അറബിക്കടലിൽ രൂപപ്പെട്ട തേജ് ചുഴലിക്കാറ്റ് ഒമാനിലേക്ക് അടുക്കുന്നതായി ഒമാൻ കാലാവസ്ഥാ കേന്ദ്രം.
തേജ് ചുഴലിക്കാറ്റ് ഒമാനിലേക്ക്; മുൻകരുതൽ നടപടികൾ തുടങ്ങി
ഉഷ്ണമേഖലാ ചുഴലിക്കാറ്റായ തേജ് ഒമാനിലേക്ക് അടുക്കുന്നതിനാൽ മുൻകരുതൽ നടപടികളുടെ ഭാഗമായി ദോഫാർ ഗവർണറേറ്റിൽ ഞായർ, തിങ്കൾ ദിവസങ്ങളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയായിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും. ഏറ്റവും പുതിയ റിപ്പോർട്ടനുസരിച്ച് ഉഷ്‌ണമേഖലാ ന്യൂനമർദം ഒമാന്‍റെ തീരത്ത് നിന്ന് 870 കിലോമീറ്റർ അകലെയാണ്.
ഞായറാഴ്ച ദോഫാർ, അൽ വുസ്ത ഗവർണറേറ്റുകളിൽശക്തമായ മഴ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിവിധ ഇടങ്ങളിലായി 50മുതൽ 200 മി.മീറ്റർവരെ മഴ ലഭിച്ചേക്കുമെന്ന് സിവിൽ ഏവിയേഷന്റെ മുന്നറിയിപ്പിൽ പറയുന്നു. വാദികൾ നിറഞ്ഞൊഴുകും.
മണിക്കൂറിൽ 50മുതൽ 75 കി.മീറ്റർ വേഗതയിലായിരിക്കും കാറ്റിന്‍റെ വേഗത. കടൽ പ്രക്ഷുബ്ധമാകും. തിരമാലകൾ നാല് മുതൽ ഏഴ് മീറ്റർവരെ ഉയർന്നേകും.അതേസമയം, തിങ്കളാഴ്ച 68 മുതൽ 125 കിലോമീറ്റർ വേഗതയിലായിരിക്കും കാറ്റ് വീശുക.
200 മുതൽ 600 മില്ലിമീറ്റർ വരെ മഴ ലഭിച്ചേക്കുമെന്നും സിവിൽ ഏവിയേഷന്റെ മുന്നറിയിപ്പിൽ പറയുന്നു.