മോക്കാ ചുഴലിക്കാറ്റിനെ തുടർന്ന് മ്യാൻമറിൽ മരണസംഖ്യ ഉയർന്നു. ഇന്ന് വൈകിട്ട് വരെയുള്ള കണക്കനുസരിച്ച് 60 പേർ മരിച്ചു. ഞായറാഴ്ചയാണ് മോക്ക ചുഴലിക്കാറ്റ് ബംഗ്ലാദേശിലെ കോക്ക് ബസാറിൽ 195 കിലോമീറ്റർ വേഗതയിൽ കരകയറിയത്. മോക്കയിൽ കൂടുതൽ നാശം പടിഞ്ഞാറൻ മ്യാൻമറിലാണ്. റോഹിംഗ്യൻ അഭയാർത്ഥികളുടെ പ്രദേശമായ റാഖിനാ സംസ്ഥാനത്ത് മാത്രം 41 പേർ മരിച്ചു. റിപ്പോർട്ട് അനുസരിച്ച് ഒന്നര ലക്ഷം പേർ ഭവനരഹിതരായി ഔദ്യോഗിക കണക്ക് അനുസരിച്ച് മരണസംഖ്യ അഞ്ചാണ്. നാശനഷ്ടങ്ങളുടെ ഉപഗ്രഹ ചിത്രവും പുറത്തുവന്നിരുന്നു.
മോക്കയെ ശക്തിപ്പെടുത്തിയത് ചൂടേറിയ കടൽ
മ്യാൻമറിലും ബംഗ്ലാദേശിലും ചുഴലിക്കാറ്റുകൾ പതിവാണെങ്കിലും ഇത്രയും വേഗതയിൽ സൂപ്പർ സൈക്ലോൺ മ്യാൻമർ തീരത്തെത്തിയതിനു കാരണം ചൂടേറിയ കടൽ. മ്യാൻമർ തീരത്ത് കടലിന് 30 ഡിഗ്രിവരെ ചൂടുണ്ടായിരുന്നു. കഴിഞ്ഞ 20 വർഷത്തിനിടെ ഇത്രയും ചൂട് ഈ മേഖലയിൽ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് മ്യാൻമറിലെ സ്വകാര്യ കാലാവസ്ഥാ നിരീക്ഷകർ പറയുന്നു.
ചൂടുള്ള കടൽ ചുഴലിക്കാറ്റുകളെ ശക്തിപ്പെടുത്താറുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകനായ പീറ്റർ ഫ്രെഡറർ പറഞ്ഞു. മ്യാൻമറിൽ ചുഴലിക്കാറ്റിനെ തുടർന്ന് 1.5 ലക്ഷം പേരെയാണ് മാറ്റിപാർപ്പിച്ചത്.