യാഗി ചുഴലിക്കാറ്റ് : വിയറ്റ്‌നാമില്‍ മരണം 49 ആയി, 43 സെ.മി മഴ രേഖപ്പെടുത്തി
വിയറ്റ്‌നാമില്‍ യാഗി ചുഴലിക്കാറ്റ് കരയറി ശക്തികുറഞ്ഞെങ്കിലും പേമാരിയും പ്രളയവും തുടരുന്നു. ഔദ്യോഗിക കണക്കനുസരിച്ച് 49 പേര്‍ മരിക്കുകയും 22 പേരെ കാണാതാകുകയും ചെയ്തു. ശനിയാഴ്ചയാണ് ഏഷ്യയിലെ ഈ വര്‍ഷത്തെ ഏറ്റവും ശക്തിയേറിയതും ലോകത്തെ രണ്ടാമത്തെ ശക്തികൂടിയതുമായ ചുഴലിക്കാറ്റ് വിയറ്റ്‌നാമിന്റെ വടക്കുകിഴക്കന്‍ തീരം വഴി കരകയറിയത്.
കരകയറിയതിനു പിന്നാലെ ചുഴലിക്കാറ്റ് തീവ്രമഴയാണ് വിയറ്റ്‌നാമില്‍ നല്‍കിയത്. ഇതോടെ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് പലയിടത്തും പ്രളയമുണ്ടായി. കഴിഞ്ഞ 24 മണിക്കൂറില്‍ ക്വാങ് നിന്‍ഹ്, ഹയ്‌പോങ് എന്നിവിടങ്ങളില്‍ തീവ്രമഴ റിപ്പോര്‍ട്ട് ചെയ്തു. 20.8, 43.3 സെ.മി മഴയാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തത്. വിയറ്റ്‌നാമില്‍ ചുവന്ന നദിക്കു കുറുകെയുള്ള ഫോങ് ചൗ പാലം തകര്‍ന്നു. ഫു തോ പ്രവിശ്യയിലാണ് ഈ പാലം സ്ഥിതി ചെയ്യുന്നത്.
വിയറ്റ്‌നാം സര്‍ക്കാരിന്റെ ഡാറ്റ അനുസരിച്ച് 22 പേരെയാണ് കാണാതായത്. കൂടുതല്‍ സ്ഥലങ്ങളില്‍ പ്രളയമുണ്ടാകുമെന്നാണ് വിയറ്റ്‌നാം കാലാവസ്ഥാ വകുപ്പ് അറിയിച്ചത്.
ഉരുള്‍പൊട്ടല്‍ സാധ്യതാ മുന്നറിയിപ്പും തുടരുകയാണ്. ഫോങ് ചൗ പാലത്തിന്റെ ഒരുഭാഗം ഒലിച്ചുപോയി.
തീരത്തെ ശക്തമായ തിരയടിയില്‍ 200 ലേറെ മത്സ്യബന്ധന ബോട്ടുകള്‍ തകര്‍ന്നു. ലാങ് സണ്‍, കാവോ ബാന്‍ഗ്, യെന്‍ ബായ് എന്നിവിടങ്ങളാണ് പ്രളയത്തിലായ പ്രദേശങ്ങള്‍.