കടന്നു പോയ ചൂടും, വാടിത്തളർന്ന കുട്ടികളും

വകടന്നു പോയ ചൂടും, വാടിത്തളർന്ന കുട്ടികളും

സുനി അൽഹാദി

മഞ്ഞു പെയ്യാതെ കടന്നു പോയ ഡിസംബറിനെ അനുഗമിച്ചെത്തിയ ജനുവരിയിൽ പ്രതീക്ഷയായിരുന്നു; കാലം തെറ്റിയെത്തുന്ന കാലാവസ്ഥ ജനുവരിയെ മഞ്ഞുകണങ്ങളാൽ കോച്ചിപ്പിടിപ്പിക്കുമെന്ന്. കാലാവസ്ഥാ പ്രവചനങ്ങൾ പെരുംചൂട് മുന്നറിയിപ്പ് നൽകിയെങ്കിലും മഞ്ഞും മഴയുമൊക്കെ പ്രതീക്ഷിച്ചിരുന്നു. പക്ഷേ ഏപ്രിൽ, മേയ് എന്ന വേനൽക്കാലം ജനുവരിയെയും ഫെബ്രുവരിയേയും കൂടി കവർന്നെടുത്ത കാഴ്ചയാണ് പിന്നീട് കണ്ടത്.

‘ ഹൊ എന്തൊരു ചൂട് , ഗൾഫ് രാജ്യങ്ങളിലേതുപോലെ കേരളക്കരയും പരസ്പരം മന്ത്രിച്ചു. തുറസായ ഇടങ്ങളിൽ തൊഴിൽ ചെയ്യുന്നവർക്ക് വേനൽക്കാലത്ത് നൽകുന്ന ഉച്ചവിശ്രമവും ഫെബ്രുവരി 17 മുതൽ നൽകിത്തുടങ്ങി. പെരും ചൂടിന്റെ അകമ്പടിയിൽ നോമ്പുകാലവും പരീക്ഷാക്കാലവും തെരഞ്ഞെടുപ്പ് കാലവും കടന്നു പോയി. ഏപ്രിലിന്റെ അവസാനം സൂര്യാഘാതവും ഉഷ്ണ തരംഗവും ഒക്കെ ജീവന് ഭീഷണിയായി. ഇടുക്കിയിലും പാലക്കാട്ടും മാഹിയിലുമൊക്കെ സൂര്യാഘാതം ജീവനുകൾ കവർന്നു. ജില്ലകളിലെല്ലാം 40 ഡിഗ്രി സെൽഷ്യസിനടുത്ത് രേഖപ്പെടുത്തിയ ചൂട് ജനജീവിതം ദുസ്സഹമാക്കി. പാലക്കാട്ടുകാരകട്ടെ 41 ഡിഗ്രി ചൂട് സഹിച്ച് ദിവസങ്ങളോളം വെന്തുരുകി.

അതേസമയം കേരളം ഇന്നേവരെ കണ്ടിട്ടില്ലാത്ത രീതിയിൽ കരിക്കും കുടിവെള്ളവും ശീതളപാനിയങ്ങളും എയർക്കണ്ടീഷനറും വിറ്റഴിഞ്ഞു. വൈകുന്നേരങ്ങളിൽ ചിലർ പാർക്കുകളിലും മൈതാനങ്ങളിലും കായലോരങ്ങലിലുമൊക്കെ ഇളം കാറ്റിനായി ഒത്തുകൂടിയപ്പോൾ ശീതീകരിച്ച മാളുകളും നിറഞ്ഞൊഴുകി. ആരോഗ്യപ്രശ്നങ്ങളും ചൂടിനൊപ്പം തലപൊക്കി. ചുമയും പനിയും ശരീര വേദനയുമൊക്കെ കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ വിടാതെ പിന്തുടർന്നു.

ഉഷ്ണതരംഗം

ഇത്തവണ ഉഷ്ണതംരംഗത്താൽ പാലക്കാട് ദിവസങ്ങളോളം വിയർത്തുകുളിച്ചു. സമതലങ്ങളിൽ പരമാവധി താപനില കുറഞ്ഞത് 40 ഡിഗ്രി സെൽഷ്യസിലും തീരപ്രദേശങ്ങളിൽ കുറഞ്ഞത് 30 ഡിഗ്രി സെൽഷ്യസിലും മലയോരപ്രദേശങ്ങളിൽ കുറഞ്ഞത് 37 ഡിഗ്രി സെൽഷ്യസിലും അനുഭവപ്പെടുന്നതാണ് ഉഷ്ണതരംഗം. കടലിലും ഭൂമധ്യരേഖയ്ക്ക് സമീപമുള്ള പ്രദേശങ്ങളിലും ചൂട് കൂടുന്നതിൻ്റെ ഫലമായാണ് അന്തരീക്ഷത്തിലും ചൂട് വർധിച്ച് ഉഷ്ണതരംഗം രൂപപ്പെടുന്നത്. ഏപ്രിൽ അവസാനം പാലക്കാട്ട് സാധാരണയിൽ നിന്നും അഞ്ച് ഡിഗ്രി ചൂട് വർധിച്ചതോടെയാണ് ഉഷ്ണതരംഗമായി കേന്ദ്ര കാലാവസ്ഥ വകുപ്പ് സ്ഥിരീകരിച്ചത്. തൃശൂരും കൊല്ലത്തും ഉഷ്ണതരംഗം അനുഭവപ്പെട്ടു. 2016ലും പാലക്കാട്ട് ഉഷ്ണതരംഗം അനുഭവപ്പെട്ടിരുന്നു. അന്ന് 41.9 ഡിഗ്രി ചൂടാണ് രേഖപ്പെടുത്തിയത്. അന്തരീക്ഷത്തിൽ ഹ്യുമിഡിറ്റി അഥവ ആർദ്രത കൂടി നിന്നതും ജനത്തെ ശ്വാസംമുട്ടിച്ചു.

സൂര്യാഘാതം

സൂര്യാഘാതം ജീവനുകൾ അപഹരിച്ച ചൂട്കാലം കൂടിയായിരുന്നു ഇത്തവണത്തേത്. പാലക്കാട്ടും ഇടുക്കിയിലും മാഹിയിലും സൂര്യാഘാതമരണം റിപ്പോർട്ട്ചെയ്തു. ഷോളയാറിൽ നിർജ്ജലീകരണം മൂലവും മരണം റിപ്പോർട്ട് ചെയ്തു. സൂര്യനിൽ നിന്നുള്ള വികിരണങ്ങൾ ഏറ്റ് ശരീരകോശങ്ങൾ നശിക്കുന്ന പ്രതിഭാസമാണ് സൂര്യാഘാതം. അൾട്രാവയലറ്റ് വികിരണങ്ങളാണ് പ്രധാനമായും സൂര്യാഘാതത്തിന് കാരണമാകുന്നത്. ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്ന സൂര്യാഘാതം അതികഠിനമായ വെയിലത്ത് ജോലിചെയ്യുന്നവർക്കാണ് കൂടുതലായും ഏൽക്കുന്നത്. അമിത ചൂട് വകവയ്ക്കാതെ ആവശ്യത്തിന് വെള്ളം കുടിക്കാതിരുന്നാലും അപകടം വിളിച്ചുവരുത്തും. ഉയർന്ന താപനില തലച്ചോർ, കരൾ, വൃക്കകൾ, ഹൃദയം, ശ്വാസകോശം തുടങ്ങിയ അവയവങ്ങളുടെ പ്രവർത്തനങ്ങളെയും സാരമായി ബാധിക്കും. സൂര്യാഘാതമേറ്റയാളെ ആദ്യം ചെയ്യേണ്ടത് തണുപ്പുള്ള സ്ഥലത്തേക്ക് മാറ്റുകയാണ്. ആശുപത്രിയിലെത്തിച്ച് വിദഗ്ധ ചികിത്സ നൽകുകയും വേണം.

വാടിത്തളർന്ന് കുട്ടികൾ


സാധാരണഗതിയിൽ അവധിക്കാലം എന്ന് പറഞ്ഞാൽ കുട്ടികൾക്ക് ആഘോഷകാലം കൂടിയാണ്. സാധാരണ കുളത്തിലിറങ്ങിയുമൊക്കെ കൂട്ടുകാർക്കൊപ്പം ഉല്ലസിക്കുന്ന കാലം. എന്നാൽ ഇത്തവണ വീട്ടിൽ നിന്ന് ഇറങ്ങാൻ പറ്റാത്ത അവസ്ഥയായിരുന്നു കുട്ടികൾക്ക്. വൈകുന്നേരങ്ങളിൽ മാതാപിതാക്കൾക്കൊപ്പം പാർക്കിലോ ബീച്ചിലോ ഒക്കെ പോയി കളിക്കാം എന്നതായിരുന്നു ഏക ആശ്വാസം. വീടിനകത്തുതന്നെ വിയർത്തൊലിക്കുന്ന അവസ്ഥയിലായിരുന്നു കുട്ടികൾ. ദേഹം മുഴുവൻ ചൂടുകുരു പൊങ്ങി ചൊറിഞ്ഞുനടന്ന കുട്ടികളും ഏറെ. ഉദ്യോഗസ്ഥ ദമ്പതികളെയും ചൂടുകാലം ഏറെ വലച്ചു. സാധാരണ സ്കൂൾ അടച്ചുകഴിഞ്ഞാൽ ഡേ കെയർ, അവധിക്കാല ക്യാംപുകൾ, അങ്കണവാടികൾ തുടങ്ങിയവയാണ് ഇത്തരം മാതാപിതാക്കൾക്ക് ആശ്വാസമേകുന്നത്. എന്നാൽ ഇത്തവണചൂട് കനത്തതോടെ ഏപ്രിലിൻ്റെ തുടക്കത്തിൽ തന്നെ ഇത്തരം അവധിക്കാല ക്ലാസുകൾ അടയ്ക്കുകയായിരുന്നു. പെരും ചൂടത്ത് കുട്ടികളുടെ സുരക്ഷ തങ്ങൾക്ക് ഉറപ്പാക്കാൻ കഴിയുമോ എന്ന ആശങ്ക ആയിരുന്നു പലർക്കും. സർക്കാർ നിർദേശം പോലും കൊടുക്കാതെയാണ് അവധിക്കാല ക്യാംപ് നടത്തുന്നവർ സ്വയം നിർത്തിവച്ചത്. ഏപ്രിൽ അവസാനവാരം ഉഷ്ണതരംഗം മുൻനിർത്തി സംസ്ഥാനത്തെ അങ്കണവാടികൾക്ക് അവധി നൽകുകയായിരുന്നു.

ഇനിയും ജാഗ്രത കൈവിടരുത്

കാലം തെറ്റിയ കാലാവസ്ഥയെ കരുതിയിരിക്കണമെന്നാണ് കാലാവസ്ഥാ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്. മഞ്ഞ് പെയ്യുന്ന ഡിസംബറും, വിഷുവിന് പൂക്കുന്ന കണിക്കൊന്നയും കാർഷിക വിഭവങ്ങളുടെ വിളവെടുപ്പ് കാലവുമൊക്കെ മാറിമറിഞ്ഞിരിക്കുന്നു. കേരളം ഉൾപ്പെടെ ഒമ്പത് സംസ്ഥാനങ്ങളാണ് രാജ്യത്ത് കാലാവസ്ഥാവ്യതിയാന ഭീഷണി നേരിടുന്നത്. കൊടും ചൂടിനെ തുടർന്നുവരുന്ന മൺസൂൺ കാലവും കരുതിയിരിക്കണം. മഴ കൂടുതൽ ലഭിക്കാനും വെള്ളപ്പൊക്കം ഉൾപ്പെടെയുള്ള കെടുതികൾ വരാമെന്നും കാലാവസ്ഥാ നിരീക്ഷകർ മുന്നറിയിപ്പ് നൽകുന്നു.

metbeat news

കാലാവസ്ഥ അപ്ഡേറ്റുകൾക്ക്

FOLLOW US ON GOOGLE NEWS

WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Femi Resmin is a multifaceted professional with a diverse educational and career background holds a Bachelor of Arts in English from Calicut University and a Bachelor of Education.She applies her extensive knowledge of the English language and analytical skills in her role as a content writer for weather reporting, delivering precise and informative content to a broad audience.

Leave a Comment