യാഗി ചുഴലിക്കാറ്റ് വീണ്ടും കടലിലിറങ്ങി, ബംഗാള്‍ ഉള്‍ക്കടലില്‍ നാളെ ന്യൂനമര്‍ദം
വടക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ തുടരുന്ന ചക്രവാതച്ചുഴി നാളെ (വ്യാഴം) ന്യൂനമര്‍ദമാകും. ആന്ധ്രാപ്രദേശിനും ഒഡിഷക്കും ഇടയിലായാണ് ന്യൂനമര്‍ദം രൂപം കൊള്ളുക. തീരദേശം വഴി വടക്കോട്ട് സഞ്ചരിക്കാനാണ് സാധ്യത. സെപ്റ്റംബര്‍ എട്ടോടെ വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദമെത്തും. അതിനിടെ, ദക്ഷിണ ചൈനാ കടലില്‍ യാഗി ചുഴലിക്കാറ്റും രൂപപ്പെട്ടു. ഇത് ഇന്നലെ ഫിലിപ്പൈന്‍സില്‍ കരകയറി.
ബംഗ്ലാദേശിനും ബംഗാളിനും സമീപത്തേക്കാണ് ന്യൂനമര്‍ദം സഞ്ചരിക്കുക. ബംഗ്ലാദേശിലും ബംഗാളിലും ഈമാസം 10 മുതല്‍ കനത്ത മഴ വീണ്ടുമെത്തും. നേരത്തെ ഇതുവഴി കടന്നുപോയ ന്യൂനമര്‍ദം ഇന്ത്യയിലും ബംഗ്ലാദേശിലും പ്രളയത്തിന് കാരണമായിരുന്നു.
അഞ്ചു ദിവസത്തോളം കടലില്‍ ന്യൂനമര്‍ദമായി ഈ സിസ്റ്റം തുടരുമെന്നാണ് ഞങ്ങളുടെ നിരീക്ഷകര്‍ പറയുന്നത്. കഴിഞ്ഞ ദിവസം ഈ മേഖലയില്‍ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നും വളരെ സാവധാനം മാത്രം പുരോഗമിക്കാനാണ് സാധ്യതയെന്നും ഞങ്ങളുടെ സ്ഥാപകന്‍ വെതര്‍മാന്‍ കേരള ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാല്‍ ചില കാലാവസ്ഥാ മോഡലുകള്‍ ഈ സിസ്റ്റം കടലില്‍വച്ച് ശക്തിപ്പെട്ട് തീവ്രന്യൂനമര്‍ദം ആകുമെന്നും പ്രവചിക്കുന്നുണ്ട്. ഏതായാലും ഇന്ത്യയുടെ കരഭാഗത്തേക്ക് പ്രവേശിക്കാന്‍ സാധ്യത കുറവാണ്.
ഇതിനു മുന്‍പ് ബംഗാള്‍ ഉള്‍ക്കടലില്‍ ഇതേഭാഗത്ത് രൂപം കൊണ്ട ന്യൂനമര്‍ദം ഒഡിഷക്ക് സമീപം ആന്ധ്രാപ്രദേശ് വഴി കഴിഞ്ഞ ആഴ്ച കരകയറിയിരുന്നു. തീവ്ര ന്യൂനമര്‍ദമായി കരകയറിയ സിസ്റ്റം ഇപ്പോള്‍ രാജസ്ഥാന് മുകളില്‍ ദുര്‍ബലമായി സ്ഥിതി ചെയ്യുന്നു. രാജസ്ഥാനിലും ഗുജറാത്തിലും ഈ സിസ്റ്റം നിലവില്‍ മഴ നല്‍കുന്നുണ്ട്. വടക്കന്‍ അറബിക്കടലില്‍ രൂപം കൊണ്ട അസ്‌ന ചുഴലിക്കാറ്റ് നിലവില്‍ ഒമാനിലെ സലാല തീരത്ത് ചക്രവാത ചുഴിയായി നില കൊള്ളുന്നു.
ഫിലിപ്പൈന്‍സില്‍ കരകയറിയ യാഗി ചുഴലിക്കാറ്റ് വീണ്ടും ഫിലിപ്പൈന്‍സ് കടലില്‍ ഇറങ്ങി. തെക്കന്‍ ചൈനാ കടലിനു മുകളില്‍ വടക്കന്‍ ഫിലിപ്പൈന്‍സിന്റെ പടിഞ്ഞാറാണ് യാഗി ഇപ്പോള്‍ സ്ഥിതി ചെയ്യുന്നത്. അടുത്ത 2 ദിവസത്തിനകം യാഗി സൂപ്പര്‍ ടൈഫൂണ്‍ ആയി വീണ്ടും ശക്തിപ്രാപിക്കും.
പടിഞ്ഞാറന്‍ പസഫിക് സമുദ്രത്തിലാണ് യാഗിയുള്ളത്. പസഫിക് സമുദ്രത്തില്‍ നിലവില്‍ ചുഴലിക്കാറ്റ് സീസണാണ്. ഈ രണ്ടു സിസ്റ്റങ്ങളും കേരളത്തിലെ കാലാവസ്ഥയെ സ്വാധീനിക്കില്ല. കേരളത്തില്‍ ഒറ്റപ്പെട്ട മഴ മാത്രമാണ് അടുത്ത ദിവസങ്ങളിലും പ്രതീക്ഷിക്കുന്നത്. പകല്‍ പൊതുവെ പ്രസന്നമായ കാലാവസ്ഥ അനുഭവപ്പെടും.
Image Credit : Rajeevan Erikkulam
metbeat news
കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.
വാട്‌സ്ആപ്
ടെലഗ്രാം
വാട്‌സ്ആപ്പ് ചാനല്‍
Google News
Facebook Page
Weatherman Kerala Fb Page