ജപ്പാനില്‍ ശക്തമായ ഭൂചലനം; സുനാമി മുന്നറിയിപ്പില്ല
ജപ്പാനില്‍ ശക്തമായ ഭൂചലനം. ടോക്യോയിലും കിഴക്കന്‍ മേഖലയിലുമാണ് ഭൂചലനമുണ്ടായത്. മധ്യ ടോക്യോയിലെ 7 സെസ്മിക് സ്‌കെയിലില്‍ നാല് തീവ്രതയാണ് രേഖപ്പെടുത്തിയത്. പ്രാദേശിക സമയം രാവിലെ 8.59 നാണ് ഭൂചലനം. ടോക്യോ ബേക്ക് സമീപം 80 കി.മി താഴ്ചയിലാണ് പ്രഭവ കേന്ദ്രം.
സുനാമി മുന്നറിയിപ്പില്ലെന്ന് ജപ്പാന്‍ കാലാവസ്ഥാ ഏജന്‍സി അറിയിച്ചു. മധ്യ ടോക്യോയിലെ കിഴക്കന്‍ മേഖലയായ കനാഗവയിലും ഭൂചലനം അനുഭവപ്പെട്ടതായി സിന്‍ഹുവ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. നാശനഷ്ടങ്ങളോ ആളപായമോ സംബന്ധിച്ച റിപ്പോര്‍ട്ടുകളില്ലെന്ന് ടോക്യോ മെട്രൊപൊളിറ്റന്‍ പൊലിസ് അറിയിച്ചു.
ഭൂചലനത്തെ തുടര്‍ന്ന് പൊതുഗതാഗത സര്‍വിസുകള്‍ വൈകിയതായി ജപ്പാന്‍ ടുഡോ പത്രം റിപ്പോര്‍ട്ട് ചെയ്തു.
മെട്രോപൊളിറ്റന്‍ മേഖലയില്‍ തൊകെയ്‌ഡോ ഷിന്‍കാന്‍സെന്‍ ബുള്ളറ്റ് ട്രെയിന്‍ സര്‍വിസും വൈകി.
ലോകത്തില്‍ ഏറ്റവുമധികം ഭൂകമ്പങ്ങള്‍ അനുഭവപ്പെടുന്ന മേഖലകളിലൊന്നാണ് ജപ്പാന്‍. 2011 ലാണ് ജപ്പാനില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തതില്‍ ഏറ്റവും ശക്തമായ ഭൂചലനമുണ്ടായത്. ഇതില്‍ ഫുക്കുഷിമ ആണവ നിലയത്തില്‍ ചോര്‍ച്ചയുണ്ടായിരുന്നു. ഈയിടെയാണ് നിലയത്തിലെ ചോര്‍ച്ചയ്ക്ക് പരിഹാരമുണ്ടായത്.