ഇസ്‌റാഈല്‍ ബോംബുവര്‍ഷത്തിനിടെ കനത്ത മഴ: മാലിന്യപ്രളയം, ഗസ്സയില്‍ 5 ലക്ഷം പേരെ ബാധിച്ചെന്ന് യു.എന്‍
ഇസ്‌റാഈലിന്റെ കനത്ത ആക്രമണത്തിനിടെ ഗസ്സയില്‍ ശക്തമായ മഴ. ഇതോടെ മാലിന്യ പ്രളയത്തില്‍ മുങ്ങിയിരിക്കുകയാണ് ദുരിത മേഖലയിലെ ജനങ്ങൾ. അഞ്ചുലക്ഷം പേര്‍ പകര്‍ച്ചവ്യാധി ഭീഷണിയാണ്. മാലിന്യനീക്കം ഒരു വര്‍ഷത്തിലേറെയായി നിലച്ചതാണ് ഇതിന് കാരണം എന്നും യു.എന്‍ ഫലസ്തീന്‍ അഭയാര്‍ഥി ഏജന്‍സി അധികൃതർ പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രി മുഴുവനും കനത്ത മഴയായിരുന്നു. കടല്‍ക്കരയിലെ ഇവരുടെ ടെന്റുകളില്‍ മിക്കതും തകരുകയും ഒഴുകിപ്പോകുകയും ചെയ്തിട്ടുണ്ട്. പ്ലാസ്റ്റിക് ടെന്റുകള്‍ പൂർണ്ണമായും തകരുകയായിരുന്നു. ടെന്റുകളായി ഉപയോഗിക്കുന്നത് ഒരു വര്‍ഷത്തോളം പഴക്കമുള്ള പ്ലാസ്റ്റിക് ഷീറ്റുകളാണ്. കനത്ത മഴയും വെയിലും ഏറ്റതോടെ ഇത് ദുർബലാവസ്ഥയിലായി.
പകരം ടെന്റുകള്‍ കിട്ടാക്കനിയാണ്. തണുപ്പ് കൂടിയതോടെ സ്‌കൂളുകളിലും മറ്റുമുള്ള അഭയാര്‍ഥി ക്യാംപില്‍ കഴിയുന്നവരും ദുരിത ജീവിതമാണ് നയിക്കുന്നത്. ജനലോ വാതിലോ ഇല്ലാത്ത തകര്‍ന്ന കെട്ടിടങ്ങളിലാണ് ദുരിതാശ്വാസ കേന്ദ്രങ്ങള്‍ പോലും പ്രവർത്തിക്കുന്നത്. കനത്ത മഴയും കൊടും തണുപ്പും പട്ടിണിയും ഗസ്സയിലെ മനുഷ്യരെ നരകതുല്യമായ ജീവിതത്തിലേക്കാണ് എത്തിച്ചത്. വിറകു കത്തിച്ചാണ് ഇവര്‍ തണുപ്പകറ്റുന്നതും ഭക്ഷണം പാകം ചെയ്യുന്നതും. മഴയില്‍ ധാന്യപ്പൊടികളുള്‍പ്പെടെ കുതിര്‍ന്നുവെന്ന് ആറു കുട്ടികളുടെ മാതാവായ സൗദ് അല്‍ സബീയ. മരണത്തെയും ജീവിതത്തെയും പേടിയില്ലാത്ത അവസ്ഥയിലാണ് ഇപ്പോൾ. മഴയാണ് തങ്ങളെ ഇപ്പോള്‍ ഏറെ പ്രയാസത്തിലാക്കുന്നതെന്നും അവര്‍.
മഴയെ തുടര്‍ന്ന് സ്ഥിതി രൂക്ഷമാണെന്ന് ഗസ്സ സിവില്‍ ഡിഫന്‍സ് അധികൃതർ . താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയെന്നും പലരുടെയും ടെന്റുകള്‍ തകര്‍ന്നെന്നും ഇസ്‌റാഈല്‍ ഭക്ഷണവും കുടിവെള്ള വിതരണവും തടയുകയാണെന്നും സിവില്‍ ഡിഫന്‍സ് അധികൃതർ പറയുന്നു.