രാത്രി പെയ്ത മഴയിൽ പലയിടത്തും നാശനഷ്ടം
സംസ്ഥാനത്ത് ഇന്നും തീവ്ര മഴ തുടരും. മലപ്പുറത്തും കോഴിക്കോടും വയനാടും കണ്ണൂരും കാസർകോടും റെഡ് അലർട്ട് ആണ്. മറ്റെല്ലാ ജില്ലകളിലും ഓറഞ്ച് അലർട്ടും. തന്നെ കനത്ത ജാഗ്രതയിലാണ് സംസ്ഥാനം. ഇന്നലെ രാത്രി പെയ്ത മഴയിൽ പലയിടത്തും വ്യാപക നാശനഷ്ടം. മരം വീണ് നെല്ലിയാമ്പതിയിൽ കുടുങ്ങിയ വിനോദസഞ്ചാരികളെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി.
നാളെ 11 ജില്ലകളിലാണ് റെഡ് അലർട്ട് ആണ്. സാധാരണയേക്കാൾ കൂടുതൽ മഴ പ്രതീക്ഷിക്കുന്ന ഈ കാലവർഷക്കാലത്ത്, ആദ്യ ദിവസങ്ങളിൽ തന്നെ കനത്ത മഴയാണ് ലഭിച്ചത്. തുടർച്ചായി മഴ ലഭിക്കുന്ന മേഖലകളിൽ ഉരുൾപ്പൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്ക സാധ്യതകൾ കണക്കിലെടുത്ത് അതീവ ജാഗ്രത ആവശ്യമാണ്. കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പുമുണ്ട്. ജൂൺ 2 വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.
ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ച വയനാട് ജില്ലയിൽ അതീവ ജാഗ്രത. ജില്ലയിൽ ഇന്നലെ രാത്രിയിലും ശക്തമായ മഴ തുടർന്നു. തവിഞ്ഞാൽ, തൊണ്ടർനാട് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ കനത്ത മഴപെയ്തു. വൈത്തിരി ,ചൂരൽമല , പുത്തുമല പ്രദേശങ്ങളിലും ശക്തമായ മഴയാണ് ഉണ്ടായത്. തവിഞ്ഞാൽ, പൊഴുതന, മുട്ടിൽ, തരിയോട്, മേപ്പാടി പഞ്ചായത്തുകളിൽ അധികൃതർ കൺട്രോൾ റൂമുകൾ തുറന്നു. മഴ ശക്തമായി തുടരുകയാണെങ്കിൽ അപകട സാധ്യത മേഖലകളിൽ താമസിക്കുന്നവരെ സുരക്ഷിത മേഖലകളിലേക്ക് മാറ്റുമെന്ന് അധികൃതർ. റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ജില്ലയിലെ വിനോദ സഞ്ചാരകേന്ദ്രങ്ങൾ അടച്ചു. ക്വാറികളുടെ പ്രവർത്തനവും നിരോധിച്ചിട്ടുണ്ട്.
പരക്കെ മഴക്കെടുതി
പാലക്കാട് നെല്ലിയാമ്പതി തുത്തൻപാറയിലേക്കുള്ള വഴിയിൽ മരം വീണാണ് വിനോദ സഞ്ചാരികൾ കുടുങ്ങിയത്. ഇന്നലെ പകൽ പെയ്ത ശക്തമായ മഴയിലാണ് മരം കടപുഴകി വീണത്. തുത്തൻപാറ എസ്റ്റേറ്റ് ബംഗ്ലാവിൽ താമസിക്കാനായി എത്തിയ അഞ്ചംഗ സംഘമാണ് വന മേഖലയിലെ വഴിയിൽ കുടുങ്ങിയത്. വനം വകുപ്പ് ഇവരെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. കോഴിക്കോട്ട് നിർത്തിയിട്ട കാറിന് മുകളിൽ മതിൽ ഇടിഞ്ഞു വീണു. മാവൂർ പൈപ്പ് ലൈൻ ജംഗ്ഷന് സമീപം ഓഡിറ്റോറിയത്തിൻ്റെ പാർക്കിംഗ് ഏരിയയിൽ നിർത്തിയിട്ട കാറിന് മുകളിലേക്കാണ് മതിലിടിഞ്ഞ് വീണത്. കാറിലും തൊട്ടടുത്തും ആരും ഇല്ലാതിരുന്നതിനാൽ അപകടം ഒഴിവായി. പാലക്കാട് പത്തിരിപ്പാലയിൽ ബസിന് മുകളിൽ മരം കടപുഴകി വീണു ആർക്കും പരിക്കില്ല. മലപ്പുറം മുസ്ലിയാരങ്ങാടി സംസ്ഥാന പാതയിൽ മഴയിലും കാറ്റിലും കാറിനു മുകളിൽ മരം വീണു ഗതാഗതം തടസപ്പെട്ടു. റോഡിലേക്ക് ചാഞ്ഞു നിന്നിരുന്ന ബദാം മരമാണ് വീണത്. ആർക്കും പരിക്കില്ല. കൊട്ടാരക്കര ദിണ്ടിഗല്‍ ദേശീയ പാതയിൽ മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു. ഇടുക്കിയിലെ മുറിഞ്ഞപുഴക്ക് സമീപം ആണ് സംഭവം. വാഹനങ്ങൾ വഴി തിരിച്ചുവിട്ടു.