രണ്ടുമാസം മുൻപേ ഡെങ്കിപ്പനി പ്രവചിക്കാം ; മലയാളി ശാസ്ത്രജ്ഞർ വികസിപ്പിച്ച മുന്നറിയിപ്പു മാതൃക
രണ്ടുമാസം മുന്‍പേ ഡെങ്കിപ്പനി സാധ്യത പ്രവചിക്കാനുള്ള മാതൃക വികസിപ്പിച്ച് പുണെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കല്‍ മീറ്റിയറോളജിയിലെ (ഐ.ഐ.ടി.എം.) മലയാളി ശാസ്ത്രജ്ഞനും സംഘവും. കാലാവസ്ഥാ ശാസ്ത്രജ്ഞന്‍ കോട്ടയം ഭരണങ്ങാനം സ്വദേശി ഡോ. റോക്‌സി മാത്യു കോളിന്റെ നേതൃത്വത്തില്‍ ഗവേഷണ വിദ്യാര്‍ഥിനി എറണാകുളം മൂക്കന്നൂര്‍ സ്വദേശിനി സോഫിയ യാക്കോബ് ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്നാണ് ഈ മാതൃക വികസിപ്പിച്ചത്.
കാലാവസ്ഥയും ഡെങ്കിപ്പനിയും തമ്മിലുള്ള ബന്ധം നിര്‍മിതബുദ്ധിയും (എ.ഐ.) മെഷീന്‍ ലേണിങ്ങും (എം.എല്‍.) അടിസ്ഥാനമാക്കി കണക്കുകൂട്ടി . സംവിധാനം ആണിത്. മഴയുടെയും താപനിലയുടെയും അടിസ്ഥാനത്തില്‍ കൊതുകു വളരാനും ഡെങ്കിപ്പനി വ്യാപിക്കാനുമുള്ള സാധ്യത മുന്‍കൂട്ടി കണക്കാക്കുകയാണ് ചെയ്യുക. കേരളം പോലെ ഡെങ്കിപ്പനി സാധ്യതയുള്ള സംസ്ഥാനത്ത് ഇതിന്റെ പ്രയോജനം ഏറെയാണെന്നാണ് വിലയിരുത്തുന്നത്.
എന്നാല്‍, ഇതുസംബന്ധിച്ച പഠനത്തിനായി കേരളത്തിലെ വിവരങ്ങള്‍ ആവശ്യപ്പെട്ടപ്പോള്‍ ആരോഗ്യവകുപ്പും കാലാവസ്ഥാ വ്യതിയാനം-പൊതുജനാരോഗ്യം നോഡല്‍ ഓഫീസറും സഹകരിച്ചില്ലെന്നും ഡോ. റോക്‌സി പറയുന്നു. ഇക്കാരണത്താല്‍ കേരളം കേന്ദ്രിതമായ പ്രത്യേക ഗവേഷണം ഉപേക്ഷിക്കേണ്ടിവന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സമയബദ്ധമായ ഇടപെടലുണ്ടായില്ലെങ്കില്‍, ഉയരുന്ന താപനിലയും കാലവര്‍ഷത്തിലെ വ്യതിയാനവും കാരണം ഡെങ്കിപ്പനിയും മരണനിരക്കും രാജ്യത്ത് ഉയരുമെന്നും പഠനത്തിൽ പറയുന്നുണ്ട്.
2030-ല്‍ ഇത് 13 ശതമാനവും 2050-ല്‍ 23-40 ശതമാനവും 2081-2100 കാലത്ത് 30-112 ശതമാനവും വര്‍ധിക്കുമെന്നാണു പഠനത്തിൽ പറയുന്നത്. ഇന്ത്യയിലെ കാലാവസ്ഥയും ഡെങ്കിയും തമ്മിലുള്ള സങ്കീര്‍ണമായ ബന്ധങ്ങളിലേക്ക് അറിവുപകരുന്ന ഗവേഷണപ്രബന്ധം അന്താരാഷ്ട്ര ശാസ്ത്ര പ്രസിദ്ധീകരണമായ ‘സയന്റിഫിക് റിപ്പോര്‍ട്സി’ല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
2023-ല്‍ രാജ്യത്ത് ഡെങ്കിപ്പനിമൂലം ഏറ്റവുമധികം മരണമുണ്ടായത് കേരളത്തിലാണ് (153 പേര്‍). മഴയുടെ ഏറ്റക്കുറച്ചിലുകള്‍ ഇടയ്ക്കിടെ വെള്ളം കെട്ടിനില്‍ക്കാന്‍ കാരണമാകുന്നു. ഇത് കൊതുകുകളുടെ പ്രജനനം കൂട്ടുകയും, ചൂടുള്ള കാലാവസ്ഥ അവയുടെ ജീവിതചക്രം വേഗത്തിലാക്കുകയും ചെയ്യും. ഇത് ഡെങ്കിപ്പനി പടരാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു . കേരളത്തിലെ ഉയര്‍ന്ന ജനസാന്ദ്രതയും നഗരവത്കരണവും അപകടസാധ്യത വര്‍ധിപ്പിക്കുന്ന ഒന്നാണ്.