ഇന്ത്യയില്‍ ഇന്ന് അഞ്ചു മണിക്കൂറിനിടെ അഞ്ചിടത്ത് ഭൂചലനം
കര്‍ണാടകയും തമിഴ്‌നാടും ഉള്‍പ്പെടെ ഇന്ത്യയില്‍ ഇന്ന് 5 മണിക്കൂറില്‍ അഞ്ചിടത്ത് ഭൂചലനം.ഇന്ത്യയുടെ അയല്‍രാജ്യങ്ങളിലും രണ്ടിടങ്ങളില്‍ ഈ സമയം ഭൂചലനം. 3.1 തീവ്രത മുതല്‍ 4.7 തീവ്രത വരെ രേഖപ്പെടുത്തിയ ഭൂചലനമാണ് ഇന്ത്യയില്‍ ഉണ്ടായത്. രാവിലെ 6.52 ന് കര്‍ണാടകയിലെ വിജയപുരയ്ക്കടുത്ത് 3.1 തീവ്രതയുള്ള ഭൂചലനം റിപ്പോര്‍ട്ടു ചെയ്തു. ഇതാണ് ഇന്ന് ഇന്ത്യയിലുണ്ടായ ആദ്യ ഭൂചലനം. ബീജാപൂരിന് 18 കി.മി കിഴക്കാണ് 10 കി.മി താഴ്ചയില്‍ ഭൂചലനമുണ്ടായത്.
ഏതാനും മിനുട്ടിന് ശേഷം 7.36 ന് തമിഴ്‌നാട്ടിലും ഭൂചലനമുണ്ടായി. കാഞ്ചീപുരത്തിനടുത്താണ് പ്രഭവ കേന്ദ്രം. ചെങ്കല്‍പേട്ടിനു തെക്കു പടിഞ്ഞാറ് 25 കി.മി അകലെയാണ് 3.2 തീവ്രതയുള്ള ഭൂചലനമുണ്ടായത്. 10 കി.മി താഴ്ചയിലായിരുന്നു ഭൂചലനം. ചെങ്കല്‍പേട്ടിനും കല്‍പാക്കത്തിനും ഇടയില്‍ മധുരന്‍താക്കം ഭാഗത്താണ് പ്രഭവകേന്ദ്രം എന്ന് അറിയുന്നു. ഭൗമോപരിതലത്തില്‍ നിന്ന് 10 കിലോമീറ്റര്‍ താഴ്ച്ചയില്‍ ആണ് ഭൂചലനം. പരിസര പ്രദേശങ്ങളില്‍ പ്രകമ്പനം അനുഭവപ്പെട്ടു.
തുടര്‍ന്ന് രാവിലെ 8.46 ന് മേഘാലയയിലും 3.8 തീവ്രതയുള്ള ഭൂചലനമുണ്ടായി. കിഴക്കന്‍ ഖാസി കുന്നുകളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ഷില്ലോങ്ങിന് 17 കി.മി തെക്കുപടിഞ്ഞാറാണ് പ്രഭവകേന്ദ്രം. 3.9 തീവ്രതയുള്ള ഭൂചലനം ഭൗമോപരിതലത്തില്‍ നിന്ന് 14 കി.മി താഴ്ചയിലാണുണ്ടായത്.
രാവിലെ 9 ന് ഗുജറാത്തില്‍ ഭൂചലനമുണ്ടായി. 3.9 ആയിരുന്നു തീവ്രത. കച്ചിനു സമീപമാണ് പ്രഭവ കേന്ദ്രം. ബഹാച്ചൗവിന് 19 കി.മി വടക്കു കിഴക്കാണ് 3.9 തീവ്രതയുള്ള ഭൂചലനം അനുഭവപ്പെട്ടത്. 20 കി.മി താഴ്ചയിലാണ് ഭൂചലനം ഉണ്ടായത്.
രണ്ടു മിനുട്ടിന് ശേഷം 9.02 ന് മധ്യപ്രദേശിനോട് ചേര്‍ന്നുള്ള ഗുജറാത്ത് മേഖലയിലും ഭൂചലനമുണ്ടായി. ദഹോഡ് ജില്ലയിലെ ദഹോഡില്‍ നിന്ന് 50 കി.മി തെക്കുകിഴക്കാണ് ഭൂചലനമുണ്ടായത്. അല്‍പം കൂടി തീവ്രത കൂടുതലായിരുന്നു. 4.7 തീവ്രതയാണ് രേഖപ്പെടുത്തിയത്. 10 കി.മി താഴ്ചയിലായിരുന്നു ഭൂചലനം.
ഇതു കൂടാതെ രാവിലെ 7.35 ന് മ്യാന്‍മറില്‍ 3.8 ഉം ഉച്ചയ്ക്ക് 1.51 ന് ചൈനയിലെ ടിബറ്റില്‍ 4.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായി.