Menu

യു.എ. ഇയിൽ ഒരു മാസത്തിനകം നടത്തിയത് 44 ക്ലൗഡ് സീഡിംങ്ങുകൾ

യു.എ.ഇയില്‍ കൃത്രിമ മഴക്ക് വേണ്ടി
ഒരുമാസത്തിനകം നടത്തിയത് 44 ക്ലൗഡ് സീഡിങ്ങുകൾ. കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ ഇതുവരെ 13 ക്ലൗഡ് സീഡിങ് നടത്തിയതായും നാഷണല്‍ സെന്റര്‍ ഓഫ് മീറ്റിയോ റോളജി (എന്‍.സി.എം) വക്താവ് പറഞ്ഞു. കൃത്രിമമഴ പെയ്യിക്കുന്നതിനാണ് ക്ലൗഡ് സീഡിങ് ചെയ്യുന്നത്. മഴയുടെ തോത് വര്‍ധിപ്പിക്കുകയെന്ന ഉദ്ദേശ്യത്തോടെ യു.എ.ഇ. പതിവായി ക്ലൗഡ് സീഡിങ് പ്രക്രിയ നടത്താറുണ്ട്. ഇത്തവണ മഴയുടെ തോത് 25 ശതമാനത്തോളം വര്‍ധിക്കുകയും ചെയ്തു. എന്നാല്‍ ക്ലൗഡ് സീഡിംഗ് മാത്രമാണ് ശക്തമായ മഴയുടെ കാരണമെന്ന് അവകാശപ്പെടുന്നില്ലെന്നും വക്താവ് വിശദീകരിച്ചു.

കഴിഞ്ഞ ഒരാഴ്ചയായി യു.എ.ഇ. യിലെമ്പാടും കനത്ത മഴയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇടിയും മിന്നലും ആലിപ്പഴവര്‍ഷവുമുണ്ട്. താപനില 15 ഡിഗ്രി സെല്‍ഷ്യസിലേക്ക് താഴ്ന്നു. പര്‍വതപ്രദേശങ്ങളിലെ താപനില രണ്ട് ഡിഗ്രിയാണ് ചില ദിവസങ്ങളില്‍ രേഖപ്പെടുത്തിയത്. ഏതാനും ദിവസങ്ങള്‍കൂടി മഴ തുടരാമെന്നാണ് കാലാവസ്ഥാ കേന്ദ്രം അറിയിച്ചിരിക്കുന്നത്.

2015 മുതല്‍ യു.എ.ഇ.യില്‍ മഴ വര്‍ധിപ്പിക്കുന്നതിനും ജലസുരക്ഷാ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുമായി ഒട്ടേറെ രീതികള്‍ പരീക്ഷിക്കുകയും നടപ്പാക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഇവയില്‍ ഏറ്റവും കാര്യക്ഷമമായി പ്രവര്‍ത്തിച്ചിട്ടുള്ളത് ക്ലൗഡ് സീഡിങ് പ്രക്രിയയാണ്. ഇതുമൂലം, ഓരോ വര്‍ഷവും ശരാശരി 100 മില്ലിമീറ്റര്‍ മഴ രേഖപ്പെടുത്താറുള്ള യു.എ.ഇ.യില്‍ സമീപ വര്‍ഷങ്ങളില്‍ മഴയുടെ തോത് വലിയരീതിയില്‍ വര്‍ധിച്ചു. കടുത്ത വേനലിലും മഴ ലഭിക്കുന്നതിനായി ഇത്തരം പ്രക്രിയകള്‍ നടത്താറുണ്ട്. അന്തരീക്ഷത്തില്‍ മേഘങ്ങളുടെ ഘടനയില്‍ രാസപദാര്‍ഥങ്ങളുടെ സഹായത്തോടെ വ്യത്യാസം വരുത്തി കൃത്രിമമഴ പെയ്യിക്കുന്ന രീതിയാണ് ക്ലൗഡ് സീഡിങ്. കഴിഞ്ഞവര്‍ഷം 311 ക്ലൗഡ് സീഡിങ് പ്രക്രിയകള്‍ക്ക് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നേതൃത്വം നല്‍കിയിരുന്നു.

വാർത്തകളും വിവരങ്ങളും അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക. https://chat.whatsapp.com/CBh4y7LOpCv5631ywoYixw

ക്ലൗഡ് സീഡിങ്ങ് സാങ്കേതിക വിദ്യ: മഴ ഇരട്ടിപ്പിച്ച് യു.എ.ഇ

അഷറഫ് ചേരാപുരം
ദുബൈ:ക്ലൗഡ് സീഡിങ് സാങ്കേതിക വിദ്യയിലൂടെ മഴ വര്‍ധിപ്പിച്ച് യു.എ.ഇ. ശാസ്ത്ര സാങ്കേതിക വിദ്യകളുടെ ഉപയോഗത്തിലൂടെ പരമാവധി മഴ ലഭ്യമാക്കാനുള്ള നടപടികളാണ് രാജ്യം നടത്തുന്നത്. വിമാനം ഉപയോഗിച്ച് രാസവസ്തുക്കള്‍ മേഘങ്ങളില്‍ വിതറിയാണ് മഴ പെയ്യിക്കുന്നത്. കഴിഞ്ഞ ആറു വര്‍ഷത്തിനിടെ ക്ലൗഡ് സീഡിങ് വിമാനങ്ങളുടെ എണ്ണം ഇരട്ടിയാക്കിയെന്ന് അധികൃതര്‍ വ്യക്തമാക്കി. അബൂദബിയില്‍ നടന്ന ഇന്റര്‍നാഷനല്‍ റെയിന്‍ എന്‍ഹാന്‍സ്‌മെന്റ് ഫോറത്തിലാണ് അധികൃതര്‍ കണക്കുകള്‍ വ്യക്തമാക്കിയത്. കഴിഞ്ഞ വര്‍ഷം 311 ക്ലൗഡ് സീഡിങ്ങാണ് നടത്തിയത്. 1000 വിമാന മണിക്കൂറുകളാണ് ഇതിനായി ഉപയോഗിച്ചത്. 2016ല്‍ 177 വിമാനങ്ങള്‍ ക്ലൗഡ് സീഡിങ് നടത്തിയ സ്ഥാനത്താണ് ഇപ്പോള്‍ ഇരട്ടിയായി ഉയര്‍ത്തിയത്.
പദ്ധതിക്കായി 66 ദശലക്ഷം ദിര്‍ഹം നിക്ഷേപിച്ചതായി കണക്കുകള്‍ പറയുന്നു.മഴ വര്‍ധിപ്പിക്കുക, ഭൂഗര്‍ഭജലം വര്‍ധിപ്പിക്കുക, ശുദ്ധജല വിതരണം മെച്ചപ്പെടുത്തുക എന്നിവയാണ് മഴ പെയ്യിക്കുന്നതിന്റെ പ്രധാന ലക്ഷ്യങ്ങള്‍.ഒരു വര്‍ഷത്തില്‍ ശരാശരി 79 മില്ലിമീറ്റര്‍ സ്വാഭാവിക മഴ മാത്രമാണ് യു.എ.ഇയില്‍ ലഭിക്കുന്നത്.

അന്തരീക്ഷത്തില്‍ മേഘങ്ങളുടെ ഘടനയില്‍ വ്യത്യാസം വരുത്തി മഴ പെയ്യിക്കുന്ന രീതിയാണ് ക്ലൗഡ് സീഡിങ്. വിമാനങ്ങളും റോക്കറ്റുകളും ഉപയോഗിച്ചാണ് രാസവസ്തുക്കള്‍ മേഘങ്ങളില്‍ വിതറുന്നത്. രാസപദാര്‍ഥങ്ങളായ സില്‍വര്‍ അയോഡൈഡ്, ഡ്രൈ ഐസ് (മരവിപ്പിച്ച കാര്‍ബണ്‍ ഡയോക്സൈഡ്) എന്നിവ പൂജ്യം ഡിഗ്രിയെക്കാള്‍ താഴ്ന്ന ഊഷ്മാവില്‍ മേഘത്തിലേക്ക് കലര്‍ത്തുകയാണ് ചെയ്യുന്നത്.

യു.എ.ഇയില്‍ അസ്ഥിര കാലാവസ്ഥ: പലയിടങ്ങളിലും മഴ മുന്നറിയിപ്പ്

അഷറഫ് ചേരാപുരം
ദുബൈ: മഴ, കാറ്റ് തുടങ്ങിയവ ഇടക്കിടെ അനുഭവപ്പെട്ട് യു.എ.ഇയില്‍ അസ്ഥിര കാലാവസ്ഥ തുടരുന്നു. ഇന്നു മുതല്‍ ശക്തമായ കാറ്റിനും മഴക്കും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് യു.എ.ഇ ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പെത്തി.കഴിഞ്ഞ ദിവസം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മോശമല്ലാത്ത മഴ ലഭിച്ചിരുന്നു. ശൈത്യ കാലാവസ്ഥ തുടരുന്നതോടൊപ്പം കാറ്റു വീശുന്നുണ്ട്. അസ്ഥിര കാലാവസ്ഥയില്‍ അത്യാവശ്യങ്ങള്‍ക്ക് മാത്രം വാഹനങ്ങള്‍ പുറത്തിറക്കിയാല്‍ മതിയെന്ന് ജാഗ്രതാ നിര്‍ദ്ദേശത്തില്‍ പറയുന്നുണ്ട്.

അടിയന്തര സാഹചര്യത്തെ നേരിടാന്‍ മന്ത്രാലയവും ദേശീയ ദുരന്ത നിവാരണ അതോറിറ്റിയും സജ്ജരാണെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇന്നും നാളെയും ചില പ്രദേശങ്ങളില്‍ മേഘാവൃതമായ അന്തരീക്ഷം നിലനില്‍ക്കുമെന്നും മറ്റിടങ്ങളില്‍ വിവിധ തീവ്രതകളില്‍ മഴയും ഇടയ്ക്കിടെ ഇടിയും മിന്നലും ഉണ്ടാകുമെന്നും കലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിപ്പില്‍ പറഞ്ഞു.

ജനുവരിയിലെ തണുപ്പിനിടെ മഴയില്‍ കുളിച്ച് യു.എ.ഇ

അഷറഫ് ചേരാപുരം
ദുബൈ: തണുപ്പിന്റെ കരിമ്പടത്തിനുള്ളില്‍ മഴയുടെ തുടിമുട്ടല്‍. യു.എ.ഇയിലെ മിക്ക സ്ഥലങ്ങളിലും ശനിയാഴ്ച രാവിലെ മുതല്‍ കനത്ത മഴ ലഭിച്ചു. ഈ വര്‍ഷം ലഭിച്ചതില്‍ ഏറ്റവും ശക്തമായ മഴയാണ് ദുബൈ, അബൂദബി, ഷാര്‍ജ എമിറേറ്റുകളില്‍ ലഭിച്ചതെന്ന് കാലാവസ്ഥാ വിഭാഗം. ഫുജൈറ, റാസല്‍ഖൈമ, അജ്മാന്‍, ഉമ്മുല്‍ഖുവൈന്‍ എന്നിവിടങ്ങളിലെ തീരപ്രദേശങ്ങളിലും മലയോരങ്ങളിലും ശക്തമായ മഴയാണ് ലഭിച്ചതെന്നും റിപ്പോര്‍ട്ടുണ്ട്. പലയിടങ്ങളിലും ശക്തമായ ഇടിമിന്നലും അനുഭവപ്പെട്ടു. മഴ ശക്തമായതോടെ വിവിധ സ്ഥലങ്ങളില്‍ റോഡുകളിലടക്കം വെള്ളം നിറഞ്ഞു.

ഞായറാഴ്ചയും വെള്ളക്കെട്ടുകള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കാഴ്ചയായി. വാദികളും താഴ്ന്ന പ്രദേശങ്ങളും വെള്ളത്തില്‍ മുങ്ങിയ സാഹചര്യത്തില്‍ സാഹസിക യാത്രക്ക് മുതിരരുതെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ദുബൈയില്‍ പെയ്ത കനത്ത മഴയുടെ ദൃശ്യങ്ങള്‍ പലരും സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചു. ബര്‍ദുബൈ, ദേര, ജുമൈറ, അല്‍ഖൂസ്, ജബല്‍ അലി, ഇന്റര്‍നാഷനല്‍ സിറ്റി, ഗ്ലോബല്‍ വില്ലേജ്, സിലിക്കണ്‍ ഒയാസിസ് എന്നിവിടങ്ങളിലും കനത്ത മഴയാണ് ലഭിച്ചത്. വെള്ളം കെട്ടിനില്‍ക്കുന്നത് ഒഴിവാക്കാന്‍ നടപടി തുടങ്ങിയിട്ടുണ്ട്.

കനത്ത മഴയിൽ യു.എ.ഇ ; നാളെയും മേഘാവൃതം

യു.എ.ഇയുടെ വിവിധ ഭാഗങ്ങളിൽ ഇന്ന് കനത്ത മഴ രേഖപ്പെടുത്തി. ദുബൈയിലും ഷാർജയിലും രാവിലെ മുതൽ ശക്തമായ മഴയും മിന്നലും കാറ്റുമുണ്ടായി.
ഇന്നും മേഘാവൃതമായ അന്തരീക്ഷം തുടരുമെന്ന് നാഷനൽ സെന്റർ ഓഫ് മീറ്റിയോറളജി അറിയിച്ചു. പൊടിക്കാറ്റിനും 50 കി.മി വരെ വേഗതയിലുള്ള കാറ്റിനും സാധ്യതയുണ്ട്.

മഴ ചൂടു കുറച്ചു
മഴയെ തുടർന്ന് ദുബൈയിലെ താപനിലയും കുറഞ്ഞു. ഇന്ന് ഉച്ചയ്ക്ക് 1.35 ന് ദുബൈയിൽ 21 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്. രാജ്യവ്യാപകമായി നാലു മുതൽ ആറു ഡിഗ്രിവരെ താപനില കുറഞ്ഞു. പടിഞ്ഞാറൻ തീരദേശത്തും അബൂദബിയിലും കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് നൽകി. ശക്തമായ കാറ്റും മേഘങ്ങളും കാരണമാണ് മഞ്ഞ അലർട്ട് നൽകിയത്.

മഴയുള്ളതിനാൽ വാഹനങ്ങൾ ജാഗ്രതയോടെ ഓടിക്കണമെന്ന് കാലാവസ്ഥാ വകുപ്പും ആഭ്യന്തര മന്ത്രാലയവും മുന്നറിയിപ്പ് നൽകി.
ഷാർജയിലും ശക്തമായ മഴയുണ്ടായി. മോശം കാലാവസ്ഥയെ തുടർന്ന് ഷാർജയിലെ പാർക്കുകൾ അടയ്ക്കാൻ മുനിസിപ്പാലിറ്റി നിർദേശം നൽകി. അജ്മാനിൽ ബസ് ഗതാഗതം നിർത്തിവച്ചു. അജ്മാൻ ട്രാൻസ്‌പോർട് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്.

ചിത്രം കടപ്പാട്: മജ്ഞുഷ രാധാകൃഷ്ണൻ, ഗൾഫ് ന്യൂസ്

ഒമാനിൽ ഇന്നും നാളെയും മഴ തുടരും

രാജ്യത്ത് 2023 ജനുവരി 8, ഞായറാഴ്ച രാവിലെ വരെ മഴ തുടരാനിടയുണ്ടെന്ന് ഒമാൻ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ഈ അറിയിപ്പ് പ്രകാരം, ഒമാനിലെ വടക്കന്‍ ഗവർണറേറ്റുകളിൽ ജനുവരി 8-ന് രാവിലെ വരെ മഴ ലഭിക്കാൻ സാധ്യതയുണ്ട്.

അൽ ബുറൈമി, നോർത്ത് അൽ ബതീന, അൽ ദഹിറാഹ് മുതലായ ഗവർണറേറ്റുകളിലും ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്. വെള്ളി, ശനി ദിനങ്ങളിൽ 10 മുതൽ 40 മില്ലീമീറ്റർ വരെ മഴ ലഭിക്കാനിടയുണ്ടെന്നും താഴ്‌വരകളിലും, താഴ്ന്ന പ്രദേശങ്ങളിലും വെള്ളത്തിന്റെ കുത്തൊഴുക്കിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം ചൂണ്ടിക്കാട്ടി.

28 മുതൽ 45 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റടിക്കുന്നതിനും സാധ്യതയുണ്ട്. മുസന്ദം, നോർത്ത് അൽ ബതീന എന്നീ ഗവർണറേറ്റുകളുടെ തീരപ്രദേശങ്ങളിൽ കടൽ പ്രക്ഷുബ്ധമാകാനിടയുണ്ടെന്നും രണ്ട് മുതൽ മൂന്ന് മീറ്റർ വരെ ഉയരത്തിലുള്ള തിരമാലകൾ അനുഭവപ്പെടാനിടയുണ്ടെന്നും ഈ അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.

വെള്ളപ്പൊക്കത്തിനിടയുള്ള മേഖലകളിൽ ജാഗ്രത പുലർത്താൻ സിവിൽ ഏവിയേഷൻ അതോറിറ്റി നിർദ്ദേശിച്ചിട്ടുണ്ട്. ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള കാലാവസ്ഥാ അറിയിപ്പുകൾ പിന്തുടരാനും അധികൃതർ ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

-യു.എ.ഇയിൽ ശനി വരെ മഴ തുടരുമെന്ന് മുന്നറിയിപ്പ്‌

ശനിയാഴ്ച്ച വരെ രാജ്യത്ത് മഴ തുടരുമെന്ന് മുന്നറിയിപ്പ് നൽകി യുഎഇ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വ്യാഴാഴ്ച മുതൽ രാജ്യവ്യാപകമായി മഴ കൂടുതൽ ശക്തി പ്രാപിക്കാനിടയുണ്ടെന്നും, വാരാന്ത്യത്തിൽ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി. രാജ്യത്തിന്റെ വടക്കൻ മേഖലകളിലും, കിഴക്കൻ മേഖലകളിലും, തീരപ്രദേശങ്ങളിലും ഈ ആഴ്ച മുഴുവൻ മഴ ലഭിക്കാനിടയുണ്ടെന്നും അധികൃതർ അറിയിച്ചു. വാരാന്ത്യത്തോടെ കാറ്റ് ശക്തി പ്രാപിക്കുമെന്നും, കടൽ പ്രക്ഷുബ്ധമാകുമെന്നും കാലാവസ്ഥാ കേന്ദ്രം പ്രവചിക്കുന്നു.
വെള്ളി, ശനി ദിവസങ്ങളിൽ സാമാന്യം ശക്തമായ മഴ ലഭിക്കാനിടയുണ്ട്. അബുദാബിയുടെ തീരദേശ മേഖലകളിലും, ദുബായ്, ഷാർജ, അജ്മാൻ, ഉമ്മുൽ ഖുവൈൻ, റാസ് അൽ ഖൈമ എന്നിവിടങ്ങളിലും ഈ ദിവസങ്ങളിൽ ഇടിയോട് കൂടിയ ശക്തമായ മഴ ലഭിക്കും.
-മഴ ശക്തമാകുന്ന പശ്ചാത്തലത്തിൽ അധികൃതർ ജനങ്ങൾക്ക് സുരക്ഷാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. രാജ്യത്തിന്റെ കിഴക്ക് ഭാഗങ്ങളിലും വടക്കൻ മേഖലകളിലും മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിദഗ്ധർ വ്യക്തമാക്കുന്നത്. വാഹനമോടിക്കുമ്പോൾ ഡ്രൈവർമാർ അതീവ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്. കൃത്യമായ അകലം പാലിച്ചു വേണം വാഹനമോടിക്കേണ്ടത്. ഡ്രൈവർമാർ വാഹനമോടിക്കുമ്പോൾ ഇൻഫർമേഷൻ ബോർഡുകളിൽ പ്രദർശിപ്പിച്ചിരിക്കുന്ന വേഗപരിധി പാലിക്കണമെന്നും പോലീസ് ആവശ്യപ്പെട്ടു.

ഗൾഫിൽ മഴ , ആലിപ്പഴ വർഷം , ശൈത്യം തുടരും

ഗൾഫിൽ ശക്തമായ മഴക്ക് സാധ്യത. പലയിടങ്ങളിലായി മഴ, മഞ്ഞുവീഴ്ച എന്നിവയ്ക്കാണ് അടുത്ത ദിവസങ്ങളിൽ സാധ്യത. സൗദിയിൽ മക്ക, ജിദ്ദ, റാബിഗ്, അൽ ബഹ, മദീന മേഖലകളിൽ ഇടത്തരം മഴയും ആലിപ്പഴ വർഷവും ഉണ്ടാകും. യു.എ.ഇ, കുവൈത്ത്, ഖത്തർ, ബഹ്‌റൈൻ രാജ്യങ്ങളിലും മഴക്ക് സാധ്യതയുണ്ട്. വിവിധ രാജ്യങ്ങളിലെ കാലാവസ്ഥാ ഏജൻസികൾ അവിടെയുള്ളവർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

എന്താണ് മഴക്ക് കാരണം?
ചെങ്കടലിൽ നിന്നും മറ്റും കഴിഞ്ഞ ഏതാനും ദിവസമായി അറേബ്യൻ ഉപഭൂഖണ്ഡത്തിലേക്ക് ഈർപ്പ പ്രവാഹമുണ്ട്. മധ്യ, വടക്കൻ സൗദിക്കു മുകളിലൂടെയാണ് മേഘങ്ങൾ കരയറുന്നത്. ആഫ്രിക്കയുടെ മുകളിലൂടെ വരുന്ന ഈർപ്പമുള്ള കാറ്റും അറേബ്യൻ മേഖലയിൽ മഴ നൽകും. ഒപ്പം മധ്യധരണ്യാഴിയിൽ നിന്നുള്ള പശ്ചിമവാതത്തിന്റെ സാന്നിധ്യം മഞ്ഞുവീഴ്ച, മഴ, ആലിപ്പഴ വർഷം എന്നിവയ്ക്ക് കാരണമാകും. ഗൾഫിനു മുകളിലെ കാറ്റിന്റെ ചുഴിക്ക് കൂടി സാധ്യതയുള്ളതിനാൽ അടുത്ത ദിവസങ്ങളിൽ ഇതേ കാലാവസ്ഥ നീണ്ടു നിന്നേക്കാമെന്ന് മെറ്റ്ബീറ്റ് വെതറിലെ നിരീക്ഷകർ പറയുന്നു.

സൗദിയിൽ മഴ തുടരും: സ്കൂൾ പഠനം ഓൺലൈനിലാക്കി

സൗദിയിൽ കഴിഞ്ഞ മൂന്നു ദിവസമായി തുടർന്ന മഴ മൂലം ഇന്നും വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിച്ചില്ല. ഓൺലൈൻ വഴിയാണ് ക്ലാസുകൾ നടക്കുകയെന്ന് അധികൃതർ അറിയിച്ചു. മക്ക, ജിദ്ദ, റാബിഗ് , ഖുലൈസ് മേഖലകളിലാണ് മഴ തുടരുന്നത്. നാഷനൽ സെന്റർ ഓഫ് മീറ്റിയോറോളജിയുടെ പ്രവചനം അനുസരിച്ച് ഇടത്തരം മഴ തുടരും. മക്ക, ജിദ്ദ, റാബിഗ്,അൽ ബഹ എന്നിവിടങ്ങളിലാണ് കൂടുതൽ മഴ സാധ്യത. മഴക്കൊപ്പം ശക്തമായ കാറ്റും ആലിപ്പഴ വർഷവും ഉണ്ടാകും. മക്കയുടെ തീരദേശ മേഖലയിലാണ് കൂടുതൽ സാധ്യത. ജിദ്ദ, അൽ ജുമും, മക്ക സിറ്റി, ബഹ്‌റ, അറഫ, ഖുലൈസ്, ഒസ്ഫാൻ, അൽ കാമിൽ, റാഹത്, മൊദറാക, ഹുദ അൽ ഷാം, തുവാൽ, റാബിഗ് എന്നിവിടങ്ങളിൽ മഴ രേഖപ്പെടുത്തി.

സ്‌കൂളുകൾക്ക് അവധി നൽകി മദ്‌റസത്തി പ്ലാറ്റ്‌ഫോം വഴി ഓൺലൈൻ ക്ലാസിലേക്ക് മാറിയെന്ന് ജിദ്ദ ഗവർണറേറ്റ് ജനറൽ ഡയരക്ടറേറ്റ് ഓഫ് എജ്യുക്കേഷൻ വക്താവ് ഹാമൂദ് അൽ സൊഖൈറാൻ പറഞ്ഞു. കാലാവസ്ഥാ വകുപ്പായ എൻ.സി.എം ന്റെ നിർദേശത്തെ തുടർന്ന് സുരക്ഷയൊരുക്കാനാണിതെന്ന് അദ്ദേഹം പറഞ്ഞു. മക്ക, ജിദ്ദ മേഖലയിലെ യൂനിവേഴ്‌സിറ്റികളിലും അവധി നൽകിയിട്ടുണ്ട്.

55 ഡിഗ്രി ചൂടിലുരുകിയ കുവൈത്തിലെ റോഡുകളിൽ മഞ്ഞു പുതഞ്ഞു

കുവൈത്തിൽ മഴക്കൊപ്പം പെയ്ത മഞ്ഞിൽ റോഡുകളിലും മറ്റും ഗതാഗത തടസം. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് റോഡുകളിൽ മഞ്ഞിന്റെ വലിയ പാളികൾ ദൃശ്യമായത്. മഞ്ഞു നിറഞ്ഞ പാതയിലൂടെ വണ്ടിയോടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു.
തദ്ദേശീയർക്കും വിദേശികൾക്കും നവ്യാനുഭൂതിയായി ഈ കാഴ്ചയെന്ന് കുവൈത്ത് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ 15 വർഷത്തിനിടെ ഇത്രയും മഞ്ഞു മൂടിയ വെളുത്ത റോഡുകൾ കണ്ടിട്ടില്ലെന്ന് കുവൈത്ത് കാലാവസ്ഥാ വകുപ്പിലെ മുൻ ഡയരക്ടർ മുഹമ്മദ് കരാം പറഞ്ഞു.

ഇതിനകം 63 എം.എം മഴ ലഭിച്ചെന്നും തുടർന്നുള്ള ദിവസങ്ങളിൽ കാലാവസ്ഥ മെച്ചപ്പെടുമെന്നും കുവൈത്ത് കാാലാവസ്ഥാ വകുപ്പ് പറഞ്ഞു. രാജ്യത്തിന്റെ തെക്കൻ മേഖലയിൽ ഇടിയോടെ മഴയും മഞ്ഞുവീഴ്ചയുമുണ്ടായി. ഇനിയും ഇടിയോടുകൂടെ മഴയും മണിക്കൂറിൽ 55 കി.മി വേഗതയിലുള്ള കാറ്റും പ്രതീക്ഷിക്കാമെന്നാണ് കാലാവസ്ഥാ പ്രവചനം. ഈ വർഷം കനത്ത ചൂടാണ് കുവൈത്തിൽ ഭൂരിഭാഗം സമയത്തും അനുഭവപ്പെട്ടത്. 55 ഡിഗ്രിവരെ ചൂട് ഇത്തവണ കുവൈത്തിൽ അനുഭവപ്പെട്ടിരുന്നു. കുവൈത്തിൽ മഞ്ഞു വീഴ്ച പതിവുള്ളതല്ല.