Fengal cyclone kerala rain live 01/12/24: കരകയറി ദുര്‍ബലമായ ഫിന്‍ജാല്‍ കേരളത്തില്‍ എവിടെയൊക്കെ തീവ്ര മഴ നല്‍കും
ഫിന്‍ജാല്‍ ചുഴലിക്കാറ്റ് ഇന്ന് ഉച്ചയ്ക്ക് മുന്‍പ് തന്നെ കരകയറി, ശേഷം ദുര്‍ബമായി. രാവിലെ 8 ഓടെയാണ് കരകയറല്‍ പ്രക്രിയ തുടങ്ങിയത്. പുതുച്ചേരിക്കും കല്‍പാക്കത്തിനും ഇടയില്‍ മരക്കാനത്താണ് കരകയറല്‍ നടന്നത്. ഉച്ചയ്ക്ക് ഒരു മണിയോടെ കരകയറല്‍ പ്രക്രിയ പൂര്‍ത്തിയായി. തുടര്‍ന്ന് ഫിന്‍ജാല്‍ ദിണ്ഡിവനം ഭാഗത്തേക്ക് നീങ്ങിയ ശേഷം ദുര്‍ബലമായി.
തിരുവണ്ണാമലൈക്ക് മുകളില്‍
തീവ്രന്യൂനമര്‍ദമായി മാറിയ ഫിന്‍ജാല്‍ ഇന്ന് (ഞായര്‍) അര്‍ധരാത്രിയോടെ ന്യൂനമര്‍ദമായി മാറും. തിരുവണ്ണാമലൈ ജില്ലയിലേക്കാണ് ഫിന്‍ജാല്‍ ഇന്ന് വൈകിട്ടത്തെ ഉപഗ്രഹ ഡാറ്റ അനുസരിച്ച് നീങ്ങുന്നത്. ബംഗാള്‍ ഉള്‍ക്കടലില്‍ നിന്ന് ധാരാളം ഈര്‍പ്പത്തെ ഫിന്‍ജാല്‍ നിലവില്‍ തമിഴ്‌നാട്ടിലേക്ക് വലിച്ചു കയറ്റുന്നുണ്ട്.
ഇറോഡ്, കോയമ്പത്തൂര്‍ കനത്ത മഴ
കേരളം ലക്ഷ്യമാക്കി നീങ്ങുന്ന ഫിന്‍ജാല്‍ തുടര്‍ന്നുള്ള മണിക്കൂറുകളില്‍ സേലം, ഈറോഡ്, തിരുച്ചി, കോയമ്പത്തൂര്‍, നീലഗിരി ജില്ലകളിലും കനത്ത മഴ നല്‍കും. തുടര്‍ന്ന് പാലക്കാട്ടും കനത്ത മഴ രാത്രിയോടെ പ്രതീക്ഷിക്കാമെന്ന് മെറ്റ്ബീറ്റിലെ നിരീക്ഷകര്‍ പറയുന്നു.
അറബിക്കടലിലെ കാറ്റിനെ ആകര്‍ഷിക്കുന്നു. കേരളത്തിലും മഴ
പാലക്കാട് പാസ് എന്നറിയപ്പെടുന്ന പശ്ചിമഘട്ട ഇടനാഴി വഴി അറബിക്കടലില്‍ നിന്നുള്ള കാറ്റിനെയും ഫിന്‍ജാല്‍ ചുഴലിക്കാറ്റ് ആകര്‍ഷിച്ച് തുടങ്ങി. പാലക്കാട്, പൊള്ളാച്ചി, ധാരാപുരം, തിരുച്ചി, തഞ്ചാവൂര്‍, മയിലാടുതുറൈ വഴിയാണ് കാറ്റ് ചുഴറ്റി ഫിന്‍ജാലിലേക്ക് പോകുന്നത്. ഈ കാറ്റ് അറബിക്കടലില്‍ നിന്ന് കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം വഴിയാണ് പാലക്കാട് ഇടനാഴിയിലെത്തുന്നത്. അതിനാല്‍ കണ്ണൂര്‍ മുതല്‍ മലപ്പുറം വരെയുള്ള ജില്ലകളിലും മഴക്ക് സാധ്യതയേറി.
കേരളത്തിനു മുകളിലൂടെ പാലക്കാട് ഇടനാഴി വഴി തമിഴ്‌നാട്ടിലൂടെ ഫിന്‍ജാലിലേക്ക് സ്ട്രീം ചെയ്യപ്പെടുന്ന കാറ്റ്
പാലക്കാട് ഇടനാഴിക്ക് ശേഷം കാറ്റിന് ശക്തി വര്‍ധിക്കുന്നതായാണ് ഉപഗ്രഹ നിരീക്ഷങ്ങള്‍. ഈര്‍പ്പത്തെ കൂടുതല്‍ കേരളത്തിനു മുകളില്‍ നിക്ഷേപിക്കപ്പെടുന്നതിനാല്‍ രാത്രിയോടെ മേഘരൂപീകരണം സജീവമാകുകയും കേരളത്തിലെ പശ്ചിമഘട്ട മേഖലകളിലടക്കം കൂടുതല്‍ മഴ ലഭിക്കുകയും ചെയ്യുമെന്ന് ഞങ്ങളുടെ നിരീക്ഷകര്‍ പറയുന്നു. അതിനാല്‍ ജാഗ്രത പാലിക്കണം.
കേരളത്തിലെ മഴ സാധ്യത
കഴിഞ്ഞ ദിവസങ്ങളിലെ റിപ്പോര്‍ട്ടുകളിലെ സൂചിപ്പിച്ചതു പോലെ കേരളത്തില്‍ തിങ്കള്‍ മുതല്‍ മഴ ശക്തിപ്പെടും. ചൊവ്വാഴ്ചയാണ് കൂടുതല്‍ ശക്തമായ മഴ പ്രതീക്ഷിക്കുന്നത്.
തിങ്കള്‍
നാളെ കേരളത്തില്‍ തിരുവനന്തപുരം, കൊല്ലം ജില്ലകള്‍ ഒഴികെയുള്ള ജില്ലകളില്‍ ശക്തമായ മഴ സാധ്യത. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, എറണാകുളം ജില്ലകളില്‍ അതിശക്തമായ മഴ സാധ്യത. കണ്ണൂര്‍, കാസര്‍കോട്, വയനാട് ജില്ലകളില്‍ ചിലയിടങ്ങളില്‍ അതിശക്തമായ മഴ സാധ്യത.
ചൊവ്വ
ചൊവ്വാഴ്ച നിലവിലെ സൂചന അനുസരിച്ച് മലപ്പുറം, കണ്ണൂര്‍, കോഴിക്കോട്, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ അതിശക്തമോ തീവ്രമോ ആയ മഴ സാധ്യത. കാസര്‍കോട്, എറണാകുളം, ഇടുക്കി ജില്ലകളില്‍ ശക്തമായതോ അതിശക്തമായതോ ആയ മഴ സാധ്യത. ആലപ്പുഴ ജില്ലയില്‍ ഇടത്തരം മഴ. കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ തെളിഞ്ഞ കാലാവസ്ഥ.
ബുധനാഴ്ച കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം, വയനാട്, കാസര്‍കോട് ജില്ലകളില്‍ ശക്തമായ മഴക്കും തൃശൂര്‍, എറണാകുളം, പാലക്കാട്, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ തെളിഞ്ഞ കാലാവസ്ഥയും തുടരും.