ഗേമി ചുഴലിക്കാറ്റ് ദുര്‍ബലമായി: മൂന്നു രാജ്യങ്ങളില്‍ പ്രളയം, ഉരുള്‍പൊട്ടല്‍; 50 മരണം
ഗേമി (Tropical storm Gaemi ) ചുഴലിക്കാറ്റ് ചൈനയില്‍ കരകയറി ദുര്‍ബലമായി. നേരത്തെ സൂപ്പര്‍ ചുഴലിക്കാറ്റായി തായ്‌വാനില്‍ കരകയറി ഇറങ്ങിയ ശേഷമാണ് തീവ്ര ചുഴലിക്കാറ്റായി ചൈനയില്‍ കരകയറിയത്. ചൈന, തായ്‌വാന്‍, ഫിലിപ്പൈന്‍സ് എന്നിവിടങ്ങളിലായി നിരവധി പേര്‍ മരിച്ചു. ഫിലിപ്പൈന്‍സില്‍ 34 മരണം റിപ്പോര്‍ട്ട് ചെയ്തു. തായ്‌വാനില്‍ 8 പേരും മരിച്ചു. ഗേമി ചുഴലിക്കാറ്റിന് കഴിഞ്ഞ ദിവസം കേരളത്തിലെ കാറ്റിനെ സ്വാധീനിച്ചത് ഇപ്പോള്‍ ഒഴിവായി. ഇതിനാല്‍ കേരളത്തില്‍ മഴ കുറവ് ഇന്ന് അനുഭവപ്പെട്ടു. ഇതോടൊപ്പം കേരള തീരത്തെ ന്യൂനമര്‍ദ പാത്തിയും ദുര്‍ബലമായിരുന്നു.
ചൈന
മധ്യ ചൈനയിലാണ് ഗേമി ചുഴലിക്കാറ്റ് ഒടുവില്‍ സ്ഥിതി ചെയ്യുന്നത്. ഇന്ന് രാജ്യത്തിന്റെ മധ്യ മേഖലയില്‍ കനത്ത മഴ നല്‍കി. വ്യാഴാഴ്ച രാത്രി വൈകിയാണ് ചൈനയുടെ കിഴക്കന്‍ തീരത്ത് ചുഴലിക്കാറ്റ് കരകയറിയത്.
കനത്ത മഴയില്‍ മരങ്ങള്‍ വീണും മറ്റും നാശനഷ്ടമുണ്ടായി. നഗരങ്ങളില്‍ പ്രളയം ഉണ്ടായി. ആളപായം സംബന്ധിച്ച റിപ്പോര്‍ട്ടുകളില്ലെങ്കിലും ചൈനയില്‍ വ്യാപകമായി കൃഷിനാശമുണ്ടായി.
തായ് വാനില്‍ എട്ടു പേര്‍ മരിച്ചിരുന്നു. തായ് വാനില്‍ പ്രവേശിച്ചതിനു ശേഷമാണ് ചൈനയുടെ കടല്‍ മേഖലയിലേക്ക് ഗേമി എത്തിയത്. വ്യാഴാഴ്ച ചൈനയിലെ ഫുജിയന്‍ പ്രവിശ്യയിലാണ് കരകയറിയത്. ചൈനയില്‍ ജിയാന്‍ങ്ഷി, ഹുബെയ്, ഹെനാന്‍ പ്രവിശ്യകളില്‍ ശക്തമായ മഴ തുടര്‍ന്നുള്ള ദിവസങ്ങളിലും തുടരും.
കൃഷി നാശം
ചൈനയില്‍ 210 ഏക്കര്‍ പ്രദേശത്ത് കൃഷി നശിച്ചു. ഫുജിയാന്‍ പ്രവിശ്യയിലാണ് കൂടുതല്‍ നാശനഷ്ടമുണ്ടായത്. 16 ലക്ഷം ഡോളറിന്റെ നഷ്ടമാണ് കണക്കാക്കുന്നതെന്ന് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടര്‍ന്ന് 2.9 ലക്ഷം പേരെ മാറ്റി പാര്‍പ്പിച്ചിരുന്നു. ചൈനയില്‍ ഒരാഴ്ചയിലേറെയായി ഗാന്‍സു പ്രവിശ്യയില്‍ കനത്ത മഴ തുടരുകയാണ്. ഇതില്‍ ഒരാള്‍ നേരത്തെ മരിച്ചിരുന്നു. വടക്കുപടിഞ്ഞാറന്‍ ചൈനയിലാണ് ഗാന്‍സു പ്രവിശ്യ.
തായ്‌വാന്‍
വെള്ളിയാഴ്ച മുതല്‍ കനത്ത മഴയില്‍ തായ്‌വാനില്‍ കനത്ത മഴയും പ്രളയവുമാണ്. കാറുകളും വാഹനങ്ങളും പ്രളയത്തില്‍ ഒഴുകിപ്പോയതിന്റെ ദൃശ്യം സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. എട്ടു പേരാണ് തായ്‌വാനില്‍ മരിച്ചതെന്നാണ് ഔദ്യോഗിക കണക്ക്. മരങ്ങള്‍ വീണും, ഉരുള്‍പൊട്ടിയും നിരവധി വീടുകള്‍ക്ക് നാശനഷ്ടമുണ്ടായി. 850 പേര്‍ക്ക് പരുക്കേറ്റു. ഒരാളെ കാണാതായിട്ടുണ്ടെന്ന് എമര്‍ജന്‍സി ഓപറേഷന്‍ സെന്റര്‍ അറിയിച്ചു. അടിയന്തര ധനസഹായമായി വീടുകള്‍ തകര്‍ന്നവര്‍ക്ക് 610 ഡോളര്‍ അനുവദിച്ചു.
കൊഷിങ് ഹാര്‍ബറില്‍ ചുഴലിക്കാറ്റിനിടെ കാര്‍ഗോ കപ്പല്‍ മുങ്ങി. ക്യാപ്റ്റന്റെ മൃതദേഹം കണ്ടെടുത്തതായി സെന്‍ട്രല്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ഫിലിപ്പൈന്‍സ്
ഫിലിപ്പൈന്‍സില്‍ 34 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. നിരവധി പ്രദേശങ്ങളില്‍ പ്രളയവും ഉരുള്‍പൊട്ടലുമുണ്ടായി. കാലവര്‍ഷവും ചുഴലിക്കാറ്റിനൊപ്പം ശക്തിപ്പെട്ടു. മനില മെട്രോ ഏരിയയില്‍ 11 പേര്‍ മരിച്ചു. വീടുകര്‍ന്നാണ് അപകടം. ഗര്‍ഭിണിയുടെയും മൂന്നു കുട്ടികളുടെയും മൃതദേഹം കണ്ടെത്തി.
കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.
വാട്‌സ്ആപ്
ടെലഗ്രാം
വാട്‌സ്ആപ്പ് ചാനല്‍
Google News
Facebook Page
Weatherman Kerala Fb Page