CYCLONIC STORM MICHAUNG update 04/12/23 : കനത്ത ജാഗ്രതയിൽ തമിഴ്‌നാട് ; ഇന്ന് പൊതു അവധി പ്രഖ്യാപിച്ചു
മിഗ്ജോം ചുഴലികാറ്റിന്‍റെ പശ്ചാത്തലത്തിൽ അതീവജാഗ്രതയിൽ തമിഴ്നാടും ആന്ധ്രയും. മിഗ്ജോം ചുഴലി കാറ്റിന്റെ സ്വാധീനഫലമായി തമിഴ് നാട്ടിൽ ഇന്നലെ കനത്ത മഴ ലഭിച്ചു. കനത്ത മഴയിൽ ചെന്നൈ നഗരത്തിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. കനത്ത മഴയെ തുടർന്ന് തമിഴ്നാട് സർക്കാർ ഇന്ന് (ഡിസംബർ 4) പൊതു അവധി പ്രഖ്യാപിച്ചു.
പോലീസ്, അഗ്നിശമന സേന, തദ്ദേശ സ്ഥാപനങ്ങൾ, പാൽ വിതരണം, ജലവിതരണം, ആശുപത്രികൾ/മെഡിക്കൽ ഷോപ്പുകൾ, വൈദ്യുതി വിതരണം, ഗതാഗതം, ഇന്ധന ഔട്ട്‌ലെറ്റുകൾ, ഹോട്ടലുകൾ/റസ്റ്റോറന്റുകൾ, ദുരന്ത പ്രതികരണം, ദുരിതാശ്വാസ രക്ഷാപ്രവർത്തനം എന്നിവയിൽ ഏർപ്പെട്ടിരിക്കുന്ന ഓഫീസുകൾ തുടങ്ങി എല്ലാ അവശ്യ സേവനങ്ങളും, മദ്രാസ് ഹൈക്കോടതിയും ചെന്നൈയിലെ കോടതികളും പ്രവർത്തിക്കും.
സ്വകാര്യ സ്ഥാപനങ്ങൾ വർക്ക് ഫ്രം ഹോം നടപ്പാക്കാൻ നിർദേശിച്ചിട്ടുണ്ട്. ചെന്നൈ അടക്കം നാല് ജില്ലകളിൽ റെഡ് അലർട്ട് നിലനിൽക്കുകയാണ്. തമിഴ്നാട് തീരത്ത് മത്സ്യബന്ധനം പൂർണമായി വിലക്കി. ചെന്നൈ, തിരുവള്ളൂർ, ചെങ്കൽപ്പെട്ട്, കാഞ്ചീപുരം, റാണിപ്പെട്ട്, വിഴുപ്പുറം ജില്ലകളിൽ ആണ് പൊതു അവധി.
വടക്കൻ തമിഴ്നാട്ടിൽ കനത്ത മഴയാണ് പെയ്തുകൊണ്ടിരിക്കുന്നത്. ചെന്നൈ നഗരത്തിൽ മിക്കയിടത്തും വൈദ്യുതി ബന്ധം വിച്ഛേദിച്ചു. വൈകിട്ട് വരെ മഴ തുടരുമെന്ന് മുന്നറിയിപ്പിൽ പറയുന്നത്. അത്യാവശ്യ കാര്യങ്ങൾക്ക് മാത്രമേ പുറത്തിറങ്ങാവൂ എന്ന് മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.
വന്ദേഭാരത് അടക്കം ചെന്നൈയിലേക്കുള്ള 6 ട്രെയിനുകൾ കൂടി റദ്ദാക്കുകയും ചെയ്തു. ദേശീയ ദുരന്തനിവാരണ സേനയും സംസ്ഥാന ദുരന്തനിവാരണ സേനയും സജ്ജമാണെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ അറിയിച്ചു.
ചുഴലിക്കാറ്റ് നിലവിൽ തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിലാണ്, അത് വടക്ക് പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങുന്നത് തുടരുകയും കൂടുതൽ ശക്തി പ്രാപിക്കുകയും തിങ്കളാഴ്ച ഉച്ചയോടെ തെക്കൻ ആന്ധ്രാപ്രദേശിനും അതിനോട് ചേർന്നുള്ള വടക്കൻ തമിഴ്‌നാട് തീരങ്ങളിലും പശ്ചിമ ബംഗാൾ ഉൾക്കടലിൽ എത്താനും സാധ്യതയുണ്ട്.