പശ്ചിമേന്ത്യൻ തീരത്ത് കൂമ്പാരമേഘങ്ങളുടെ സാന്നിധ്യം വർധിക്കുന്നു: മഴപ്പെയ്ത്ത് മാറിമാറിയുമ്പോൾ
ഡോ. എസ്. അഭിലാഷ്, ഡോ. പി. വിജയകുമാർ, എ.വി. ശ്രീനാഥ്
ഇന്ത്യൻ ഉപഭൂഖണ്ഡത്തിലേക്ക് മൺസൂൺ പ്രവേശിക്കുന്നത് കേരളത്തിലൂടെയാണ്. സവിശേഷമായ പ്രകൃതികൊണ്ടും സമ്പന്നമായ കേരളത്തിലും കഴിഞ്ഞ പതിറ്റാണ്ടിൽ ദൃശ്യമായ അതിതീവ്ര കാലാവസ്ഥ പ്രതിഭാസങ്ങൾ വിരൽചൂണ്ടുന്നത് ആഗോളതാപനത്തിന്റെ ഫലമായി കാലാവസ്ഥ കൂടുതൽ അസ്ഥിരമാകുകയാണെന്നാണ്. സഹ്യപർവതത്തിന്റെ സ്വാധീനവും വിശാലമായ സമുദ്ര സാമീപ്യവും കേരളത്തിൻ്റെ കാലാവസ്ഥയെ സങ്കീർണമാക്കുന്ന ഘടകങ്ങളാണ്.
കേരളത്തിന്റെ കാലാവസ്ഥയെയും അതുവഴി ജനജീവിതത്തെയും ബാധിക്കാൻ പോകുന്നത് ആഗോളതാപനത്തിൻ്റെ ഭാഗമായി അറബിക്കടൽ ദ്രുതഗതിയിൽ ചൂടാകുന്നതാണ്. മറ്റുസമുദ്ര തടങ്ങൾ 100 വർഷം കൊണ്ട് ഒരുഡിഗ്രി സെൽഷ്യസിൽ താഴെമാത്രം ചൂടായപ്പോൾ അറബിക്കടൽ 1.1 ഡിഗ്രിക്കുമുകളിൽ ചൂടായതാണ് കേരളത്തിന്റെ കാലാവസ്ഥയെ മാറ്റിമറയ്ക്കുന്നത്.
മഴ അസ്ഥിരമാവും
സമീപകാലങ്ങളിൽ ദൃശ്യമാകുന്നത് മൺസൂൺ അസ്ഥിരമാകുന്നതാണ്. വരുംവർഷങ്ങളിൽ ഈ ക്രമരാഹിത്യം വർധിക്കും. വർഷാവർഷം വ്യതിയാനങ്ങളും സീസണിനുള്ളിലെ വ്യതിയാനങ്ങളും കൂടുതൽ പ്രകടമാവും. മൺസൂൺ സീസണിൽ ലഭിക്കുന്ന ആകെ മഴയുടെ അളവിൽ മാറ്റം പ്രതീക്ഷിക്കുന്നില്ലെങ്കിലും അതിന്റെ വിതരണത്തിൽ സാരമായ വ്യത്യാസം സംഭവിക്കും. ചുരുക്കം ചില ദിവസങ്ങളിൽ തീവ്രമായി മഴ പെയ്യുകയും ദീർഘനാൾ മഴയില്ലാതിരിക്കുകയും ചെയ്യുന്നത് വരുംകാലങ്ങളിൽ മൺസൂണിന്റെ സ്ഥായിഭാവമാകും .
ആഗോളതാപനത്തിൻ്റെ ഫലമായി സൃഷ്ടിക്കപ്പെട്ടിട്ടുള്ള അനിശ്ചിതത്വവും കാലാവസ്ഥാവ്യതിയാനങ്ങളും മൺസൂൺ പ്രതിഭാസത്തെ ഭാവിയിൽ പ്രവചനാതീതമാക്കും. കൃഷിയെയും മത്സ്യബന്ധനത്തെയും ഉപജീവനമാർഗമായി സ്വീകരിച്ച ജനവിഭാഗങ്ങളെ കാലാവസ്ഥാവ്യതിയാനം പ്രതികൂലമായി ബാധിക്കാൻ സാധ്യതയുള്ളതിനാൽ ഇതിനെ പ്രതിരോധിക്കാൻ ഭരണസംവിധാനങ്ങളുടെ അടിയന്തര ഇടപെടൽ അത്യാവശ്യം ആണ്.
മേഘങ്ങളുടെ ഘടന മാറുമ്പോൾ
ലോകത്തിന്റെ പല കോണുകളിലും വളരെ കാലം മുൻപ് മുതൽ ദൃശ്യമായിരുന്ന അതി തീവ്ര കാലാവസ്ഥ പ്രതിഭാസങ്ങൾ കേരളത്തിലും സംഭവിക്കുന്നത് ഗുരുതരസാഹചര്യമായാണ് വിലയിരുത്തുന്നത്. ആലിപ്പഴം വീഴ്ചയ്ക്കും ഇടിമിന്നലിനുമൊക്കെ ഇടയാക്കുന്ന കൂറ്റൻ മേഘങ്ങൾ രൂപംകൊള്ളാൻ അന്തരീക്ഷ താപവർധന സഹായകമാവും. ടൊർണാഡോ പോലുള്ള ചെറുചുഴലികളെ എങ്ങനെയാണ് ആഗോളതാപനം ബാധിക്കുകയെന്ന് ഇപ്പോഴും വ്യക്തമല്ല. ഇത്തരം ചുഴലികൾ സാധാരണയായി കേരളത്തിൽ കണ്ടു വരാറില്ല. എന്നാൽ, കാലവർഷസമയത്ത് മിന്നൽ ചുഴലികളും വാട്ടർസ്‌പോട്ട് പോലുള്ള പ്രതിഭാസങ്ങളും ഇടിമിന്നലും കേരളത്തിലുണ്ടായത് ആശങ്കാ ജനകമാണ്. ഇതെല്ലാം വ്യക്തമാക്കുന്നത് സമീപ കാലത്ത് കാലവർഷമേഘങ്ങളുടെ ഘടനയിലും വ്യത്യാസം സംഭവിച്ചിട്ടുണ്ടെന്നാണ്.
സാധാരണയായി കാലവർഷ സമയത്ത് പശ്ചിമഘട്ടത്തിന് പടിഞ്ഞാറായി കാണപ്പെടുക ഉയരംകുറഞ്ഞ മേഘങ്ങളാണ്. എന്നാൽ, സമീപകാലത്ത് 12 മുതൽ 14 വരെ കിലോമീറ്റർ ഉയരം വരുന്ന കൂമ്പാരമേഘങ്ങളാണ് രൂപംകൊള്ളുന്നത്. ഇവയാണ് ഇപ്പോൾ കാലവർഷക്കാലത്തും ഇടിമിന്നലിന് കാരണമാകുന്നത്. ഇത്തരം മേഘങ്ങൾ ഒന്നുമുതൽ 14 കിലോമീറ്റർവരെ കട്ടിയിൽ ഉയർന്നുനിൽക്കുമ്പോൾ അവ ‘വാട്ടർ ടാങ്ക്’ പോലെ വർത്തിക്കുകയും അവയിൽ നിന്ന് കുറഞ്ഞ സമയം കൊണ്ട് പെയ്യുന്ന കൂടിയ അളവിൽ ഉള്ള മഴ പ്രളയത്തിനുകാരണമാവുകയും ചെയ്യും. അതിശക്തമായി മഴലഭിച്ച 2019-2021-ലും ഇത്തരത്തിൽ കൂറ്റൻ മേഘങ്ങളുടെ സാന്നിധ്യമുണ്ടായിരുന്നു.

പാരിസ്ഥിതിക വെല്ലുവിളികൾ
മഴയുടെ ഇത്തരം മാറ്റത്തിലേക്ക് നയിക്കുന്ന ചില പ്രധാന കാരണങ്ങൾ കുസാറ്റിന്റെ പഠനം മുന്നോട്ടുവെക്കുന്നു. ഒന്നാമത്തേത് അറബിക്കടലിന്റെ ഉപരിതലതാപനിലയാണ്. തീരത്തോടു ചേർന്നുള്ള സൗത്ത് ഏഷ്യൻ സമ്മർ മൺസൂൺ വിതരണത്തിൻ്റെയും അതോടനുബന്ധിച്ച് തെക്കുപടിഞ്ഞാറൻ കാറ്റിന്റെ വേഗവർധനയും മഴ പെയ്ത്തിന്റെ സ്വഭാവത്തിലുണ്ടായ ഈ മാറ്റത്തെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. ഈ പ്രവണതകൾ തുടരുകയാണെങ്കിൽ മേഘങ്ങൾ കൂടുതൽ ഉയരത്തിൽ വളരുകയും അത് ചിലപ്പോൾ ലഘു മേഘവിസ്ഫോടനം പോലുള്ള പ്രതിഭാസങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂട്ടാനും കാരണമായേക്കാം. അതിനാൽ, ജലസ്രോതസ്സുകളാലും ഭൂപ്രകൃതിയാലും വ്യത്യസ്തമായ കേരളംപോലൊരു പ്രദേശത്തെ സംബന്ധിച്ചിടത്തോളം ഇത്തരം മാറ്റങ്ങൾ ചിലപ്പോൾ അപ്രവചനീയമായ പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് വഴിയൊരുക്കിയേക്കാം എന്ന പ്രാധാന്യമേറിയ വസ്തുതയും പഠനം മുന്നോട്ടുവെക്കുന്നു.

കുറഞ്ഞ സമയം, കനത്ത മഴ
അന്തരീക്ഷത്തിലെ കൂടുതൽ ഈർപ്പം കൂടുതൽ ഈ ശക്തമായ മഴക്ക് കാരണമാകുന്നു. ജലസ്രോതസ്സുകൾക്കും കാർഷികമേഖലയ്ക്കും ഒരു ഗുണവും ചെയ്യില്ല. കുറഞ്ഞ സമയത്തിനുള്ളിൽ ലഭിച്ച കനത്ത മഴ ഭൗമോപരിതലത്തിലൂടെ വേഗത്തിൽ ഒഴുകി പോകാനും അതിനാൽ മണ്ണൊലിപ്പ് കാരണം മേൽ മണ്ണിലെ പോഷകങ്ങൾ നഷ്ടപ്പെടാനും ഇടയാക്കും. ഇന്ത്യൻ നഗരങ്ങളിൽ നിലവിലുള്ള അഴുക്കുചാൽ സംവിധാനങ്ങൾക്ക് ഈ അതി തീവ്രമഴയെ ഉൾക്കൊള്ളാൻ കഴിയാതെവരികയും നഗരങ്ങളെ വെള്ളപ്പൊക്കത്തിലേക്ക് നയിക്കുകയും ചെയ്യും.
മഴയുടെ തീവ്രതയിലും വിതരണത്തിലും വരുന്ന മാറ്റങ്ങളോടൊപ്പം, പ്രത്യേകിച്ച് പശ്ചിമ ഘട്ടത്തിലെയും ഹിമാലയൻ പ്രദേശങ്ങളിലെയും മേഘ ഘടനയിൽ ഉണ്ടായ മാറ്റങ്ങൾ ആ പ്രദേശങ്ങളെ ലഘു മേഘ വിസ്ഫോടന കേന്ദ്രമാക്കി മാറ്റിയിട്ടുണ്ട് . ഇത് മിന്നൽപ്രളയങ്ങൾക്ക് കാരണമാകും. മഴയുടെ തീവ്രതയുടെ അടിസ്ഥാന ത്തിൽമാത്രമാണ് കേന്ദ്രകാലാവസ്ഥാവകുപ്പ് മേഘ വിസ്ഫോടനത്തെ നിർവചിച്ചിരിക്കുന്നത്. അതനുസരിച്ച് ഒരു മണിക്കുറിൽ 10 സെന്റീമീറ്ററിലധികം മഴപെയ്താൽ മാത്രമെ മേഘവിസ്ഫോടനമായി കണക്കാക്കിയിരുന്നുള്ളൂ.
എന്നാൽ ചരിവുള്ള മല പ്രദേശങ്ങളിൽ മണ്ണിടിച്ചിൽ വെള്ളപ്പൊക്കം തുടങ്ങിയ ദുരന്തങ്ങൾ വിതയ്ക്കാൻ ഒരുമണിക്കൂറിൽ 10 സെ.മി മഴതന്നെ പെയ്യണമെന്നില്ല. എന്നാൽ, രണ്ടുമണിക്കൂറിൽ 10 സെ.മീ എന്ന തോതിൽ തീവ്രതകുറഞ്ഞ മഴപെയ്താലും പശ്ചിമഘട്ട പർവതങ്ങളുടെയും ഹിമാലയൻ പ്രദേശ ങ്ങളുടെയും ചെരിവുകളിൽ പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചിലിനും കാരണമായേക്കാം. നാശനഷ്ടങ്ങളുടെ കണക്കിലെടുത്താൽ ഇത്തരം ശക്തമായ മഴ ലഘു മേഘവിസ്ഫോടനത്തിന്റെ ഗണത്തിൽ പെടുത്താവുന്നതാണ്. കേരളത്തിൽ അടുത്തകാലത്തായി പ്രത്യേകിച്ച് മൺസൂൺ സമയത്ത് വലിയ സ്ഥലത്ത് വ്യാപിച്ചുകാണപ്പെടുന്ന കൂമ്പാര മേഖലകളിൽ നിന്ന് ഹസ്രകാലത്തേക്ക് ലഭിക്കുന്ന കനത്ത മഴ മേഘവിസ്ഫോടനങ്ങൾക്ക് കാരണമാകുന്നുണ്ട്. ഇങ്ങനെ അതിവേഗം ഒഴുകിയെത്തുന്ന വെള്ളം മലനാട്ടിൽ ഉരുൾ പൊട്ടലിനും ഇടനാട്ടിലും തീരപ്രദേശത്തും വെള്ളപ്പൊക്കത്തിനും കാരണമാകാറുണ്ട്.
വികലമായ ഭൂവിനിയോഗത്തിന്റെയും വനഭൂമി വ്യാപകമായി തോട്ടമായും കൃഷിഭൂമിയായും കൃഷിഭൂമിയായും മാറ്റുന്നതിന്റെയുമൊക്കെ പശ്ചാത്തലത്തിൽ മേഘ വിസ്ഫോടനം , ഉരുൾപൊട്ടൽ, പെട്ടെന്നുള്ള വെള്ളപ്പൊക്കം എന്നിവ സംയോജിതമായി വന്നാൽ കോളത്തിന്റെ അവസ്ഥ കൂടുതൽ വഷളായേക്കും.

കേരളം ഒരുങ്ങിയിരിക്കണം
കാലാവസ്ഥയിൽ പ്രകടമായ മാറ്റങ്ങളും പ്രവണതകളും ശ്രദ്ധിക്കേണ്ടതും ഉൾക്കൊള്ളേണ്ടതും നമ്മുടെ വികസന മാർഗങ്ങളും ദുരന്തല ഘൂകരണരീതികളും പ്രാദേശിക തലത്തിൽ രൂപപ്പെടുത്തുന്നതിന് ഏറെ നിർണായകമാണ്. തദ്ദേശസമൂഹങ്ങളെക്കൂടി ഉൾപ്പെടുത്തി ഒരു ബഹുതല അപകട-പ്രകൃതിക്ഷോഭ മുന്നറിയിപ്പ് സംവിധാനം ഉണ്ടാക്കുകയും കാര്യക്ഷമമായി നിലനിർത്തുകയും വേണം. ദുരന്തങ്ങൾക്ക് ഇരയാകാൻ ഇടയുള്ള ജനങ്ങളുടെയും തദ്ദേശസ്ഥാപങ്ങളുടെയും നേരിട്ടുള്ള പങ്കാളിത്തം ഇത്തരം സംവിധാനത്തിന്റെ വിജയത്തിന് അത്യന്താപേക്ഷതമാണ്.
ഇവിടെ ബഹുജന പങ്കാളിത്തത്തോടെയുള്ള ശ്രമങ്ങളാണ് ഏറ്റവും ഫലപ്രദമാവുക. ആഗോളതലത്തിൽ തന്നെ കാലാവസ്ഥ വ്യതിയാനം ഒരു പ്രതിസന്ധിയാവുകയാണ്. നമ്മളൊരു കാലാവസ്ഥാ അടിയത്തരാവസ്ഥയിലേക്ക് നീങ്ങുകയാണെന്ന് ഭരണകൂടങ്ങൾ ഇനിയും തിരിച്ചറിയാൻ വൈകിക്കൂടാ. ഇപ്പോൾ കാണുന്ന സംഭവങ്ങൾ ഒരു ടെസ്റ്റ് ഡോസ് മാത്രമാണെന്നും നമ്മെ കാത്തിവിക്കുന്നത് ഇതിലും തീവ്രമായ അവസ്ഥയാണെന്നുമുള്ള ഐ.പി. സി.സി.യുടെ ആറാം അവലോകനറിപ്പോർട്ട് നൽകുന്ന മുന്നറിയിപ്പ് ഗൗരവമായി ചർച്ചചെയ്യ പ്പെടുകയും നമ്മുടെ നയരൂപവത്കരണത്തിന്റെ ഭാഗമാക്കേണ്ടതുമാണ്.
കാലാവസ്ഥാവ്യതിയാനത്തെ പ്രതിരോധിക്കാൻ സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള പരിഹാരങ്ങളിൽനിന്ന് ആവാസവ്യവസ്ഥകൾ അടിസ്ഥാനമാക്കിയുള്ള സമീപനങ്ങളിലേക്കുള്ള മാതൃകാപരമായ മാറ്റത്തെക്കുറിച്ച് ചിന്തിക്കേണ്ട സമയമാണിത്.
Explore how global warming intensifies Kerala’s climate, revealing extreme weather phenomena influenced by the Western Ghats and vast ocean proximity.
This article was published in Mathrubhumi newspaper.