cyclone Michaung update 28/11/23 : രൂപപ്പെടാൻ വൈകും, ചെന്നൈ തീരത്തേക്കോ?
ബംഗാൾ ഉൾക്കടലിൽ ആൻഡമാൻ കടലിനു സമീപം രൂപപ്പെട്ട ന്യൂനമർദം ശക്തിപ്പെടൽ മന്ദഗതിയിൽ. നേരത്തെ ഈ മാസം 29 ന് തീവ്ര ന്യൂനമർദം (Depression) ആകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഇപ്പോഴത്തെ സൂചന പ്രകാരം തീവ്ര ന്യൂനമർദമാകാൻ ഈ മാസം 30 ആകും. മിഗ്‌ജോം ചുഴലിക്കാറ്റ് ( cyclone Michaung) രൂപപ്പെടാൻ ഡിസംബർ 2 ആകാനാണ് സാധ്യത. നേരത്തെ ന്യൂനമർദവുമായി ബന്ധപ്പെട്ട് കേരളത്തിൽ നവംബർ 30 മുതലാണ് മഴ പ്രതീക്ഷിച്ചതെങ്കിലും ന്യൂനമർദ സ്വാധീനത്തിലുള്ള മഴ ഡിസംബർ ആദ്യവാരത്തിലേക്ക് നീളുമെന്നാണ് ഞങ്ങളുടെ നിരീക്ഷകർ പറയുന്നത്.
Cyclone Michaung Update 28/11/23 : ചെന്നൈയ്ക്ക് ഭീഷണിയോ?
ചുഴലിക്കാറ്റ് രൂപപ്പെട്ടശേഷം ക്ലൈമറ്റോളജിക്കൽ മോഡലുകൾ പ്രകാരം ചുഴലിക്കാറ്റ് സഞ്ചരിക്കേണ്ടത് വടക്കൻ തമിഴ്‌നാടിനും വടക്കൻ ആന്ധ്രാപ്രദേശിനും ഇടയിലുള്ള മേഖലയിലേക്കാണ്. ഇപ്പോഴത്തെ നിരീക്ഷണ പ്രകാരം വിവിധ കാലാവസ്ഥാ പ്രവചന മാതൃകകൾ കാണിക്കുന്നത് ചെന്നൈക്ക് സമീപം ചുഴലിക്കാറ്റ് കരകയറുമെന്നാണ്. എന്നാൽ ഇക്കാര്യത്തിൽ വ്യക്തത ലഭിക്കാൻ ഇനിയും സമയമെടുക്കും. തമിഴ്‌നാട്ടിലോ ആന്ധ്രാ പ്രദേശിലോ കരകയറിയാൽ തന്നെ തമിഴ്‌നാട്, തീരദേശ ആന്ധ്രാപ്രദേശ്, തെക്കുകിഴക്കൻ കർണാടക, കേരളം എന്നിവിടങ്ങളിൽ മഴക്ക് കാരണമാകും.
ചുഴലിക്കാറ്റ് കൂടുതൽ ശക്തമായേക്കും
ആൻഡമാൻ കടലിനും ഇന്ത്യയുടെ കരമേഖലയ്ക്കും ഇടയിൽ കടലിനു മധ്യത്തിലായാണ് ന്യൂനമർദം തീവ്രമാകുകയും ചുഴലിക്കാറ്റ് രൂപപ്പെടുകയും ചെയ്യുക. കടലിലൂടെ കൂടുതൽ ദൂരം സഞ്ചരിക്കേണ്ടതിനാൽ ചുഴലിക്കാറ്റ് ശക്തിപ്പെടാനും സാധ്യതയേറെയാണ്. ശക്തിപ്രാപിക്കാൻ കൂടുതൽ ഊർജം വലിച്ചെടുക്കാൻ ചുഴലിക്കാറ്റിന് സാധിക്കുമെന്നതാണ് ഇതിനു പ്രധാന കാരണം.
കൂടാതെ രാവിലത്തെ പോസ്റ്റിൽ സൂചിപ്പിച്ചതുപോലെ ചുഴലിക്കാറ്റ് രൂപപ്പെടാനുള്ള എല്ലാ അനുകൂല അന്തരീക്ഷവും ഈ മേഖലയിലുണ്ട്. ഇതാണ് നേരത്തെ ചുഴലിക്കാറ്റ് സാധ്യത പ്രവചിക്കാൻ കഴിഞ്ഞത്. കാറ്റിന്റെ ഖണ്ഡധാര (Moderate Wind Shear Zone) ആണ് ഇവിടെയുള്ളത്. കടൽ താപനിലയും കൂടുതലാണ്. ഇവ രണ്ടും ചുഴലിക്കാറ്റ് രൂപപ്പെടാനും ശക്തിപ്പെടാനും അനുകൂലമായ സാഹചര്യങ്ങളാണ്.
ബംഗാൾ ഉൾക്കടലിലെ അഞ്ചാമത്തെ ചുഴലിക്കാറ്റ്
ഡിസംബർ തുടക്ക്ത്തിൽ രൂപപ്പെടുമെന്ന് കരുതുന്ന മിഗ്‌ജോം ചുഴലിക്കാറ്റ് ബംഗാൾ ഉൾക്കടലിൽ ഈ വർഷം രൂപപ്പെടുന്ന നാലാമത്തെയും ഇന്ത്യൻ കടലിൽ രൂപപ്പെടുന്ന ആറാമത്തെയും ചുഴലിക്കാറ്റാണ്. മിഗ്‌ജോം ചുഴലിക്കാറ്റിന് ഇത്തവണ പേരിട്ടത് മ്യാൻമറാണ്.