ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരത്തോട് ചേര്‍ന്നുള്ള കിഴക്കന്‍ അറബിക്കടലില്‍ അതിശക്തമായ ചുഴലിക്കാറ്റുകള്‍ക്ക് കാരണം സമുദ്രത്തിന്റെയും അന്തരീക്ഷ താപനിലയുടെയും അനുദിനം മാറിക്കൊണ്ടിരിക്കുന്ന ഘടനയുടെ സ്വാധീനം മൂലമെന്ന് കണ്ടെത്തി കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ (cusat)ഗവേഷകർ.കുസാറ്റിലെ അഡ്വാന്‍സ്ഡ് സെന്റര്‍ ഫോര്‍ അറ്റ്മോസ്‌ഫെറിക് റഡാര്‍ റിസര്‍ച്ചിലെ (എസിഎആര്‍ആര്‍) ഡോക്ടറല്‍ ഗവേഷകനായ സി എസ് അഭിറാം നിര്‍മ്മലിന്റെ ഗവേഷണ പ്രബന്ധത്തിലാണ് ഈ സുപ്രധാന കണ്ടെത്തല്‍.
എസിഎആര്‍ആര്‍ ഡയറക്ടര്‍ പ്രൊഫ എസ് അഭിലാഷാണ് അഭിരാമിന്റെ ഗൈഡ്. ഐഎംഡിp ഡിജിഎം ഡോ മൃത്യുഞ്ജയ് മോഹപത്ര, നാഷണല്‍ സെന്റര്‍ ഫോര്‍ മീഡിയം റേഞ്ച് വെതര്‍ ഫോര്‍കാസ്റ്റിംഗിലെ ഗവേഷകൻ ഡോ.ശ്യാം ശങ്കര്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കല്‍ മെറ്റീരിയോളജിയിലെ ശാസ്ത്രജ്ഞന്‍ ഡോ. എ കെ സഹായ്, സസെക്‌സ് സര്‍വകലാശാലയിലെ ഭൂമിശാസ്ത്രജ്ഞന്‍ ഡോ. മാക്‌സ് മാര്‍ട്ടിന്‍ എന്നിവരാണ് ഈ പ്രബന്ധത്തിലെ മറ്റ് എഴുത്തുകാര്‍.
ചുഴലിക്കാറ്റുകൾ വ്യാപകമാകുന്നതെങ്ങനെ?
അറബിക്കടലില്‍ ഉഷ്ണമേഖലാ ചുഴലിക്കാറ്റുകള്‍ കൂടുതല്‍ വ്യാപകമാകുന്നത് തെക്കുപടിഞ്ഞാറന്‍ മണ്‍സൂണിന് തൊട്ടുമുമ്പുള്ള മാര്‍ച്ച് മുതൽ ജൂണ്‍ വരെയും അതിനു ശേഷമുള്ള ഒക്ടോബര്‍ മുതൽ ഡിസംബര്‍ വരെയുള്ള മാസങ്ങളിലുമാണ്. സമുദ്രനിരപ്പിന്റെയും അന്തരീക്ഷത്തിന്റെയും താപനില, ചൂട്, മർദ്ദം എന്നിവ ഉണ്ടാക്കുന്ന തെര്‍മോഡൈനാമിക് ഘടന കിഴക്കന്‍ അറബിക്കടലില്‍ ചുഴലിക്കാറ്റുകളുടെ രൂപപ്പെടലിനും തീവ്രതയ്ക്കും കാരണമാകുന്ന സൈക്ലോജനിസിസ് എന്ന പ്രതിഭാസം സൃഷ്ടിക്കുന്നു.
ഭൗമോപരിതലത്തില്‍ നിന്ന് 4 മുതൽ 10 കിലോമീറ്റര്‍ വരെ ഉയരത്തിലുള്ള ട്രോപോസ്ഫിയറിന്റെ മധ്യഭാഗത്ത് താപ അസ്ഥിരതയുടെയും ഈര്‍പ്പത്തിന്റെയും വര്‍ദ്ധനവാണ് ഉയര്‍ന്ന തോതിലുള്ള ചുഴലിക്കാറ്റുകളുടെ രൂപപ്പെടലും തീവ്രതയും നിയന്ത്രിക്കുന്നത്.
ചുഴലിക്കാറ്റുകളുടെ എണ്ണത്തിൽ 80% വർദ്ധനവ്
മണ്‍സൂണിന് ശേഷമുള്ള കാലഘട്ടത്തില്‍ അതിതീവ്രമായ ചുഴലിക്കാറ്റുകൾ വര്‍ദ്ധിച്ചുവരുന്ന പ്രവണതയെപ്പറ്റിയുള്ള ഈ പഠനത്തിൽ അതിതീവ്ര ചുഴലിക്കാറ്റുകളുടെ ദൈര്‍ഘ്യം മൂന്നിരട്ടിയും എണ്ണം 80 ശതമാനവും വര്‍ദ്ധിച്ചതായി കണ്ടെത്തിയിട്ടുണ്ട്. പാരിസ്ഥിതിക ഘടകങ്ങളിലെ മാറ്റവും സമുദ്രത്തിന്റെ ഉപരിതല താപനിലയും ഈ അവസ്ഥയ്ക്ക് കാരണമാകുന്നു.
തീരദേശ നഗര-ഗ്രാമീണ ആവാസവ്യവസ്ഥ, ഉപജീവനമാര്‍ഗ്ഗം, സുരക്ഷ എന്നിവ മുന്‍നിര്‍ത്തി കാലാവസ്ഥാ വ്യതിയാനവുമായി പൊരുത്തപ്പെടൽ, ദുരന്തസാധ്യത കുറയ്ക്കല്‍ എന്നിവയില്‍ ശ്രദ്ധ ചെലുത്തേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയും പ്രബന്ധം ഓർമ്മിപ്പിക്കുന്നു.
തീരദേശങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളും, മാറിക്കൊണ്ടിരിക്കുന്ന കാലാവസ്ഥയും കാലാവസ്ഥ വ്യതിയാനം സൃഷ്ടിക്കുന്ന അപകടങ്ങള്‍, കൊടുങ്കാറ്റ് മുന്നറിയിപ്പ്, ആഘാതത്തെ അടിസ്ഥാനമാക്കിയുള്ള പ്രാദേശിക കാലാവസ്ഥാ സേവനങ്ങള്‍, പ്രാദേശികവല്‍ക്കരിച്ച കാലാവസ്ഥാ സേവനങ്ങള്‍ തുടങ്ങിയവ ഈ ഗവേഷണ പ്രബന്ധം ചര്‍ച്ച ചെയ്യുന്നു.
കഴിഞ്ഞ അഞ്ച് വര്‍ഷമായി എസിഎആര്‍ആര്‍ പ്രാദേശികമായി നേതൃത്വം നല്‍കിയ മത്സ്യത്തൊഴിലാളികളുമായുള്ള ഫോര്‍കാസ്റ്റിംഗ് എന്ന ഗവേഷണ പദ്ധതിയുടെ ഫലമായാണ് ഈ പ്രബന്ധം തയ്യാറാക്കിയിരിക്കുന്നത്.
ഐഎംഡി, ഇന്ത്യന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസസ്, തിരുവനന്തപുരത്തെയും കന്യാകുമാരിയിലെയും കരകൗശല മത്സ്യബന്ധന കമ്മ്യൂണിറ്റികള്‍ എന്നിവ സസെക്‌സ് സസ്‌റ്റൈനബിലിറ്റി, റോയല്‍ ജിയോഗ്രാഫിക്കല്‍ സൊസൈറ്റി, യുകെ റിസര്‍ച്ച് ആന്‍ഡ് ഇന്നൊവേഷന്‍ എന്നിവരും സസെക്‌സ് സര്‍വകലാശാലയുടെ ഈ ഗവേഷണത്തിൽ പങ്കെടുത്തു.
കാലാവസ്ഥയുമായി ബന്ധപ്പെട്ട അപകടങ്ങള്‍, തന്മൂലം കരകൗശല- മത്സ്യത്തൊഴിലാളികള്‍ നേരിടുന്ന പ്രത്യാഘാതങ്ങള്‍, കാലാവസ്ഥാ പ്രവചനങ്ങളും അവ മെച്ചപ്പെടുത്തുന്നതിനുള്ള അവസരങ്ങള്‍ എന്നിവയെക്കുറിച്ചുള്ള ഗവേഷണമാണ് ഈ പ്രബന്ധത്തിനാധാരം. പ്രാദേശിക സമുദ്രകാലാവസ്ഥാ പ്രവചനങ്ങളെക്കുറിച്ചുള്ള ഇത്തരത്തിലുള്ള മറ്റൊരു സംയുക്തപഠനം ജേണലില്‍ ഉടൻ പ്രസിദ്ധീകരിക്കും.
ജേണലിൽ പ്രസിദ്ധീകരിച്ച പ്രബന്ധം https://www.nature.com/articles/s41598-023-42642-9 എന്ന ലിങ്കിൽ ലഭ്യമാണ്.