കനത്ത മഴ ലഭിച്ചു. അണക്കെട്ടുകൾ കവിഞ്ഞൊഴുകുകയും നദികൾ അപകടനില മറികടക്കുകയും ചെയ്തതിനാൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കമുണ്ടായതായി അധികൃതർ അറിയിച്ചു.
ബുധനാഴ്ച രാവിലെ ആറിന് അവസാനിച്ച 24 മണിക്കൂറിൽ സൂറത്ത് ജില്ലയിലെ ഉമർപദ താലൂക്കിൽ 276 മില്ലിമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്. നവസാരി, ജുനഗഡ്, ദേവഭൂമി ദ്വാരക, കച്ച്, ഡാങ്‌സ്, താപി ജില്ലകൾ ഉൾപ്പെടെയുള്ള മറ്റ് പ്രദേശങ്ങളിലും കനത്ത മഴയാണ് വെള്ളപ്പൊക്കത്തിന് കാരണമായത്.
ആളുകൾ വീടിനുള്ളിൽ തന്നെ തുടരാനും കവിഞ്ഞൊഴുകുന്ന കോസ്‌വേകൾ മുറിച്ചുകടക്കുന്നത് ഒഴിവാക്കാനും പ്രാദേശിക ഭരണകൂടങ്ങൾ നിർദ്ദേശം നൽകി. കനത്ത മഴയെ തുടർന്ന് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി നൽകാൻ നവസാരി കളക്ടർ ഉത്തരവിട്ടിട്ടുണ്ട്. അടുത്ത രണ്ടുദിവസം കൂടെ ഗുജറാത്തിൽ മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അതേസമയം കനത്ത മഴയെ തുടർന്ന് ഡൽഹിയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കനത്ത മഴയിൽ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. ഉത്തർപ്രദേശ്, മുംബൈ എന്നിവിടങ്ങളിലും വ്യാപക മഴയാണ്.
image :ani
കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.
വാട്‌സ്ആപ്
ടെലഗ്രാം
വാട്‌സ്ആപ്പ് ചാനല്‍
Google News
Facebook Page
Weatherman Kerala Fb Page