യാത്രക്കാരുടെ ശ്രദ്ധയ്ക്ക്… കേരളത്തിൽ നിന്ന് ഗൾഫിലേക്കുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്… കേരളത്തിൽ നിന്ന് ഗൾഫിലേക്കുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി

ഇസ്രയേല്‍-ഇറാൻ സംഘര്‍ഷത്തെ തുടര്‍ന്ന് കേരളത്തില്‍ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസുകളും തടസ്സപ്പെടുന്നു. വിവിധ വിമാനങ്ങള്‍ റദ്ദാക്കുകയും പല സര്‍വീസുകളും വൈകുകയും ചെയ്തു. പാകിസ്ഥാൻ വ്യോമപാതയിൽ ഇന്ത്യൻ വിമാനങ്ങൾക്ക് നേരത്തെ തന്നെ വിലക്കുണ്ട്. ഈ സാഹചര്യത്തിൽ പല വിമാനങ്ങളും ഒമാൻ വ്യോമപാതയാണ് ഉപയോഗിക്കുന്നത്.

ഇറാന്‍ വ്യോമപാത അടച്ചതിനെ തുടര്‍ന്ന് ഒമാന്‍ ആകാശപാതയില്‍ തിരക്കേറിയതാണ് വിമാന സര്‍വീസുകള്‍ റദ്ദാക്കാന്‍ കാരണം. എയര്‍ ഇന്ത്യ എക്സ്‍പ്രസ് കേരളത്തില്‍ നിന്നുള്ള വിവിധ സര്‍വീസുകള്‍ തിങ്കളാഴ്ച റദ്ദാക്കിയിട്ടുണ്ടായിരുന്നു.

ഗൾഫിലേക്കുള്ള ആറോളം സര്‍വീസുകളാണ് എയര്‍ ഇന്ത്യ എക്സ്‍പ്രസ് റദ്ദാക്കിയിരുന്നത്. ഇറാന്‍ വ്യോമപാത അടച്ചിരിക്കുകയാണ്. പല വിമാനങ്ങളും ഒമാന്‍ വ്യോമപാത സ്വീകരിച്ചതോടെ ഈ പാതയില്‍ എയര്‍ട്രാഫിക് കൂടി.

തിങ്കളാഴ്ച പുറപ്പെടേണ്ട കണ്ണൂര്‍-ഷാര്‍ജ വിമാനം, ബുധനാഴ്ച പുറപ്പെടേണ്ട ഷാര്‍ജ-കോഴിക്കോട് വിമാനം, മംഗലാപുരം-ദുബൈ വിമാനം, കൊച്ചി-ഷാര്‍ജ വിമാനം, വ്യാഴാഴ്ച പുറപ്പെടേണ്ട വിവിധ വിമാനങ്ങള്‍ എന്നിവയാണ് റദ്ദാക്കിയതായി എയര്‍ ഇന്ത്യ എക്സ്‍പ്രസ് യാത്രക്കാരെ അറിയിച്ചിട്ടുള്ളത്. എയര്‍ ഇന്ത്യ എക്സ്‍പ്രസിന്‍റെ ബഹ്റൈന്‍-കോഴിക്കോട്, കോഴിക്കോട്-ബഹ്റൈന്‍ സര്‍വീസും റദ്ദാക്കി.

പല സര്‍വീസുകളും മണിക്കൂറുകള്‍ വൈകിയാണ് പോകുന്നത്. കോഴിക്കോട്-കുവൈത്ത് സർവിസ് മൂന്നു മണിക്കൂറും, കണ്ണൂർ സർവീസും മണിക്കൂറുകളോളം വൈകി. മസ്കത്ത്-കണ്ണൂർ, മസ്കത്ത്-കോഴിക്കോട് സർവീസുകളും വൈകിയിട്ടുണ്ട്. ഇതോടെ നിരവധി യാത്രക്കാരാണ് ദുരിതത്തിൽ ആയത് . യുഎഇയ്ക്കും ഇന്ത്യക്കും ഇടയില്‍ പറക്കുന്ന മറ്റ് എയര്‍ലൈനുകളും സര്‍വീസുകള്‍ റദ്ദാക്കുകയും വൈകി പുറപ്പെടുകയും ചെയ്തിട്ടുണ്ട്.

ഇതിന്‍റെ പശ്ചാത്തലത്തില്‍ സ്പൈസ്ജെറ്റ് എക്സില്‍ അറിയിപ്പ് പങ്കുവെച്ചിട്ടുണ്ട്. ദുബൈ വ്യോമപാതയില്‍ എയര്‍ട്രാഫിക് വൻതോതില്‍ ഉയര്‍ന്നതിനാലും മസ്കറ്റ് വ്യോമപാത ലഭ്യമാകാത്തതിനാലും വിമാനങ്ങളുടെ പുറപ്പെടലിനെയും എത്തിച്ചേരലിനെയും ബാധിക്കുമെന്നാണ് എയര്‍ലൈന്‍റെ അറിയിപ്പിൽ പറയുന്നത്.

യാത്ര ചെയ്യുന്നവർ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് അതത് വിമാന കമ്പനികളുമായി ബന്ധപ്പെട്ട് സർവീസുകളുടെ സ്ഥിതി അന്വേഷിക്കണമെന്ന് വിവിധ വിമാനത്താവള അധികൃതർ സോഷ്യൽ മീഡിയയിലൂടെ നൽകിയ അറിയിപ്പിൽ പറയുന്നുണ്ട്. 

metbeat news

Tag: Attention passengers… Several flights from Kerala to the Gulf have been canceled

Photo credit : Flightradar

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.