കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും ഭൂട്ടാനിൽ ഏഴ് പേർ മരിക്കുകയും 16 പേരെ കാണാതാവുകയും ചെയ്തതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. പ്രധാനമന്ത്രി ലോട്ടെ ഷെറിംഗ് സംഭവസ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തുകയും രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതായി അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു.
അതേസമയം വെള്ളപ്പൊക്കത്തിൽ 32 മെഗാവാട്ട് യുങ്കിച്ചു ജലവൈദ്യുത പദ്ധതിയുടെ ഒരു ഭാഗം ഒലിച്ചുപോയി. പക്ഷേ പ്രധാന ഭാഗത്തെ ബാധിച്ചിട്ടില്ലെന്ന് ഭൂട്ടാനീസ് പത്രം ട്വിറ്റർ പോസ്റ്റിൽ പറഞ്ഞു. ഇതുവരെ ഏഴ് മൃതദേഹങ്ങൾ കണ്ടെടുത്തതായും 16 പേരെ കാണാതായതായും സ്റ്റേറ്റ് ബ്രോഡ്കാസ്റ്റർ ബിബിഎസ് അറിയിച്ചു.
കൊല്ലപ്പെട്ട ഏഴുപേരിൽ അഞ്ചുപേരെ തിരിച്ചറിഞ്ഞതായി അധികൃതർ പറഞ്ഞു. “ഇതൊരു വലിയ ദുരന്തമാണ്,” പ്ലാന്റിന്റെ നിർമ്മാണ ചുമതലയുള്ള ഡ്രക്ക് ഗ്രീൻ പവറിലെ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്തു . കാണാതായവരിൽ പ്രോജക്ട് ജീവനക്കാരും ഉൾപ്പെടുന്നുവെന്ന് ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
ചൈനയ്ക്കും ഇന്ത്യയ്ക്കും ഇടയിൽ സ്ഥിതി ചെയ്യുന്നതും വെറും 750,000 ജനസംഖ്യയുള്ളതുമായ ഭൂട്ടാനിൽ ഇത്തരത്തിലുള്ള വലിയ ദുരന്തങ്ങൾ താരതമ്യേന കുറവാണ് . എന്നാൽ 2021-ൽ ഉണ്ടായ , വെള്ളപ്പൊക്കത്തിൽ കുറഞ്ഞത് 10 പേരെങ്കിലും മരിച്ചിരുന്നു .
ഈ വർഷം, അയൽരാജ്യമായ നേപ്പാളിൽ ജൂണിൽ ആരംഭിച്ച മൺസൂൺ മഴ മൂലമുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും കുറഞ്ഞത് 25 പേർ കൊല്ലപ്പെടുകയും 25 പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്.