സഹാറയിൽ നിന്ന് പൊടിക്കാറ്റ്; ഗ്രീക്ക് നഗരങ്ങൾ ഓറഞ്ച് നിറമായി
സഹാറ മരുഭൂമിയിൽ നിന്ന് ശക്തമായ പൊടിക്കാറ്റ് വീശിയടിച്ചു. ആതൻസ് ഉൾപ്പെടെയുള്ള ഗ്രീക്ക് നഗരങ്ങൾ പൊടിക്കാറ്റിനെ തുടർന്ന് ഓറഞ്ച് നിറമായി. 2018ന് ശേഷമുള്ള ഏറ്റവും കനത്ത പൊടിക്കാറ്റാണ് ഗ്രീസിൽ ഇപ്പോൾ വീശി അടിക്കുന്നത്. ആകാശം ഓറഞ്ചും മഞ്ഞയും കലർന്ന നിറത്തിലായിട്ടുണ്ട് . കാഴ്ചാപരിധി കുറഞ്ഞതിന് പുറമേ ശ്വാസകോശ പ്രശ്നങ്ങൾക്കും പൊടിക്കാറ്റ് കാരണമായി മാറുന്നു.
സഹാറയിലെ പൊടിക്കാറ്റിനെ ആതൻസിന് മുകളിലെത്തിക്കുന്നത് ശക്തമായ തെക്കൻകാറ്റാണ്. ഇത് അപൂർവമല്ലെങ്കിലും ഇത്തവണ പതിവിലും ശക്തി കൂടുതലാണ്. ഗ്രീസിൽ പലയിടത്തും കനത്ത ചൂടും അനുഭവപ്പെടുന്നു. പലയിടത്തും തീപ്പിടിത്തവും റിപ്പോർട്ട് ചെയ്യുന്നുണ്ട്.
ആരോഗ്യപ്രശ്നങ്ങളുള്ളവർ മുൻകരുതലെടുക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. അതേസമയം, ഗ്രീസിലെത്തിയ സഞ്ചാരികൾക്ക് കൗതുകക്കാഴ്ചയാണ് പൊടിക്കാറ്റ് സമ്മാനിച്ചത്. സമൂഹമാധ്യമങ്ങളിൽ നിരവധി വീഡിയോകൾ ഉണ്ട് .
ആഫ്രിക്കൻ വൻകരയിലെ സഹാറ ലോകത്തെ ഏറ്റവും വലിയ മരുഭൂമിയാണ്. വർഷാവർഷം 200 മില്യൺ ടൺ പൊടിയാണ് കാറ്റുവഴി സഹാറയിൽ നിന്ന് മറ്റിടങ്ങളിലേക്ക് പറന്നെത്തുന്നത്. ഇതിലെ ഏറ്റവും കനംകുറഞ്ഞ പൊടിപടലങ്ങൾ ആയിരക്കണക്കിന് കിലോമീറ്ററുകൾ സഞ്ചരിച്ച് യൂറോപ്പ് വരെ എത്തും. ഗ്രീക്ക് കാലാവസ്ഥാ കേന്ദ്രം പറയുന്നതനുസരിച്ച് വ്യാഴാഴ്ചക്ക് ശേഷം ആകാശത്ത് പൊടിക്കാറ്റിന്‍റെ സാന്നിധ്യം കുറഞ്ഞുവരും.
വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ
FOLLOW US ON GOOGLE NEWS