ഗമാനെ ചുഴലിക്കാറ്റില്‍ 11 മരണം, കാറ്റിന് ശക്തി 210 കി.മി വരെ
ഇന്ത്യന്‍ മഹാസമുദ്രത്തില്‍ തെക്കുകിഴക്കന്‍ ആഫ്രിക്കയോട് ചേര്‍ന്നുള്ള ദ്വീപ് രാഷ്ട്രമായ മഡഗാസ്‌കറില്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് 11 പേര്‍ മരിച്ചു. ആഫ്രിക്കയുടെ തെക്കേ മുനമ്പിനോടു ചേര്‍ന്നുള്ള ഇവിടെ കഴിഞ്ഞ ദിവസമാണ് ന്യൂനമര്‍ദം രൂപപ്പെട്ടത്. സാധാരണ കാലവര്‍ഷക്കാറ്റ് ഇവിടെ നിന്നാണ് വളഞ്ഞ് കേരളത്തിലേക്ക് പ്രവേശിക്കാറുള്ളത്.
കനത്ത കാറ്റിലും മഴയിലും നൂറുകണക്കിന് വീടുകള്‍ തകര്‍ന്നു. ഗമാനെ ചുഴലിക്കാറ്റാണ് വ്യാപകമായി നാശനഷ്ടം വരുത്തിയത്. ബുധനാഴ്ച പുലര്‍ച്ചെ വോഹെമര്‍ ജില്ലയിലാണ് ശക്തമായ മഴയും കാറ്റുമുണ്ടായത്. ചില ഗ്രാമങ്ങള്‍ പ്രളയത്തില്‍ ഒറ്റപ്പെട്ടു.
പുഴകള്‍ കരകവിഞ്ഞതോടെ പാലങ്ങളും വെള്ളത്തില്‍ മുങ്ങി. ആറു പേര്‍ മുങ്ങി മരിക്കുകയും അഞ്ചുപേര്‍ വീടുകള്‍ തകര്‍ന്നും മരം വീണുമാണ് മരിച്ചത്. 7000 പേരാണ് മഴയെ തുടര്‍ന്ന് ദുരിതത്തിലായത്.
സാധാരണ ചുഴലിക്കാറ്റ് സഞ്ചരിച്ചുകൊണ്ടിരിക്കാറാണ് പതിവെന്നും എന്നാല്‍ ഗമാനെ തീരത്തിനു സമീപം നിശ്ചലാവസ്ഥയില്‍ തുടരുന്നതാണ് ദുരന്തത്തിനിടയാക്കിയതെന്ന് ദേശീയ ദുരന്ത പ്രതികരണ സേനയായ ബി.എന്‍.ജി.ആര്‍.സി ജനറല്‍ എലാക് അന്‍ഡ്രിയാകജ പറഞ്ഞു.
150 കി.മി വേഗതയിലാണ് ചുഴലിക്കാറ്റിന്റെ ശക്തി. ചിലയിടങ്ങളില്‍ 210 കി.മി വരെ വേഗത്തിലെത്തി. വെള്ളിയാഴ്ച ഉച്ചയ്ക്കു ശേഷം ദ്വീപില്‍ നിന്ന് ചുഴലിക്കാറ്റ് അകലുമെന്നാണ് കാലാവസ്ഥാ ശാസ്ത്രജ്ഞരുടെ നിരീക്ഷണം. ഇതോടെ മഴയും പ്രളയവും കുറയുമെന്നാണ് പ്രതീക്ഷ.
ആഫ്രിക്കയുടെ തെക്കുകിഴക്കന്‍ മേഖലയില്‍ ചുഴലിക്കാറ്റും പേമാരിയും പതിവാണ്. കഴിഞ്ഞ വര്‍ഷം ഫ്രെഡ്ഡി ചുഴലിക്കാറ്റില്‍ 500 ലേറെ പേര്‍ മരിച്ചിരുന്നു. മഡഗാസ്‌കറിനു പുറമേ മൊസാംബിക്, മലാവി എന്നീ രാജ്യങ്ങളെയും ഫ്രെഡ്ഡി ബാധിച്ചിരുന്നു.