ലിബിയയിൽ മരണം 20,000 കടന്നെന്ന് റിപ്പോർട്ടുകൾ. ഡെര്‍ന നഗരത്തിലുണ്ടായ പ്രളയത്തില്‍ പ്രളയത്തില്‍ നശിച്ച ജില്ലകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ മരണങ്ങള്‍ 18000 മുതല്‍ 20000 വരെയാകാന്‍ സാധ്യയുണ്ടെന്നാണ് ഡെര്‍നയിലെ മേയര്‍ അറിയിച്ചത്.3190 പേരുടെ മൃതദേഹമാണ് ഇതുവരെ സംസ്‌കരിച്ചിട്ടുള്ളത്.
ഇതില്‍ 400 പേര്‍ ഈജിപ്തില്‍ നിന്നും സുഡാനില്‍ നിന്നുമുള്ളവരാണ്. പല ഗ്രാമങ്ങളും നഗരങ്ങളും പ്രളയത്തില്‍ അപ്പാടെ തകര്‍ന്നതിനാല്‍ മരണസംഖ്യ സ്ഥിരീകരിക്കാന്‍ ഇനിയും സമയമെടുത്തേക്കും.5300 ലധികം പേര്‍ പ്രളയത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നായിരുന്നു ഒടുവിലത്തെ കണക്ക്.
അതേസമയം കുടിവെള്ളത്തിനും ഭക്ഷണത്തിനും കടുത്ത ക്ഷാമമാണ് ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്നത്. ഇന്റര്‍നെറ്റ് സേവനം പൂര്‍ണമായും പുഃനസ്ഥാപിക്കാന്‍ ഇപ്പോഴും സാധിച്ചിട്ടില്ല. അഞ്ച് പാലങ്ങളാണ് ഡെര്‍നണയില്‍ തകര്‍ന്നിരിക്കുന്നത്. അതിനാല്‍ ഗതാഗത തടസ്സങ്ങളും ദുരന്തത്തിന്റെ വ്യാപ്തി കൂട്ടുന്നുണ്ട്.
Pray for Libya.
May Allah grant them ease… #Libya pic.twitter.com/7RlZNCMnJ3— Idris (@7signxx) September 13, 2023
റോഡുകള്‍ തകര്‍ന്നതിനാല്‍ ഒട്ടേറെ പേര്‍ ഇപ്പോഴും നഗരത്തിലെത്താന്‍ സാധിക്കാതെ ബുദ്ധിമുട്ടുന്നുണ്ട്. പ്രളയത്തില്‍ ഡെര്‍ണ നഗരത്തിലേക്കുള്ള പ്രധാന പാതകളെല്ലാം തകര്‍ന്നത് രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കിയിരുന്നു. ഒരു ലക്ഷത്തിലധികം ജനസംഖ്യയുള്ള നഗരമാണ് ഡെര്‍ണ. സെപ്റ്റംബര്‍ പത്തോടെയാണ് കിഴക്കന്‍ ലിബിയയില്‍ ഡാനിയല്‍ കൊടുങ്കാറ്റ് വീശിയടിച്ചത്.
തീരദേശ പട്ടണമായ ജബല്‍ അല്‍ അഖ്ദര്‍, ബെന്‍ഗാസ് എന്നീ പ്രദേശങ്ങള്‍ പൂര്‍ണമായും നശിച്ച അവസ്ഥയിലാണ്. കിഴക്കന്‍ നഗരങ്ങളായ ബെന്‍ഗാസി, സൂസെ, ഡെര്‍ന, അല്‍ മര്‍ജ് എന്നിവിടങ്ങളിലും വെള്ളപ്പൊക്കം രൂക്ഷമായി ബാധിച്ചു.
യുഎന്‍എച്ച്സിആറിന്റെ കണക്കനുസരിച്ച്, 60,000 പേര്‍ കുടിയിറക്കപ്പെട്ടിട്ടുണ്ട്. രാഷ്ട്രീയമായി ഭിന്നിച്ചിരിക്കുന്ന ലിബിയയില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ സങ്കീര്‍ണമാണ്. എല്ലാവരും മൊറോക്കയിലെ ഭൂകമ്പത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതിനാല്‍ ലിബിയയിലെ ദുരന്തത്തിന്റെ വ്യാപ്തി മനസ്സിലാക്കാന്‍ സാധിച്ചില്ലെന്നാണ് വിലയിരുത്തല്‍.
അന്താരാഷ്ട്ര അടിയന്തര സഹായ പ്രവര്‍ത്തനം മന്ദഗതിലിയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.12 രാജ്യങ്ങളാണ് ഇതുവരെ ലിബിയയിലേക്ക് സഹായ രക്ഷാ സംഘങ്ങളെ അയച്ചിട്ടുള്ളത്.
അണക്കെട്ടുകൾ തകർന്നത് ദുരന്തത്തിന്റെ വ്യാപ്തി കൂട്ടി
രണ്ട് അണക്കെട്ട് തകര്‍ന്നതാണ് ദുരന്തത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചത്. ഡെര്‍ണ നഗരത്തിന്റെ നാലിലൊന്നോ അതിലധികമോ ഭാഗം ജലപ്രവാഹത്തില്‍ ഒലിച്ചുപോയി. കെട്ടിടങ്ങളും വാഹനങ്ങളും ആളുകളും അടക്കം കടലിലേക്ക് ഒലിച്ചുപോയതായി റിപ്പോര്‍ട്ടുകളുണ്ട്. മൃതദേഹങ്ങള്‍ പലതും ഇപ്പോഴും തെരുവിലാണ്. കടലില്‍ നിന്ന് ഒട്ടേറെ മൃതദേഹങ്ങള്‍ കരയ്ക്ക് അടിഞ്ഞുകൊണ്ടിരിക്കുകയാണ്.
പ്രവചിച്ചതിലുമധികമാണ് നാശനഷ്ടങ്ങളെന്നാണ് ഉദ്യോഗസ്ഥര്‍ അറിയിക്കുന്നത്. കൊടുങ്കാറ്റും പ്രളയവും ഏറ്റവും കൂടുതല്‍ ബാധിച്ച ഡെര്‍ണയില്‍ നിന്ന് ഇതുവരെ 30000 പേരെയെങ്കിലും മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. മൃതദേഹങ്ങള്‍ കൂട്ടമായാണ് ഇപ്പോള്‍ സംസ്‌കരിച്ചുകൊണ്ടിരിക്കുന്നത്. പല മൃതദേഹങ്ങളും തിരിച്ചറിയാന്‍ പോലും ഇതുവരെ സാധിച്ചിട്ടില്ല.
ഡാം തകർന്നപ്പോൾ എത്തിയത് 3 കോടി ക്യുബിക് മീറ്റർ വെള്ളം
തകർന്ന ആദ്യ ഡാം വലിയ ഡാമൊന്നുമല്ല. 70 മീറ്റർ (230) അടി ഉയരമുള്ളതാണ് ഈ ഡാം. ഡാം തകർന്നപ്പോൾ മൂന്നു കോടി ക്യുബിക് മീറ്റർ വെള്ളമാണ് ഒന്നിച്ച് ഒഴുകിയത്. 12,000 ഒളിംപിക് സിമ്മിങ് പൂളിലെ വെള്ളത്തിന്റെ അത്രയും വരുമിത്. രണ്ടു ഡാമുകളും തകർന്നു എത്തിയ ജലബോംബ് പതിച്ചത് ഒരു ലക്ഷത്തിലേറെ പേർ താമസിക്കുന്ന മധ്യധരണ്യാഴിയുടെ തീരദേശ നഗരമായ ഡെർനയിലാണ്.
കാലാവസ്ഥ പ്രവചിച്ചു, പക്ഷേ..
ദുരന്തമുണ്ടാകുന്നതിന് 3 ദിവസം മുൻപ് കാലാവസ്ഥാ പ്രവചനം നൽകിയിരുന്നുവെന്ന് ലിബിയൻ കാലാവസ്ഥാ വകുപ്പായ ലിബിയ നാഷനൽ മീറ്റിയോറോളജിക്കൽ സെന്റർ പറഞ്ഞു. സെപ്റ്റംബർ 10 മുതൽ 11 വരെ ബൈദയിൽ 41.4 സെ.മി മഴ ലഭിച്ചെന്നും കാലാവസ്ഥാ വകുപ്പ് പറഞ്ഞു.
എന്നാൽ വാണിങ് സിസ്റ്റമുണ്ടായിരുന്നില്ലെന്നും സൂചന മാത്രമാണുണ്ടായിരുന്നതെന്നും നാട്ടുകാർ പറയുന്നു. വാണിങ് സിസ്റ്റമോ, ഒഴിപ്പിക്കൽ പദ്ധതിയോ ഉണ്ടായിരുന്നില്ല. ഡാം തകരുന്ന ശബ്ദം മാത്രമാണ് കേട്ടതെന്ന് പ്രദേശവാസികൾ പറയുന്നു. കുറഞ്ഞ സമയം കൊണ്ടാണ് 41.4 സെ.മി മഴ ലഭിച്ചതെന്ന് കാലാവസ്ഥാ വ്യതിയാന ശാസ്ത്രജ്ഞൻ കാർട്‌സെൻ ഹോസ്റ്റിൻ പറഞ്ഞു.