കേരളത്തിൽ 39% മഴക്കുറവ് രേഖപ്പെടുത്തി. ജൂൺ ഒന്നു മുതൽ ജൂലൈ 21 വരെയുള്ള കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ കണക്ക് പ്രകാരമാണ് 39% മഴ കുറവ് രേഖപ്പെടുത്തിയിട്ടുള്ളത്. സാധാരണ 1106. 6mm മഴ ലഭിക്കേണ്ട കേരളത്തിൽ 667.2 എം എം മഴയാണ് ലഭിച്ചത്. പത്തനംതിട്ട കൊല്ലം ജില്ലകളിൽ ഒഴികെ ബാക്കിയുള്ള ജില്ലകളിൽ എല്ലാം മഴ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ലക്ഷദ്വീപിലും സാമാന്യം മഴ ലഭിച്ചിട്ടുണ്ട് 8% മഴ കുറവാണ് ലക്ഷദ്വീപിൽ രേഖപ്പെടുത്തിയിട്ടുള്ളത്. 545.2 mm മഴ ലഭിക്കേണ്ട ലക്ഷദ്വീപിൽ 504 mm മഴ ലഭിച്ചു.
കേരളത്തിലെ മറ്റു ജില്ലകളിൽ മഴക്കുറവ് രേഖപ്പെടുത്തിയത് ഇങ്ങനെ
ആലപ്പുഴ ജില്ലയിൽ 21 ശതമാനം മഴ കുറവ് രേഖപ്പെടുത്തി. കണ്ണൂർ ജില്ലയിൽ 29%, എറണാകുളം ജില്ലയിൽ 28%, ഇടുക്കി ജില്ലയിൽ 55 ശതമാനം, കാസർകോട് ജില്ലയിൽ 28%, കൊല്ലം ജില്ലയിൽ 12%, കോട്ടയം ജില്ലയിൽ 41%, കോഴിക്കോട് ജില്ലയിൽ 55%, മലപ്പുറം ജില്ലയിൽ 41%, പാലക്കാട് ജില്ലയിൽ 47 ശതമാനം, തിരുവനന്തപുരം ജില്ലയിൽ 31 ശതമാനം, തൃശൂർ ജില്ലയിൽ 41ശതമാനം, വയനാട് ജില്ലയിൽ 54 ശതമാനം എന്നിങ്ങനെയാണ് ജൂൺ 21 വരെയുള്ള കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ കണക്ക് പ്രകാരം രേഖപ്പെടുത്തിയ മഴ കുറവ്.
അതേസമയം കേന്ദ്ര ഭരണ പ്രദേശമായ മാഹിയിൽ 31 ശതമാനം മഴ കുറവ് രേഖപ്പെടുത്തി. 1415.2 mm മഴ ലഭിക്കേണ്ട മാഹിയിൽ 973.4 mm മഴയാണ് ലഭിച്ചത്.
ഇന്നുമുതൽ വടക്കൻ ജില്ലകളിൽ മഴ
ഇന്നുമുതൽ കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിൽ ഒറ്റപ്പെട്ട മഴ ലഭിക്കും. കഴിഞ്ഞ ദിവസങ്ങളിൽ ലഭിച്ച മഴയേക്കാൾ കുറച്ചു കൂടുതൽ മഴ ലഭിക്കാൻ സാധ്യതയെന്നാണ് മെറ്റ്ബീറ്റ് വെതറിന്റെ നിരീക്ഷണം. കഴിഞ്ഞദിവസം ഒഡിഷ ഭാഗത്ത് നിന്ന് നീങ്ങിയ ന്യൂനമർദ്ദം മധ്യ ഇന്ത്യയിൽ ശക്തമാണ്. അതിനാൽ മഹാരാഷ്ട്ര, ഗുജറാത്ത്, ഗോവ, കർണാടക, മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് തുടങ്ങിയ സംസ്ഥാനങ്ങളിലും മഴ ലഭിക്കും.
മഹാരാഷ്ട്രയുടെ തീരദേശങ്ങൾ കൊങ്കൺ തീരദേശം ഗുജറാത്തിന്റെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ കഴിഞ്ഞദിവസം ശക്തമായ മഴ ലഭിച്ചിരുന്നു. ഇന്നുമുതൽ കർണാടകയുടെ കിഴക്കൻ പ്രദേശങ്ങളിലും മഴ ലഭിക്കും. അതുകൊണ്ടുതന്നെ കേരളത്തിൽ വടക്കൻ കൂടുതൽ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം കൊല്ലം ജില്ലകളിൽ താരതമ്യേന മഴ കുറവായിരിക്കും. അതേസമയം പടിഞ്ഞാറൻ പസഫിക് സമുദ്രത്തിൽ ഒരു തീവ്ര ന്യൂനമർദ്ദം രൂപപ്പെട്ടിട്ടുണ്ട്.