‘ചൂരൽ മലയെ സംരക്ഷിക്കണം’,38 വർഷങ്ങൾക്കു മുൻപ് പറഞ്ഞു: മഹാ ദുരന്തത്തിൽ വിറങ്ങലിച്ചു നിൽക്കുമ്പോൾ വൈറലായി അധ്യാപകന്റെ ലേഖനം

‘ചൂരൽ മലയെ സംരക്ഷിക്കണം’,38 വർഷങ്ങൾക്കു മുൻപ് പറഞ്ഞു: മഹാ ദുരന്തത്തിൽ വിറങ്ങലിച്ചു നിൽക്കുമ്പോൾ വൈറലായി അധ്യാപകന്റെ ലേഖനം

‘ചൂരൽ മലയെ സംരക്ഷിക്കണം’, 38 വർഷങ്ങൾക്കു മുൻപ് അധ്യാപകൻ എഴുതിയ ലേഖനം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വയറൽ. മഹാദുരന്തത്തില്‍ വിറങ്ങലിച്ചു നില്‍ക്കുന്ന അതേ നാടിനെ കുറിച്ച് 1986 മാര്‍ച്ച് 6ന് അന്നത്തെ കേരളകൗമുദി ദിനപത്രത്തിന്‍റെ കോഴിക്കോട് എഡിഷനില്‍ ഒരു ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. 38 വര്‍ഷത്തിനു ശേഷം സംഭവിക്കാനിരിക്കുന്ന ഒരു വന്‍ ദുരന്തത്തിലേക്കു വിരല്‍ ചൂണ്ടുന്നതാണെന്ന് അന്ന് അതു വായിച്ച ആരും കരുതി കാണില്ല. സൈലന്റ് വാലി അടക്കമുള്ള പദ്ധതികള്‍ക്കെതിരായി കേരളത്തില്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍ രംഗത്തു വന്ന കാലത്തായിരുന്നു അത്. ” ചൂരൽമലയെ രക്ഷിക്കണം” എന്നായിരുന്നു ലേഖനത്തിന്റെ തലക്കെട്ട്. ലേഖനം എഴുതിയത് അധ്യാപകനും തിരുവനന്തപുരം നഗരൂര്‍ സ്വദേശിയും പരിസ്ഥിതി പ്രവര്‍ത്തകനുമായിരുന്ന പ്രൊഫ. ഗോപിനാഥന്‍. അന്ന് അദ്ദേഹം കൽപ്പറ്റ ഗവൺമെന്റ് കോളേജിലെ മലയാളം അധ്യാപകനായിരുന്നു.

പ്രൊഫ. ഗോപിനാഥന്‍ കല്‍പ്പറ്റ ഗവ. കോളജില്‍ അധ്യാപകനായെത്തുന്നത് 1984 ലാണ് . എന്നാല്‍ ചെറുപ്പത്തിലേ നക്‌സല്‍ പ്രസ്ഥാനത്തില്‍ ആകൃഷ്‌ടനായ അദ്ദേഹം നക്‌സല്‍ പ്രവര്‍ത്തനത്തിന്‍റെ ഭാഗമായി ഇതിനു മുൻപ് വയനാട്ടില്‍ പല തവണ എത്തിയിട്ടുണ്ട് .

ചൂരല്‍മല പ്രദേശം അദ്ദേഹത്തിന്‍റെ ശ്രദ്ധയിലേക്ക് വരുന്നത് കല്‍പ്പറ്റ കോളജില്‍ അധ്യാപകനായെത്തിയ കാലത്താണ്. അക്കാലത്ത് ഇന്നത്തെ ദുരിത ഭൂമിയായ ചൂരല്‍മല, മുണ്ടക്കൈ എന്നിവിടങ്ങളില്‍ നിന്നുള്ള ധാരാളം കുട്ടികള്‍ കോളജില്‍ വിദ്യാർഥികളായി ഉണ്ടായിരുന്നു . ഒരു തോട്ടം മേഖലയായിരുന്നു അന്ന് ഇവിടം. തേയിലത്തോട്ടത്തിലെ തൊഴിലാളികളുടെ മക്കളായിരുന്നു കോളേജ് വിദ്യാർത്ഥികളിൽ മിക്കവരും .

ഈ കുട്ടികള്‍ മിക്ക ദിവസങ്ങളിലും കോളേജിൽ എത്താത്തതിന്റെ കാരണം വിദ്യാര്‍ഥികളോട് അന്വേഷിച്ചപ്പോഴാണ് ബസില്ലാത്തതു കൊണ്ടാണ് കോളജിലെത്താന്‍ കഴിയാത്തതെന്ന വിവരം കുട്ടികള്‍ പറഞ്ഞ് അദ്ദേഹം അറിയുന്നത്. ഇവിടേക്ക് ഒരു റോഡ് മാത്രമായിരുന്നു ഉള്ളത്. ഈ റോഡിൽ സ്വകാര്യ ബസ് സർവീസ് മാത്രമായിരുന്നു ഉള്ളത്. എന്നാൽ സ്വകാര്യ ബസ് സർവീസ് പലപ്പോഴും ദുര്‍ഘടമായ ചൂരല്‍മലയെ ഒഴിവാക്കി മേപ്പാടി വരെ മാത്രമായി ചുരുങ്ങി.

അങ്ങനെ ഒരു ദിവസം ചൂരല്‍മലയിലേക്കു പോകാന്‍ അധ്യാപകനായ ഗോപിനാഥൻ തീരുമാനിക്കുകയായിരുന്നു . ഏതാനും അധ്യാപകരെയും കൂട്ടി ഒരു ജീപ്പില്‍ ചൂരല്‍മലയിലെത്തി കാര്യങ്ങള്‍ മനസിലാക്കി അദ്ദേഹം. അവിടെയെത്തിയപ്പോഴാണ് ചൂരല്‍മലയുടെ മനോഹാരിത നേരിട്ടു മനസ്സിലാക്കിയത്. തഴുകിയെത്തുന്ന നനുത്ത കാറ്റ് പകല്‍ സമയത്തു പോലും ഉണര്‍ത്തുന്ന അനുഭൂതി.

ചൂരല്‍മലയെ തഴുകി കടന്നു പോകുന്ന ആറ്റിലെ വെള്ളത്തിനാകട്ടെ സ്‌ഫടിക തിളക്കം. പച്ച വിരിച്ച് മനോഹരമായ മലനിരകള്‍, വീണ്ടും വീണ്ടും നമ്മെ ഈ പ്രദേശത്തേക്ക് പിടിച്ചു വലിക്കുന്ന എന്തോ ഒരു അദൃശ്യ അനുഭൂതി ഈ പ്രദേശം നൽകുന്നുണ്ടായിരുന്നു. അങ്ങനെ കല്‍പ്പറ്റയില്‍ നിന്ന് 24 കിലോമീറ്റര്‍ ദൂരം കാല്‍നടയായി പല വട്ടം അധ്യാപകൻ ചൂരൽ മലയിൽ എത്തി .

പുറത്തു നിന്നുള്ള മനുഷ്യ സാന്നിധ്യം ഇവിടേക്ക് അധികമായി എത്തിയിരുന്നില്ല. ഈ പ്രദേശത്ത് അന്ന് തന്നെ ദുരന്തം ചൂഴ്ന്നു നില്‍ക്കുന്നുണ്ടായിരുന്നു. ഗോപിനാഥന്‍ അവിടേക്കെത്തുന്നതിനു മുന്‍പ് 1984ല്‍ മുണ്ടക്കൈയില്‍ ഇന്ന് ഉരുള്‍പൊട്ടലുണ്ടായിടത്തു നിന്നു ഏതാനും കിലോമീറ്റര്‍ താഴേക്കുമാറി ഒരു ഉരുൾപൊട്ടൽ ഉണ്ടായി. അന്ന് ഏകദേശം 8 മരണം ഉണ്ടായി . അതുകൊണ്ടു തന്നെ ഇത്രയേറെ പ്രകൃതി ലോലവും മനോഹരവുമായ ഈ പ്രദേശം സംരക്ഷിക്കപ്പെടേണ്ടതിന്‍റെ ആവശ്യകത മനസില്‍ വച്ച് പരിസ്ഥിതി പ്രവര്‍ത്തകന്‍ എന്ന നിലയില്‍ ലേഖനമെഴുതി കേരള കൗമുദിക്കയച്ചു കൊടുക്കുകയായിരുന്നു.

എന്നാല്‍ അതിനും മുന്‍പേ 1984ല്‍ ‘ചൂരല്‍മലയില്‍’ എന്ന പേരില്‍ ചൂരല്‍മലയെ കുറിച്ച് ഗോപിനാഥന്‍ ഒരു കവിതയും രചിച്ചു. ഇതും കേരള കൗമുദി വാരാന്ത്യപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചിരുന്നു. ചൂരല്‍മലയ്ക്കു സമീപത്തെ മുണ്ടക്കൈ, വെള്ളരിമല എന്നിവിടങ്ങളിലൂടെ കാല്‍നടയായി വെറും 8 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ നിലമ്പൂരിലെത്താമെന്ന് അദ്ദേഹം പറഞ്ഞു. 38 വര്‍ഷം മുന്‍പ് താന്‍ ഒരു ദുരന്തം ഉണ്ടാകാതിരിക്കാനുള്ള മുന്‍ കരുതലുകളെ കുറിച്ചു പറഞ്ഞത് യാഥാര്‍ഥ്യമായതിനെ തികച്ചും യാദൃച്ഛികമായിട്ടാണ് പ്രൊഫ. ഗോപിനാഥന്‍ കാണുന്നത്.

എന്നാല്‍ താന്‍ ഹൃദയത്തോട് എക്കാലവും ചേര്‍ത്തു നിര്‍ത്തിയ ഒരു പ്രദേശം അപ്പാടെ അടര്‍ന്നു പോയതിനുമപ്പുറം ഇത്രയേറെ മനുഷ്യ ജീവനുകള്‍ നഷ്‌ടപ്പെട്ടതിന്‍റെ വേദന അടക്കാനാകില്ലെന്ന് ആ അധ്യാപകൻ.

അതേസമയം കോടമഞ്ഞും, സൂചിപ്പാറ വെള്ളച്ചാട്ടവുമൊക്കെ ചേർന്ന് രൂപാന്തരപ്പെടുത്തിയ ചൂരൽമല പ്രദേശത്തെ ഈ സൗന്ദര്യ സാധ്യതയാണ് സജീവ ജനവാസ -വിനോദസഞ്ചാര മേഖലയാക്കിയത്. റിസോർട്ടുകൾ, ഹോംസ്റ്റേകൾ, ഹോട്ടലുകൾ, സ്കൂൾ, കെട്ടിടങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ -അങ്ങനെ ചൂരൽമല ചെറുപട്ടണമായി പെട്ടെന്ന് തന്നെ വളരുകയായിരുന്നു. മുണ്ടക്കെെയുടെയും ചൂരൽമലയുടെയും അട്ടമലയുടെയുമൊക്കെ ഉരുൾപൊട്ടൽ ചരിത്രത്തിന് വയനാടിന്റെ ചരിത്രത്തോളം പഴക്കമുണ്ടെന്ന് പഴമക്കാർ. അക്കാലത്ത് തദ്ദേശീയരായ വയനാട്ടുകാർ ആ പ്രദേശത്ത് പണം നൽകി ഭൂമി വാങ്ങില്ലായിരുന്നു. വലിയതോതിൽ ജനസാന്നിധ്യം ഇല്ലാത്തതു കൊണ്ട് തന്നെ ഉരുൾപൊട്ടൽ അപകടങ്ങളിൽ വലിയ വിനാശം അക്കാലത്ത് ഉണ്ടായിരുന്നില്ല.

എന്നാൽ സമീപകാലങ്ങളിലായി ഉണ്ടാകുന്ന ഉരുൾപൊട്ടലിന്റെ ഗ്രാഫ് പരിശോധിക്കുമ്പോൾ ദുരന്തത്തിന്റെ വ്യാപ്തി വർദ്ധിച്ചുവരുന്നു. 1984 ജൂലൈ 1ന് ചൂരൽമലയില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായി,14 മരണമാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത് . 11 ആദിവാസികളും 3 തോട്ടം തൊഴിലാളികളും മരണപ്പെട്ടു. 1992 ല്‍ 45 കിമി അകലെ പടിഞ്ഞാറത്തറ കാപ്പിക്കളത്ത് ഉണ്ടായ ദുരന്തത്തില്‍ ഒരു കുടുംബത്തിലെ 11 പേര്‍ മരിച്ചിരുന്നു. 2018ൽ 35 കിമി അകലെ കുറിച്യര്‍മലയില്‍ വലിയ ദുരന്തം ഉണ്ടായെങ്കിലും ജനവാസ പ്രദേശം അല്ലാത്തതിനാല്‍ ആളപായം ഇല്ല. 2019 ഓഗസ്റ്റിൽ 15 കിമി അകലെ
പുത്തുമലയില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ 17 പേര്‍ മരിച്ചു. 5 പേർ ഇപ്പോഴും കാണാ മറയത്ത്.

എന്നാൽ 2024 ജൂലൈ 30, പകൽ ഉണരുന്നതിനു മുമ്പേ ചൂരൽമല ഗ്രാമവും ചെറുപട്ടണവും – മുണ്ടക്കെെയും അട്ടമലയുമൊക്കെ ചെമ്മണ്ണ് പുതഞ്ഞ് കിടക്കുന്നു . ഇരച്ചെത്തിയ പ്രളയജലവും, മണ്ണും ചെളിയും, കല്ലും പാറക്കഷണങ്ങളും, വനഭാഗങ്ങളും, ആ നാടിനെയും അവിടുത്തെ മനുഷ്യരേയും അപ്പാടെ ഇല്ലാതാക്കിയിരിക്കുന്നു.

വയനാട്ടിൽ ഇന്ന് വിദ്​ഗ്ധസംഘമെത്തും

ഉരുൾപൊട്ടൽ ദുരിതമുണ്ടായ വയനാട് മേപ്പാടി പഞ്ചായത്തിലെ പുഞ്ചിരിമട്ടം, മുണ്ടക്കൈ, ചൂരൽമല, അട്ടമല, പ്രദേശങ്ങളിൽ ഇന്ന് വിദഗ്ധസംഘം എത്തി പരിശോധന നടത്തും. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിയോഗിച്ച അഞ്ചംഗ സംഘമാണ് ഇന്ന് പരിശോധന നടത്തുക. ദുരന്തമുണ്ടായ പ്രദേശങ്ങൾ വാസയോഗ്യം ആണോ എന്ന് പരിശോധിക്കുന്ന സംഘം ടൗൺഷിപ്പിനായി സർക്കാർ കണ്ടെത്തിയ പ്രദേശങ്ങളിലും എത്തും 

ഭൗമശാസ്ത്ര പഠനകേന്ദ്രത്തിലെ മുതിർന്ന ശാസ്ത്രജ്ഞനായ ജോൺ മത്തായിയുടെ നേതൃത്വത്തിലുള്ള സംഘത്തെയാണ് പരിശോധന നടത്തി ശുപാർശ സമർപ്പിക്കാനായി നിയോഗിച്ചത്. 

metbeat news

കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.
വാട്‌സ്ആപ്
ടെലഗ്രാം
വാട്‌സ്ആപ്പ് ചാനല്‍
Google News
Facebook Page
Weatherman Kerala Fb Pag

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.

Leave a Comment